ADVERTISEMENT

ഇങ്ങനെ പോയാൽ മനുഷ്യവംശത്തിന്റെ നിലനിൽപ് ഉടൻ തന്നെ ഭീഷണിയിലാകുമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. സംഭവം കുട്ടിക്കളിയല്ലെന്നും ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആഗോളതാപനം (Global Warming) കുറയ്ക്കാൻ രാജ്യങ്ങളെല്ലാം തയാറാവണമെന്നും യുഎൻ തലവൻ ആവശ്യപ്പെട്ടു. ലോകമെങ്ങും ആവർത്തിച്ചുണ്ടാകുന്ന പ്രളയം, അതിവർഷം, കടലേറ്റം, വരൾച്ച, മഹാമാരികൾ, കാട്ടുതീ തുടങ്ങിയവ വരാനിരിക്കുന്ന കൊടുംദുരന്തത്തിന്റെ കാലടിശബ്ദമാണെന്നു ലോകനേതാക്കളും ജനങ്ങളും തിരിച്ചറിയണമെന്നും യുഎൻ മുന്നറിയിപ്പു നൽകുന്നു.

പാരിസ് ഉച്ചകോടി

വരുന്ന 5 വർഷത്തിനുള്ളിൽ ആഗോള താപനില വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ എന്ന പരിധിയിൽ എത്തുമെന്നാണു യുഎൻ മുന്നറിയിപ്പ്. 1850–1900 കാലത്തെ അപേക്ഷിച്ചു ശരാശരി ആഗോള താപനില ഇപ്പോൾത്തന്നെ ഒരു ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ഇതു പരമാവധി 2 ഡിഗ്രിയിൽ പരിമിതപ്പെടുത്തണമെന്നാണ് 2015ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിഷ്കർഷിച്ചിട്ടുള്ളത്. താപനില 1.5 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കുയർന്നാൽ ധ്രുവങ്ങളിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകി കടൽനിരപ്പുയരും. മറ്റ് അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങളുമുണ്ടാകും. ഇതു ഭൂമിയിലെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കും. 2015 ഡിസംബർ 12ന് സ്വീകരിക്കപ്പെട്ട പാരിസ് ഉച്ചകോടിയിലെ തീരുമാനങ്ങൾ 2021 ജനുവരി ഒന്നിനാണു നിലവിൽ വരുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെത്തുടർന്ന് യുഎസ് പാരിസ് ഉടമ്പടിയിൽ നിന്നു പുറത്തുപോയിരുന്നു. എന്നാൽ താൻ സ്ഥാനമേൽക്കുന്ന ആദ്യ ദിനം തന്നെ ഉടമ്പടിയിൽ അമേരിക്ക തിരികെ ചേരുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ഉടമ്പടിയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണു 70 ലോക നേതാക്കളും കാലാവസ്ഥാ ആക്ടിവിസ്റ്റുകളും ബിസിനസ് മേധാവികളും മേയർമാരും പങ്കെടുത്ത കാലാവസ്ഥാ ഉച്ചകോടി കഴിഞ്ഞ ഡിസംബർ 12ന് യുഎൻ ഓൺലൈനായി നടത്തിയത്.

golantharam-un-secretary-general-profile
United Nations Secretary General Antonio Guterres. Photo Credit : Manvender Vashist / PTI Photo

ചൂട് ഉയർന്നാൽ

പക്ഷേ, തങ്ങളുടെ വാഗ്ദാനം പാലിക്കുന്നതിൽ പല ലോകരാഷ്ട്രങ്ങളും പരാജയപ്പെട്ടുവെന്നും ചൂട് അത്യന്തം അപകടകരമായ 3 ഡിഗ്രി കൂടുതൽ എന്ന നിലയിലേക്ക് ഉയരുകയാണെന്നുമാണു ശാസ്ത്രസമൂഹം ആശങ്കപ്പെടുന്നത്. ഇതു ലോകവ്യാപകമായി കാലാവസ്ഥ തകിടം മറിയാനും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ജീവൻ അപകടത്തിലാക്കാനും ഇടയാക്കും. ലോകത്തിലെ ഏറ്റവും ദരിദ്രരായ 50 % ജനങ്ങൾ സൃഷ്ടിക്കുന്ന കാർബൺ ബഹിർഗമനത്തിന്റെ ഇരട്ടിയാണു ലോക സമ്പന്നരിലെ ഒരു ശതമാനം മാത്രം സൃഷ്ടിക്കുന്നതെന്ന അസമത്വത്തിന്റെ ഞെട്ടിക്കുന്ന കണക്കും യുഎൻ പുറത്തുവിട്ടു. ആഗോളതാപനം 2030ൽ രണ്ടു ഡിഗ്രിയിൽ താഴെ നിർത്തണമെങ്കിൽ ആളോഹരി കാർബൺ പാദമുദ്ര (Carbon Footprint) 2.5 ടണ്ണിൽ നിർത്തണം. ലോകത്തെ ദരിദ്രജനങ്ങളിൽ 50 ശതമാനത്തിന്റെ ഉപഭോഗം ഇപ്പോഴേ ഇതിനു താഴെയാണ്. അതേസമയം, ലോകത്തിലെ ധനികരായ 10 ശതമാനം പേരുടെ കാർബൺ ഉപഭോഗം പത്തിലൊന്നായി ചുരുക്കേണ്ടി വരും. പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉപഭോഗം, ഭക്ഷണശീലം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങളിലൂടെ ഓരോ വ്യക്തിക്കും ആഗോള കാർബൺ ഉപഭോഗത്തിൽ കുറവ് വരുത്താനാകുമെന്നും യുഎൻ ചൂണ്ടിക്കാട്ടുന്നു.

golantharam-climate-change
Smoke billows from several chimneys at a factory in Jilin, in north China's Jilin province on November 29, 2009. The EU said on November 30 cataclysmic climate change cannot be averted without Chinese leadership, as the two sides wrapped up a summit with China defending its efforts against global warming. Photo Credit : AFP Photo

അടിയന്തരാവസ്ഥ

കാലാവസ്ഥാഅടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന രാഷ്ട്രങ്ങൾക്ക് അവരുടെ കാർബൺ ബഹിർഗമനത്തിനെതിരായ നടപടികൾ ത്വരിതഗതിയിലാക്കേണ്ടി വരും. 2050നുള്ളിൽ പൂജ്യം ബഹിർഗമനത്തോതിലേക്ക് എത്താനുള്ള വാഗ്ദാനം പല രാഷ്ട്രങ്ങളും നൽകിയിട്ടുണ്ടെങ്കിലും അതിനുള്ള വിശദമായ മാർഗരേഖ പുറത്തിറക്കിയിട്ടുള്ള രാജ്യങ്ങൾ വളരെക്കുറച്ചേയുള്ളൂ. 38 രാഷ്ട്രങ്ങളെങ്കിലും കാലാവസ്ഥാഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചു മുന്നോട്ടു പോകുകയാണെന്നു യുഎൻ പറയുന്നു. കോവിഡ് 19 ഏൽപ്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നു കരകയറുന്നതിനായി പല രാജ്യങ്ങളും കാർബൺ ഉപഭോഗാധിഷ്ഠിത വ്യവസായങ്ങളിലേക്കു പണമൊഴുക്കുകയാണെന്ന ആശങ്കയും യുഎൻ പങ്കുവയ്ക്കുന്നു. ജി–20 രാജ്യങ്ങളിൽ അവയുടെ കോവിഡ് ഉത്തേജക പാക്കേജുകളിലെ അൻപതു ശതമാനത്തിലേറെ തുക ഇത്തരം ഫോസിൽ ഇന്ധന വ്യവസായമേഖലയിലേക്കാണു പോയിരിക്കുന്നതെന്നാണു കണ്ടെത്തിയിട്ടുള്ളത്.

 

ഇന്ത്യയുടെ വാഗ്ദാനം

ലോകത്തിലെ ഏറ്റവും വലിയ കാർബൺ ഉപഭോഗ രാഷ്ട്രമായ ചൈന 2060ൽ കാർബൺ ബഹിർഗമനം പൂജ്യം ശതമാനത്തിലെത്തിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ചൈനയുടെ സൗര, കാറ്റ് വൈദ്യുതി ഉൽപാദനം 2030 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ ഇരട്ടിയായ 1,200 ജിഗാവാട്ടിലെത്തുമെന്നു പ്രസിഡന്റ് ഷി ചിൻപിങ് യോഗത്തിൽ പ്രഖ്യാപിച്ചു. 2030ൽ 450 ജിഗാവാട്ട് ബദൽ ഊർജോൽപാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ൽ ഇന്ത്യ കാർബൺ ഉപഭോഗം കുറയ്ക്കുന്നതിൽ നിലവിലെ ലക്ഷ്യം മറികടക്കുമെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പ്രഖ്യാപിച്ചത്.

ആശങ്കയുടെ പഠനങ്ങൾ

അതേസമയം കാര്യങ്ങൾ വളരെയേറെ വൈകിക്കഴിഞ്ഞുവെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ലക്ഷ്യമിട്ട 2 ഡിഗ്രിയിലേക്ക് ആഗോളതാപനനിരക്ക് കുറയ്ക്കണമായിരുന്നെങ്കിൽ 1960–70 കാലഘട്ടത്തിൽ തന്നെ പൂജ്യം കാർബൺ ബഹിർഗമനത്തിൽ ലോകം എത്തണമായിരുന്നെന്നാണ് ഇവ പറയുന്നത്. തിരിച്ചുപോകാനാകാത്ത 50 വർഷങ്ങൾ നമ്മൾ പിന്നിട്ടു കഴിഞ്ഞുവെന്നും ഇനിയെത്ര വേഗം പൂജ്യം ശതമാനത്തിൽ നമ്മുടെ കാർബൺ ബഹിർഗമനത്തോത് എത്തിയാലും പരിസ്ഥിതി നേരിട്ട ആഘാതത്തിൽ നിന്നു പുറത്തുകടക്കാൻ നൂറ്റാണ്ടുകൾ വേണ്ടിവരുമെന്നും പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു (2019) ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ചേറ്റവും ചൂടു കൂടിയ രണ്ടാമത്തെ വർഷം. 2020 ആ റെക്കോർഡും ഭേദിക്കുമെന്ന ആശങ്കയിലാണു ശാസ്ത്രജ്ഞർ. ധ്രുവങ്ങളിലെ മഞ്ഞുരുകലിന്റെ വേഗം കണക്കുകൂട്ടിയാൽ 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഇപ്പോഴുള്ളതിനേക്കാൾ കുറഞ്ഞത് ഒരു മീറ്ററെങ്കിലും ഉയരുമെന്നു വിവിധ പഠനങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതു തീരപ്രദേശങ്ങളിൽ താമസിക്കുന്ന കോടിക്കണക്കിനു ജനങ്ങളുടെ അതിജീവനത്തെ നേരിട്ടു ബാധിക്കും.

പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽ വീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Golantharam - UN secretary general urges all countries to declare climate emergencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com