ADVERTISEMENT

വൈദ്യുത വാഹനങ്ങളുടെ ബോഡി തന്നെ ബാറ്ററിക്കൊപ്പം ഊർജശ്രോതസ്സായി ഉപയോഗിക്കുക... ഒപ്പം വർധിത കരുത്ത് അടക്കം മറ്റനേകം ഗുണങ്ങളും. കാർബൺ ഫൈബർ കോംപസിറ്റ് വസ്തു ഉപയോഗിച്ചുള്ള ബോഡി ഷെൽ ഗവേഷണത്തിലൂടെ സാധ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലുള്ള ഗവേഷണസംഘം. ഇവിടത്തെ നാനോടെക്നോളജി, മെറ്റീരിയൽസ് സയൻസ്, ഫോട്ടോണിക്‌സ് വിഭാഗങ്ങളിലെ പ്രഫസറായ ഡോ. ജയൻ തോമസാണു ഗവേഷണത്തിനു നേതൃത്വം വഹിച്ചത്. നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ഗവേഷകൻ ലൂക് റോബർസൻ, ഇന്ത്യൻ വംശജരായ കൗശിക് സമ്പത്ത് കുമാർ, ദീപക് പാണ്ഡേ തുടങ്ങിയവരാണ് ഗവേഷണത്തിൽ പങ്കെടുത്ത മറ്റുള്ളവർ. പവർ സ്യൂട്ട് പ്രോജക്ട് എന്ന പേരിലാണു ഗവേഷണം അറിയപ്പെടുന്നത്.

 

കാർബൺ ഫൈബർ പാളികൾ, ഗ്രാഫീൻ തുടങ്ങിയ അത്യാധുനിക നാനോ പദാർഥങ്ങളും വെള്ളവും കലർത്തി ഉപയോഗിച്ചാണു വാഹനബോഡി നിർമിക്കാനുള്ള കോംപസിറ്റ് യാഥാർഥ്യമാക്കിയത്. കാറിന്റെ വൈദ്യുതി ആവശ്യത്തിൽ ബാറ്ററി നൽകുന്നതിന്റെ 25 ശതമാനം അധിക ഊർജം ഈ വസ്തുവിൽ നിർമിച്ച ബോഡി ഷെൽ നൽകും. വാഹനത്തിന്റെ പവർ വർധിപ്പിച്ച് പൂജ്യത്തിൽ നിന്ന് 96.5 കിലോമീറ്റർ എന്ന വേഗം കൈവരിക്കാൻ 3 സെക്കൻഡുകൾ മാത്രമെടുക്കുന്ന സാഹചര്യവും ഈ സവിശേഷ കോംപസിറ്റ് നടപ്പാക്കും. സ്റ്റീലിനെക്കാൾ കരുത്തുറ്റതും അലുമിനിയത്തേക്കാൾ ഭാരം കുറഞ്ഞതുമായ ഈ വസ്തു കാറിന്റെ മൊത്തം ഭാരത്തിലും കുറവു വരുത്തും. 

 

ചുരുക്കത്തിൽ വാഹനത്തിന്റെ ഭാരം വർധിപ്പിക്കാതെ തന്നെ നിലവിലെ ബാറ്ററി ശേഷിയേക്കാൾ കൂടുതൽ ഊർജം നൽകുക എന്ന അവസ്ഥയിലേക്ക് ഈ കോംപസിറ്റ് നയിക്കും. വിഷാംശമോ സ്ഫോടനസാധ്യതയോ ഇതിനില്ല. ബ്രേക്ക് ചവിട്ടുമ്പോൾ ഊർജം സംഭരിക്കാനുള്ള ശേഷിയും ഈ കോംപസിറ്റ് വസ്തുവിനുണ്ട്. ബ്ലാക്ക് പാന്ഥർ എന്ന മാർവൽ കഥാപാത്രത്തിനു നേരെ വെടിവയ്ക്കുമ്പോൾ വെടിവയ്പിൽ നിന്നുള്ള ഊർജം ബ്ലാക് പാന്ഥറിന്റെ സ്യൂട്ട് പിടിച്ചെടുക്കാറുണ്ട്. തങ്ങളുടെ നവീന ഗവേഷണത്തെ ബ്ലാക് പാന്ഥറുമായാണ് ഗവേഷണ സംഘത്തിൽ ഉൾപ്പെട്ട ദീപക് പാണ്ഡേ ഉപമിക്കുന്നത്.

 

ഗവേഷണം ‘സ്മോൾ’ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു. ലോകപ്രശസ്ത ശാസ്ത്രമാസികയായ നേച്ചർ മെറ്റീരിയൽസ് ഒരു പ്രത്യേക റിപ്പോർട്ടും ഇതെക്കുറിച്ച് പ്രസിദ്ധീകരിച്ചു.

 

jayan

വാഹനങ്ങളിൽ മാത്രമല്ല, ഭാവിയിലെ ഉപഗ്രഹങ്ങൾ, അന്യഗ്രഹ ഗവേഷണ, പാർപ്പിട കേന്ദ്രങ്ങൾ, ആധുനിക വെർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ എന്നിവയിലെല്ലാം ഇതുപയോഗിക്കാമെന്ന് ലൂക് റോബർസൻ പറയുന്നു.

 

യുഎസ് നാഷനൽ സയൻസ് ഫൗണ്ടേഷനാണ് ഗവേഷണത്തിനു ഫണ്ടിങ് നൽകിയത്. ഡോ.ജയൻ തോമസ് വാഴൂർ കാഞ്ഞിരപ്പാറ പൂവത്തുമ്മണ്ണിൽ പി.സി. തോമസിന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഒർലാൻഡോയിൽ കോളജ് പ്രഫസറായ എറണാകുളം പൂതുള്ളിൽ ലിന്റയാണു ഭാര്യ.മെറിൻ, ജൂഡിൻ, ജോയ്‌സ് എന്നിവരാണു മക്കൾ. 

 

കണ്ടുപിടിത്തങ്ങൾക്കുള്ള ഓസ്കർ എന്നറിയപ്പെടുന്ന പ്രശസ്തമായ ആർ ആൻഡ് ഡി മാഗസിൻ പുരസ്കാരം പ്രഫ. ജയൻ തോമസിന് 2015ൽ ലഭിച്ചിരുന്നു. വൈദ്യുതി കടത്തിവിടുന്ന ചെമ്പുകമ്പികളിൽ വൈദ്യുതോർജം സംഭരിക്കാൻകൂടി കഴിയുമെന്ന കണ്ടുപിടിത്തമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 

 

അതിനു മുൻപ് നാഷനൽ സയൻസ് ഫൗണ്ടേഷന്റെ കരിയർ അവാർഡും സെൻട്രൽ ഫ്ലോറിഡ സർവകലാശാല എക്സലൻസ് ഇൻ റിസർച്ച് അവാർഡും നാനോ ടെക്നോളജി ഇന്നവേഷനുള്ള വീകോ അവാർഡും ലഭിച്ചിട്ടുണ്ട്.

 

കൊച്ചിൻ സർവകലാശാലയിൽ നിന്നു കെമിസ്ട്രി/ മെറ്റീരിയൽ സയൻസിൽ പിഎച്ച്ഡി നേടിയ ഡോ. ജയൻ, ആണവോർജ വകുപ്പിന്റെ ഡോ. കെ.എസ്.കൃഷ്ണൻ ഫെലോഷിപ് നേടിയിട്ടുണ്ട്. 2001ൽ അരിസോന സർവകലാശാലയിൽ ശാസ്ത്രജ്ഞനായാണ് ഡോ. ജയൻ, യുഎസിലെ തന്റെ ഗവേഷണ ജീവിതം തുടങ്ങിയത്. 2011ൽ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിലെത്തി. 130ൽ അധികം പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഗ്രാഫീനെക്കുറിച്ച് വിവിധ തലങ്ങളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനാണ്.

 

Content Summary: University Of Central Florida Research Team Jayan Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com