ADVERTISEMENT

എങ്ങനെ ജീവിക്കണം എന്നു തീരുമാനിക്കുന്നതുപോലെ പ്രധാനമാണ് ഏത് കരിയർ തിരഞ്ഞെടുക്കണം എന്നത്. ഒന്നോ രണ്ടോ വർഷത്തേക്കല്ല കരിയർ രൂപപ്പെടുത്തുന്നത്. അഞ്ചോ പത്തോ വർഷത്തേക്കുമല്ല. ഒരു ജീവിതകാലത്തേക്കാണ്. കരിയർ ഒരു വ്യക്തിയുടെ മാത്രമല്ല കുടുംബത്തിന്റെ തന്നെ ജീവിതവും ഭാവിയും തീരുമാനിക്കുന്നു. ബിരുദം പൂർത്തിയാക്കി ജോലിക്കു കയറാൻ ശ്രമിക്കുന്ന യുവാവിന്റെ റെസ്യൂമെയിൽ കരിയർ ഫോക്കസും ഉണ്ടാകും. ഭാവിയിൽ എന്താകാൻ ആഗ്രഹിക്കുന്നു, ഏതു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഫോക്കസിന്റെ ഉള്ളടക്കം. എന്നാൽ, കുറച്ചു വർഷങ്ങൾ ജോലി ചെയ്തതിനു ശേഷം മധ്യവയസ്സിൽ തൊഴിൽ മേഖല മാറാൻ ശ്രമിക്കുന്ന വ്യക്തിയുടെ ഫോക്കസ് പുതുതായി ബിരുദം നേടിയ വ്യക്തിയുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഒരു വ്യക്തിയെ ജോലിക്കു തിരഞ്ഞെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ സ്ഥാപനത്തെ സഹായിക്കുന്നതാണ് ഫോക്കസിനെക്കുറിച്ചുള്ള വിവരണം. നാളെ എന്താകാൻ ആഗ്രഹിക്കുന്നു എന്നു മാത്രമല്ല, കാഴ്ചപ്പാട്, ജീവിതരീതി, ലക്ഷ്യങ്ങൾ എന്നിവയെല്ലാം കരിയർ ഫോക്കസിൽ പ്രതിഫലിക്കുന്നു. അതിനാൽ ഏതു ജോലിക്കു ശ്രമിക്കുമ്പോഴും കരിയർ ഫോക്കസ് എഴുതുമ്പോൾ ഏറെ ശ്രദ്ധിക്കണം. ചെറിയൊരു പാളിച്ച പോലും നഷ്ടപ്പെടുത്തുന്നത് ജീവിതത്തിലെ വളരെ വലിയ അവസരമായിരിക്കും. 

Read Also : റെസ്യൂമെയിൽ ഇഷ്ടപ്പെട്ട കമ്പനിയുടെ പേര് വയ്ക്കണോ

ബിരുദധാരിയുടെ കരിയർ ഫോക്കസ് 

 

പുതിയ ബിരുദധാരി ജോലിക്കു കയറാൻ ശ്രമിക്കുന്നതിനിടെ തയാറാക്കുന്ന റെസ്യൂമെയിൽ കരിയർ എന്നാൽ ലക്ഷ്യം തന്നെയായിരിക്കും എഴുതുന്നത്. വേറൊരു ജോലിയും ചെയ്തിട്ടില്ലാത്ത വ്യക്തിയായതിനാൽ അനുഭവ പരിചയമില്ലാതെയായിരിക്കും ലക്ഷ്യത്തെക്കുറിച്ച് എഴുതുന്നത്. വ്യക്തിവിവരങ്ങൾക്കു താഴെയായി എല്ലാവരും റെസ്യൂമെയിൽ കരിയറിനെക്കുറിച്ച് എഴുതുന്നു. 

 

ആഗ്രഹങ്ങളും പ്രതീക്ഷകളും ഭാവി സ്വപ്നങ്ങളും തന്നെയായിരിക്കും അത്. പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയതിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചാൽ കഠിനാധ്വാനം ചെയ്യാമെന്നും സ്ഥാപനത്തെ വളർച്ചയിലേക്കു നയിക്കാൻ പ്രയത്നിക്കുമെന്നുമൊക്കെയായിരിക്കും ബിരുദധാരിയുടെ റെസ്യൂമെയിൽ കരിയർ ഫോക്കസ് എന്നിടത്ത് എഴുതുക. അക്കാദമിക് യോഗ്യതയ്ക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും അടിവരയിട്ടു പറയാറുണ്ട്. ഹോബികൾ, താൽപര്യങ്ങൾ, സവിശേഷ കഴിവുകൾ, ഏതു സ്ഥാപനത്തിലാണ് പരിശീലനം പൂർത്തിയാക്കിയത് തുടങ്ങിയ വിവരങ്ങളും വിശദമായി എഴുതുന്നു. 

 

മധ്യവയസ്സിൽ 

 

ഏതെങ്കിലുമൊരു സ്ഥാപനത്തിൽ കുറച്ചു വർഷങ്ങൾ ജോലി ചെയ്യുന്നതോടെ എല്ലാ വ്യക്തികൾക്കും ആവശ്യത്തിന് തൊഴിൽ പരിചയം ലഭിച്ചിട്ടുണ്ടാകും. ജോലി എന്നാൽ എന്താണെന്നും കരിയറിന്റെ പ്രത്യേകതയും ഉയർച്ച താഴ്ചകളുമൊക്കെ മനസ്സിലാക്കാനും കഴിയും.  10–15 വർഷം ജോലി ചെയ്യുമ്പോഴേക്കും കഴിവുള്ള ഒരു വ്യക്തി മാനേജ്മെന്റ് ലെവലിനു താഴെ വരെ എത്തിയിരിക്കും. വൈസ് പ്രസിഡന്റ് അല്ലെങ്കിൽ ഡയറക്ടർ എന്ന പദവിയായിരിക്കും കാത്തിരിക്കുന്നത്. ഈ ഘട്ടത്തിൽ റെസ്യൂമെ തയാറാക്കുകയാണെങ്കിൽ പഠനത്തെക്കുറിച്ചോ മാർക്കുകളെക്കുറിച്ചോ ഭാവി പ്രതീക്ഷകളെക്കുറിച്ചോ ആയിരിക്കില്ല വിവരണം. പകരം, കഴിഞ്ഞ വർഷങ്ങളിൽ ജോലിയിലൂടെ ആർജിച്ച അനുഭവ പരിചയത്തെക്കുറിച്ചും ഏതൊക്കെ മേഖലയിൽ കഴിവ് തെളിയിച്ചു എന്നുമായിരിക്കും വിവരിക്കുക. തന്റെ കഴിവുകളും കഴിഞ്ഞ കാലത്തെ പ്രകടനവും നോക്കി മികച്ച  പദവിയായിരിക്കും ലക്ഷ്യമിടുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ലഭിക്കാവുന്നതിനേക്കാൾ മികച്ച പദവിയായിരിക്കും ലക്ഷ്യം വയ്ക്കുന്നത്. നേതൃശേഷിയുള്ള വ്യക്തിയെയാണ് തേടുന്നതെങ്കിൽ അതിന് ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്നായിരിക്കും പരിചയപ്പെടുത്തൽ. പല കാലങ്ങളിലും വയസ്സിലും റെസ്യൂമെ തയാറാക്കുമ്പോഴും കരിയർ ഫോക്കസ് എഴുതുമ്പോഴും ഈ വ്യത്യാസം പ്രകടമാണ്. 

 

റീ ബ്രാൻഡിങ് 

 

നിരന്തരമായി ജോലി അന്വേഷിക്കുന്നവരും ജോലി ചെയ്തതിൽ നിന്നു വ്യത്യസ്തമായി മറ്റു ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരും തങ്ങളുടെ കഴിവുകളും ഏതു ജോലിയിലും ശോഭിക്കാവുന്ന പ്രത്യേകതകളുമായിരിക്കും എടുത്തുപറയുന്നത്. വർഷങ്ങളോളം ആരോഗ്യ മേഖലയിൽ ജോലി ചെയ്ത വ്യക്തിയാണെന്നിരിക്കട്ടെ. സ്വന്തം കഴിവുകൾ നിലവിലെ ജോലിയിൽ സമർഥമായി ഉപയോഗിക്കാനായിട്ടില്ലെന്ന നിരാശ അലട്ടുന്നുമുണ്ടാവും. മറ്റൊരു വ്യത്യസ്തമായ മേഖല ഈ ഘട്ടത്തിൽ തിരഞ്ഞെടുക്കാവുന്നതാണ്. ആരോഗ്യ മേഖലയിൽ നിന്നു വ്യത്യസ്തമായ ഒരു ജോലി തന്നെ ലക്ഷ്യം വയ്ക്കാവുന്നതാണ്. ആർജിച്ച കഴിവുകളും അനുഭവ പരിചയവും വെറുതെയാകുന്നില്ല. നേതൃശേഷിയും അധിക യോഗ്യതയായിത്തന്നെ പരിഗണിക്കാം. 

 

വർഷങ്ങളോളം നഴ്സായി ജോലി ചെയ്ത വ്യക്തി ജീവിതകാലം മുഴുവൻ നഴ്സായിത്തന്നെ ജോലി ചെയ്യണം എന്നില്ല. ഏതു ഘട്ടത്തിലും ജോലി മാറാവുന്നതാണ്. രോഗികളുമായി നേരിട്ടു ബന്ധപ്പെടുന്നതിൽ നിന്നു മാറി നഴ്സിങ്ങുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിൽ നഴ്സ് കൺസൾട്ടന്റ് എന്ന പദവിക്കുവേണ്ടി ശ്രമിക്കാവുന്നതാണ്. നഴ്സ് എന്ന നിലയിൽ ജോലി ചെയ്ത കാലത്ത് ആർജിച്ച കഴിവുകളായിരിക്കും ഇവിടെ പ്രധാന മാനദണ്ഡമാവുക. ഏതു ജോലി ചെയ്യുമ്പോഴും ആ ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും പരമാവധി വിവരങ്ങൾ പഠിക്കുകയും ജോലിയുടെ എല്ലാ വശങ്ങളും സ്വായത്തമാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. 

 

ജോലിയിലെ റീഎൻട്രി 

 

മധ്യവയസ്സിൽ പുതിയൊരു ജോലിക്കുവേണ്ടി ശ്രമിക്കുന്നത് വിഷമകരമായ അവസ്ഥയാണ്. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ വേണ്ടത് മികച്ച കഴിവുകളും അനുഭവസമ്പത്തുമാണ്. ജോലിയിൽ നിന്നു മാറി കുടുംബ കാര്യങ്ങൾ നോക്കാൻവേണ്ടി കുറച്ചുകാലമെങ്കിലും മാറി നിന്ന വ്യക്തിയാണെങ്കിൽ സ്വന്തം സാഹചര്യം വിശദീകരിച്ച് വിശദമായ കുറിപ്പ് തയാറാക്കേണ്ടിവരും. എന്നാൽ, രണ്ടു കുട്ടികളുടെ അമ്മയാണെന്നും കുറച്ചു നാളുകളായി ജോലിയിൽ നിന്നു മാറിനിന്ന വ്യക്തിയാണെന്നുമൊന്നും എഴുതണമെന്നില്ല. തൊഴിൽദാതാവിന് മുൻവിധി തോന്നിപ്പിക്കുന്ന വിവരങ്ങൾ പരമാവധി ഒഴിവാക്കണം. സജീവമായ ജോലിയിൽ നിന്നു മാറിനിന്ന കാലത്തും ഫ്രീലാൻസായിട്ടു ജോലി ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യവും ഏറ്റവും പുതിയ വിവരങ്ങൾ വരെ അറിയാമെന്നതും വ്യക്തമായി പറയണം. ഇങ്ങനെ ചെയ്താൽ ജോലിയിൽ നിന്നു മാറിനിന്നു എന്നത്  അപര്യാപ്തതയായി കാണുന്നതിനു പകരം അധിക യോഗ്യതയായിത്തന്നെ പരിഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കാനാവും. 

 

Content Summary : What to put in Career Focus on a resume

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com