ADVERTISEMENT

‘‘ഇരവികുളത്തു പോയിട്ടുണ്ടോ... അവിടെയെന്താ ഉള്ളത് ?’’ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്ഒഎസ്) ഇന്റർവ്യൂവിൽ വിഷ്ണു ദാസിനോടുള്ള ചോദ്യം. പോയിട്ടുണ്ടെന്നും നീലക്കുറിഞ്ഞി കണ്ടിട്ടുണ്ടെന്നും പറഞ്ഞപ്പോൾ ഇന്റർവ്യൂ പാനലിന് ആശയക്കുഴപ്പം.. നീലക്കുറിഞ്ഞി അവർ കേട്ടിട്ടില്ല. പാനലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ബാക്കിയുള്ളവരെ കാര്യം പറഞ്ഞു മനസ്സിലാക്കി വന്നപ്പോഴേക്കും ഇന്റർവ്യൂ രസകരമായി മാറി. ഫലം വന്നപ്പോൾ 16–ാം റാങ്കുമായി വിഷ്ണു കേരളത്തിൽ ഒന്നാമത്. 

വന്ന വഴി

എൻഐടി കോഴിക്കോട്ട് മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞപ്പോൾ മുതൽ സിവിൽ സർവീസായിരുന്നു വിഷ്ണുവിന്റെ ലക്ഷ്യം. എംടെക്കിന് ഐഐടി ഡൽഹി തിരഞ്ഞെടുത്തപ്പോഴും മനസ്സിലുണ്ടായിരുന്നത് കോച്ചിങ് സൗകര്യം. മുൻപു രണ്ടു തവണ പ്രിലിമിനറി എഴുതിയിരുന്നു. ഇത്തവണ ഫോറസ്റ്റ് സർവീസിനും അപേക്ഷിച്ചു. ഫോറസ്റ്റ് സർവീസിനും ഐഎഎസ്, ഐപിഎസ് തുടങ്ങിയ സിവിൽ സർവീസുകൾക്കും ഒരേ പ്രിലിമിനറി പരീക്ഷയാണ്.

ഓപ്ഷനൽ തുണച്ചു

സിവിൽ സർവീസസ് മെയിൻസിനു ശേഷം ഒന്നരമാസം കഴിഞ്ഞായിരുന്നു ഐഎഫ്ഒഎസ് മെയിൻസ്. സിവിൽ സർവീസസിന് കണക്കായിരുന്നു വിഷ്ണുവിന്റെ ഓപ്ഷനൽ. 

ഐഎഫ്ഒഎസ് മെയിൻസിൽ 2 വിഷയങ്ങളാണ് ഓപ്ഷനൽ. അതിലൊന്ന് കണക്കും. അതുകൊണ്ടു തന്നെ ഐഎഫ്ഒഎസ് പരീക്ഷയ്ക്കു കണക്ക് പ്രത്യേകം പഠിക്കേണ്ടി വന്നില്ല. ഫോറസ്ട്രിയായിരുന്നു രണ്ടാമത്തെ ഓപ്ഷനൽ. മുൻകാല ചോദ്യപ്പേപ്പറുകൾ വച്ച് പരീക്ഷയ്ക്കു വേണ്ടതു മാത്രം പഠിച്ചു.

ഇന്റർവ്യൂ സമകാലികം

പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങളാണ് ഇന്റർവ്യൂവിനു ചോദിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെങ്ങും രൂപപ്പെടുന്ന പരിസ്ഥിതി മുന്നേറ്റങ്ങൾ പോലെയുള്ള സമകാലിക സംഭവങ്ങൾ അറിയണം. വനം, വന്യജീവി നിയമങ്ങളും നയങ്ങളും ചോദിച്ചു. 

അട്ടപ്പാടിയിൽ സർക്കാർ പദ്ധതികൾ എങ്ങനെ നടപ്പിലാകുന്നു, അവ മെച്ചപ്പെടുത്താൻ എന്തൊക്കെ   ചെയ്യാൻ സാധിക്കും എന്നതായിരുന്നു ‘കേരള ഫോക്കസ്ഡ്’ ചോദ്യങ്ങളിലൊന്ന്. മൂവാറ്റുപുഴ ഊരമന മഞ്ഞപ്പള്ളിക്കാട്ടിൽ വീട്ടിൽ ദാസിന്റെയും ബിന്ദുവിന്റെയും മകനാണ് വിഷ്ണു. ചന്ദന സഹോദരി.

ഫോറസ്റ്റ് സർവീസിന് ഒഴിവുകൾ  കുറവായതിനാൽ കട്ട് ഓഫ് കൂടുതലായിരിക്കും. ജ്യോഗ്രഫി, ഹിസ്റ്ററി പോലെയുള്ള വിഷയങ്ങൾ ഓപ്ഷനലായി എടുക്കാൻ സാധിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com