അപ്ഗ്രഡേഷൻ കിട്ടാത്തവർ രണ്ടാം റൗണ്ടിൽ തുടരും, വിട്ടുപോരാൻ അനുമതി കിട്ടില്ല, മെഡിക്കൽ : യുജി രണ്ടാം റൗണ്ട് കൗൺസലിങ്ങിൽ ശ്രദ്ധിക്കാം
Mail This Article
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ദേശീയതലത്തിൽ നടത്തുന്ന എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ് കൗൺസലിങ് സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി. പുതുക്കിയ സമയക്രമമനുസരിച്ച്, രണ്ടാം റൗണ്ടിൽ 13ന് രാവിലെ 10 വരെ റജിസ്റ്റർ ചെയ്യാം. 12 വരെ ഫീസടയ്ക്കാം. 13നു വൈകിട്ട് 4.55 വരെ ചോയ്സ് ഫില്ലിങ്. ലോക്കിങ് 13ന് ഉച്ചതിരിഞ്ഞ് 3 മുതൽ 5 വരെ. താൽക്കാലിക റിസൽറ്റ് 14ന്. കോളജിൽ റിപ്പോർട്ടിങ് 15 മുതൽ. സംസ്ഥാനങ്ങളിലെ രണ്ടാം റൗണ്ട് കൗൺസലിങ്ങിൽ യുക്തമായ മാറ്റം വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്.
പങ്കെടുക്കുന്ന പല വിദ്യാർഥികളുടെയും അപേക്ഷ പരിഗണിച്ച് ആദ്യറൗണ്ടിലെ സീറ്റ് വിട്ടുപോരാൻ ഇന്ന് ഉച്ചകഴിഞ്ഞ് 3 വരെ സമയം അനുവദിച്ചു. ഇങ്ങനെ വിട്ടുപോരാത്തവരെ രണ്ടാം റൗണ്ടുകാരായി പരിഗണിക്കും. അലോട്മെന്റ് കിട്ടിയ കോളജിലെ അധികാരികൾ വിടുതലലിനുള്ള കത്ത് (റസിഗ്നേഷൻ ലെറ്റർ) എംസിസി പോർട്ടലിലൂടെ ജനറേറ്റ് ചെയ്തെന്ന് വിദ്യാർഥി ഉറപ്പാക്കണം. ഇതു ചെയ്യാത്തപക്ഷം രണ്ടാം റൗണ്ടുകാരനായി പരിഗണിക്കപ്പെടും. രണ്ടാം റൗണ്ടിലെ വ്യവസ്ഥകൾ പാലിക്കേണ്ടിവരും. വിട്ടുപോരാൻ കോളജിലേക്ക് ഇമെയിൽ വഴി ആവശ്യപ്പെട്ടവർ എംസിസി പോർട്ടലിൽനിന്ന് വിടുതൽ കത്ത് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
അപ്ഗ്രഡേഷനു സമ്മതം നൽകി രണ്ടാം റൗണ്ടിൽ പങ്കെടുത്തെങ്കിലും, അപ്ഗ്രഡേഷൻ കിട്ടാത്തവർ രണ്ടാം റൗണ്ടിൽ തുടരും. വിട്ടുപോരാൻ അനുമതി കിട്ടില്ല. വിശദവിവരങ്ങൾക്ക് https://mcc.nic.in.
Content Summary : NEET UG 2022 Round 2 Counselling