ADVERTISEMENT

ഓസ്ട്രേലിയയിലെ വിദേശവിദ്യാർഥികളിൽ അഞ്ചിലൊന്നും ഇന്ത്യയിൽനിന്നാണെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം അവിടത്തെ സർക്കാർ പുറത്തിറക്കിയ ഇന്ത്യ ഇക്കണോമിക് സ്ട്രാറ്റജി–2035 റിപ്പോർട്ട്. ഇക്കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിദേശവിദ്യാർഥിസമൂഹം ഇന്ത്യക്കാരാണ്– 19%. (ചൈനീസ് വിദ്യാർഥികൾ 17%). ഈ കണക്കുകളിൽ ഇനിയും കുതിപ്പുണ്ടാകുമെന്നും പ്രതീക്ഷിക്കാം. ഇരുരാജ്യങ്ങളും ഈയിടെ ഒപ്പിട്ട സാമ്പത്തിക സഹകരണ–വ്യാപാര കരാർ ലക്ഷ്യം വയ്ക്കുന്നത് 5 – 7 വർഷത്തിനകം 10 ലക്ഷം തൊഴിലവസരങ്ങളാണ്. ഇന്ത്യൻ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിലെ പഠനശേഷം 4 വർഷം വരെ തൊഴിൽ വീസയും ലഭിക്കും. കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷണർ ബാരി ഒ ഫറെൽ ‘മനോരമ’യോടു സംസാരിക്കുന്നു.

 

∙ കരിയർ,വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണത്തെക്കുറിച്ച്?

 

ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പം മൂലം, വിദേശത്ത് ജോലി ചെയ്യാനും പഠിക്കാനും താൽപര്യപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സ്വാഭാവിക ലക്ഷ്യസ്ഥാനമായി ഓസ്ട്രേലിയ മാറിയിട്ടുണ്ട്. വിദ്യാഭ്യാസയോഗ്യതകൾക്ക് പരസ്പരം അംഗീകാരം നൽകുന്നത് മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും ഉന്നതസർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക കർമസമിതി രൂപീകരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും പ്രഖ്യാപനം നടത്തിയിരുന്നു. ഓൺലൈൻ, ബ്ലെൻഡഡ് ലേണിങ്, ജോയിന്റ് ഡിഗ്രി, ഓഫ്ഷോർ ക്യാംപസുകൾ എന്നിവയിലൂടെയുള്ള വിദ്യാഭ്യാസയോഗ്യതകളുടെ അംഗീകാരമാകും പ്രധാനമായും പരിഗണിക്കുക. ഇതുവഴി ഇരുരാജ്യങ്ങളിലുമുള്ള വിദ്യാർഥികൾ, അധ്യാപകർ, പ്രഫഷനലുകൾ എന്നിവർക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിൽ കൂടുതൽ സൗകര്യം ലഭിക്കും. കർമസമിതി ഈ വർഷം പകുതിയോടെ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം മുതൽ ഇത് നടപ്പിൽ വരും. വൊക്കേഷണൽ വിദ്യാഭ്യാസ പരിശീലനവുമായി (വിഇടി) ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ മികച്ച നയപരമായ സഹകരണവുമുണ്ട്. വൊക്കേഷനൽ വിദ്യാഭ്യാസത്തിന് ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിൽ വലിയ പ്രാധാന്യം നൽകിയിട്ടുള്ളതിനാൽ തൊഴിൽ ഉറപ്പായ ബിരുദധാരികളുടെ എണ്ണം ഇതുവഴി വർധിക്കുമെന്നാണ് പ്രതീക്ഷ.

Indian Student enrolment 2012 - 2020

 

∙ വ്യാപാര കരാർ അനുസരിച്ച് ഇന്ത്യൻ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിലും ഓസ്ട്രേലിയൻ വിദ്യാർഥിക്ക് തിരിച്ച് ഇന്ത്യയിലും പഠനത്തിനു ശേഷം 4 വർഷം വരെ തൊഴിൽ വീസ നൽകാനുള്ള പദ്ധതിയുണ്ടല്ലോ. ഇതെങ്ങനെയാണ് നടപ്പാക്കുന്നത്?

 

പരസ്പരമുള്ള വിജ്ഞാനകൈമാറ്റം ലക്ഷ്യംവച്ചാണ് ഇത്തരമൊരു നീക്കം. ഡിപ്ലോമ പോലെയുള്ള കോഴ്സുകൾ കഴിഞ്ഞവർക്ക് ഒന്നര വർഷം വരെയും ബിരുദം കഴിഞ്ഞവർക്ക് 2 വർഷം വരെയും പിജി കഴിഞ്ഞവർക്ക് 3 വർഷം വരെയുമാണ് താൽക്കാലിക തൊഴിൽ വീസ നൽകുക. ഡോക്ടറൽ ഡിഗ്രിയുള്ളവർക്ക് പഠനം കഴിഞ്ഞ് 4 വർഷം തുടരാം. ഇതിൽ തന്നെ ഫസ്റ്റ് ക്ലാസ് (ഓണേഴ്സ്) നേടുന്ന ബിരുദ വിദ്യാർഥിക്ക് രണ്ടിനു പകരം 3 വർഷം അവിടെ തുടരാം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ആൻഡ് കമ്യുണിക്കേഷൻസ് ടെക്നോളജി (ഐസിടി) തുടങ്ങിയ വിഷയങ്ങളിലുള്ളവർക്കാണിത് ബാധകമാവുക.

 

∙ ഓസ്ട്രേലിയ–ഇന്ത്യ സ്കിൽസ് പോർട്ടൽ വരുന്നുവെന്നു കേട്ടു?

 

ഇൻഡസ്ട്രിയുടെ പിന്തുണയോടെ ഓസ്ട്രേലിയയിലെ വൊക്കേഷണൽ വിദ്യാഭ്യാസ–പരിശീലന മേഖലയിലെ (വിഇടി) സ്ഥാപനങ്ങൾ, ഇന്ത്യൻ ബിസിനസുകൾ, സർക്കാർ, വിദ്യാർഥികൾ, തൊഴിൽദാതാക്കൾ എന്നിവ ചേരുന്നതായിരിക്കും പുതിയതായി വരുന്ന ഓസ്‍ട്രേലിയ ഇന്ത്യ ഫ്യൂച്ചർ സ്കിൽസ് പദ്ധതി. ഇന്ത്യയിലെ വർക്ഫോഴ്സിന് ഓസ്ട്രേലിയൻ വിഇടി പ്രോഗ്രാമുകളിലൂടെ അപ്സ്കിൽ ചെയ്യുകയാണ് ലക്ഷ്യം. യുവ ജനസംഖ്യ വർധിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. ഇന്ത്യയിൽ ഓരോ മാസവും 18 തികയുന്നവരുടെ എണ്ണം 10  ലക്ഷം കടക്കുന്നുവെന്നാണല്ലോ കണക്ക്. ഇതിനു പുറമേ ഓസ്ട്രേലിയ ഇന്ത്യ ഇന്നവേഷൻ നെറ്റ്‍വർക്ക് എന്ന പദ്ധതിയും ഉടൻ വരും. ഓസ്ട്രേലിയൻ ടെക്നോളജി കമ്പനികൾക്ക് ഇന്ത്യയുടെ അതിവേഗം വളരുന്ന ഇന്നവേഷൻ മേഖലയെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരിക്കുമിത്.

 

∙ ഓസ്ട്രേലിയയുടെ മൈത്രി സ്കോളർഷിപ് എങ്ങനെ ഇന്ത്യയ്ക്ക് ഗുണകരമാകും?

 

ഇന്ത്യൻ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിലെ പ്രമുഖ സർവകലാശാലകളിൽ പഠിക്കുന്നതിനായി 1.1 കോടി ഡോളർ ചെലവിൽ ഈ ഫെബ്രുവരിയിൽ ആരംഭിച്ചതാണ് മൈത്രി സ്കോളർഷിപ്. വിദ്യാർഥികൾക്കിടയിലെ ഭാവി നേതാക്കളെ (ഫ്യൂച്ചർ ലീഡേഴ്സ്) കണ്ടെത്താനും അവരെ തമ്മിൽ ബന്ധിപ്പിക്കാനുമായി 35 ലക്ഷം ഡോളർ ചെലവഴിക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഗവേഷണ ശക്തിപ്പെടുത്താനുള്ള ഓസ്ട്രേലിയൻ റിസർച്ചർ കോ–ഓപ്പറേഷൻ ഹബ് ഇന്ത്യയുമായി (എആർസിഎച്ച്–ഇന്ത്യ) ബന്ധപ്പെട്ടാണ് സ്കോളർഷിപ് നൽകുന്നത്. ഓസ്ട്രേലിയ ഫണ്ട് ചെയ്യുന്ന എആർസിഎച്ചിന് പിന്തുണ നൽകുന്നത് ഇന്ത്യയിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ്.

 

∙ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും സർവകലാശാലകൾ തമ്മിലുള്ള പങ്കാളിത്തവും എങ്ങനെ?

 

കോവിഡ് കാലത്ത് ഓസ്ട്രേലിയൻ, ഇന്ത്യൻ സർവകലാശാലകൾ ഒട്ടേറെ പങ്കാളിത്തപദ്ധതികൾ ഏർപ്പെട്ടിട്ടുണ്ട്. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിനു പുറമേ ഫാക്കൽറ്റി എക്സ്ചേഞ്ച്, ട്വിന്നിങ് പ്രോഗ്രാം എന്നിവയ്ക്കും ധാരണയായിട്ടുണ്ട്. ട്വിന്നിങ് പ്രോഗ്രാം അനുസരിച്ച് ബിരുദവിദ്യാർഥിക്ക് ആദ്യ വർഷം ഇന്ത്യയിലും തുടർന്നുള്ള 2 വർഷം ഓസ്ട്രേലിയയിലും അവസരം ലഭിക്കും. 

 

∙ ഓസ്ട്രേലിയയിലേക്ക് പോകാൻ താൽപര്യമുള്ള ഇന്ത്യൻ വിദ്യാർഥികളോടും പ്രഫഷണലുകളോടും പറയാനുള്ളത്?

 

ഇവർക്ക് ഇരുസർക്കാരുകളുടെയും പിന്തുണയുണ്ടാകുമെന്ന് ഉറപ്പായും പറയാം. ഇന്ത്യക്കാരായ 7 ലക്ഷത്തോളം പേർ ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിക്കഴിഞ്ഞു. ഇത് ഞങ്ങളുടെ ജനസംഖ്യയുടെ 3 ശതമാനത്തോളം വരും. ഇതിനു പുറമേ ഒരു ലക്ഷത്തോളം വിദ്യാർഥികളും പഠനത്തിനായി ഓസ്ട്രേലിയയിൽ വരുന്നു. എല്ലാവർക്കുമറിയാവുന്നതു പോലെ ഓസ്ട്രേലിയയിലെ പഠന,തൊഴിൽ,ജീവിത അന്തരീക്ഷം ലോകോത്തരനിലവാരത്തിലുള്ളതാണ്.

 

Content Summary :  Interview With Australia's High Commissioner to India Barry O'Farrell 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com