ADVERTISEMENT

സ്റ്റീലിനെക്കാൾ ഇരുനൂറു മടങ്ങ് കരുത്ത്. വണ്ടർ മെറ്റീരിയൽ എന്നു വിളിപ്പേര്. ഇലക്ട്രോണിക്സ് വ്യവസായരംഗത്തും മറ്റും ഭാവിയിൽ നിർണായക സ്ഥാനമുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഗ്രാഫീന്റെ ഗവേഷണത്തിൽ (Graphene Research) ലോകത്തിനൊപ്പം അണിചേരുകയാണു കേരളവും.

 

തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള കേരള ഡിജിറ്റൽ സർവകലാശാലയും തൃശൂർ സീമെറ്റും (സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി) ചേർന്ന്, കൊച്ചിയിൽ രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ സ്ഥാപിക്കുന്നു. പൂർണമായും ഗ്രാഫീൻ അധിഷ്ഠിത പ്രായോഗിക പഠനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമാകും ഇത്. നൂതന സോഫ്റ്റ്‌വെയർ രംഗത്ത് ശ്രദ്ധേയ ഗവേഷണങ്ങൾ നടത്തുന്ന ഡിജിറ്റൽ സർവകലാശാല, ഫണ്ടമെന്റൽ, ഹാർഡ്‌വെയർ ഗവേഷണ രംഗത്തും ചുവടുറപ്പിക്കുന്നു. 86.41 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 

 

ടാറ്റാ സ്റ്റീലിന്റെ വ്യാവസായിക പിന്തുണയും സെന്ററിനുണ്ട്. ഡോ.എ.പി.ജയിംസ് (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി), ഡോ.എ.സീമ (സീമെറ്റ്) എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി. ബ്രിട്ടനിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ നാഷനൽ ഗ്രാഫീൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ശാസ്ത്രജ്ഞരും സംരംഭവുമായി സഹകരിക്കുന്നു.

പ്രധാന പഠന പ്രോഗ്രാമുകൾ കൊച്ചിയിലാണെങ്കിലും ചിലതു തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാലാ ക്യാംപസിൽ നടത്താനും സാധ്യതയുണ്ട്.

 

ഭാവിയുടെ കാർബൺ

graphene-research-centre-to-come-up-in-kerala-soon-dr-a-p-james
ഡോ.എ.പി. ജയിംസ്

 

കാർബണിന്റെ രൂപങ്ങളിലൊന്നും സ്ഥിരം കാണപ്പെടുന്നതുമായ ഗ്രാഫൈറ്റ് ഒട്ടേറെ കാർബൺ പാളികൾ ചേർത്തടുക്കിയതുപോലുള്ള ഒരു ഘടനയാണ്. ഇതിന്റെ ഒറ്റപ്പാളിയാണ് സിംഗിൾ ലെയേർഡ് ഗ്രാഫീൻ. രണ്ടു മുതൽ പത്തു വരെ പാളികൾ ചേർന്ന നിലയിലും ഗ്രാഫീനുണ്ട്. ഫ്യൂ ലെയേർഡ് ഗ്രാഫീനുകൾ എന്നറിയപ്പെടുന്ന ഇവയ്ക്കും വ്യത്യസ്തവും ഉപകാരപ്രദവുമായ ഒട്ടേറെ സവിശേഷതകളുണ്ട്.

വൈദ്യുതി, താപം എന്നിവയുടെ ഒന്നാംതരം ചാലകമായ ഗ്രാഫീന് ഇലക്ട്രോണിക്‌സ് മേഖലയിൽ ഒട്ടേറെ സാധ്യതകളുണ്ട്. മറ്റു മൂലകങ്ങളും വസ്തുക്കളുമായി സംയോജിപ്പിച്ച് വളരെ മികച്ച സവിശേഷതകളുള്ള പുതിയ വസ്തുക്കളെ ഗ്രാഫീനുപയോഗിച്ചു നിർമിക്കാനുമാകും. ബാറ്ററി, കംപ്യൂട്ടർ ചിപ്, സൂപ്പർ കപ്പാസിറ്റർ, വാട്ടർ ഫിൽറ്റർ, ആന്റിന, സോളർ സെൽ, ടച്ച് സ്‌ക്രീൻ തുടങ്ങി ഇക്കാലത്ത് ആവശ്യമായ വിഭിന്നമായ ഒട്ടേറെ വസ്തുക്കളുടെ നിർമാണത്തിനു ഗ്രാഫീൻ ഉപയോഗിക്കാം.ഏറ്റവും കരുത്തുറ്റ വസ്തുക്കളിലൊന്നായതിനാൽ നിർമാണമേഖലയിലും സാധ്യതകളുണ്ട്. 2010ൽ കെമിസ്ട്രിയിലെ നൊബേൽ പുരസ്‌കാരം ഗ്രാഫീൻ ആദ്യമായി വേർതിരിച്ചെടുത്ത ആന്ദ്രേ ഗെയിം, കോൺസ്റ്റാന്റിൻ നോവോസെലോവ് എന്നിവർക്കാണു ലഭിച്ചത്. വരുംകാലത്ത് ഏറെ നിർണായകമാകുമെന്നു കരുതപ്പെടുന്ന നാനോടെക്‌നോളജി സാങ്കേതികവിദ്യയിലും ഗ്രാഫീൻ നിർണായകമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്.

 

എംഎസ്‌സി മുതലുള്ള കോഴ്സുകൾ

 

ഗ്രാഫീന്റെ ഉപയോഗങ്ങളിലൂന്നിയ പ്രായോഗിക പഠനവും ഗവേഷണവുമാണ് ഗ്രാഫീൻ സെന്റർ ലക്ഷ്യമിടുന്നതെന്ന് ഡോ.എ.പി.ജയിംസ് പറയുന്നു. ഇലക്ട്രോണിക് മേഖലയിലെ സാധ്യതകളാകും പ്രധാന ഗവേഷണവിഷയം. എംഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി ടെക്, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ കോഴ്‌സുകൾ എന്നിവ ഇക്കൊല്ലവും എംഎസ്‌സി മെറ്റീരിയൽസ് പ്രോഗ്രാം അടുത്തവർഷവും തുടങ്ങും. സയൻസ് ബിരുദമാണ് എംഎസ്‌സി പ്രോഗ്രാമിനുള്ള അടിസ്ഥാന യോഗ്യത. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശനപരീക്ഷയിൽ 50 ശതമാനത്തിലേറെ മാർക്ക് വേണം. ഗേറ്റ്, നെറ്റ് സ്‌കോറുകളുള്ളവർക്ക് പ്രവേശനപരീക്ഷ വേണ്ട. എംഎസ്‌സി, എംടെക് ബിരുദധാരികൾക്കു പിഎച്ച്ഡിക്കും പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ പ്രവേശനത്തിനും അപേക്ഷിക്കാം. 

 

ഇന്ത്യയിലെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇൻക്യുബേറ്ററായ കൊച്ചി മേക്കർ വില്ലേജിന്റെ പങ്കാളിത്തവും വിവിധ കമ്പനികളിലെ ഇന്റേൺഷിപ്, പ്രോജക്ട് ഗവേഷണ അവസരവും കോഴ്‌സുകളുടെ സവിശേഷതയാണ്. 

 

Content Summary : Graphene research centre to come up in Kerala soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com