അധ്യാപക പ്രോഗ്രാമുകൾ ചെയ്യാം മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ; പ്രവേശനപരീക്ഷ ജൂലൈ രണ്ടിന്
Mail This Article
എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനമായ മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ (ആർഐഇ) പ്രവേശനത്തിനു ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്: www.riemysore.ac.in / https://cee.ncert.gov.in.
Read Also : ജെഇഇ മെയിൻ, അറിയാം പ്രവേശന സാധ്യതകൾ
പ്രവേശനപരീക്ഷയുണ്ട്. അജ്മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനവും ഈ സ്കീമിൽപെടുമെങ്കിലും, ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർക്കു മൈസൂരുവിലാണ് അവസരം. പക്ഷേ ഭോപാലിലെ ബിഎഡ്–എംഎഡ് പ്രോഗ്രാമിലേക്ക് കേരളത്തിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
മൈസൂരുവിലെ പ്രോഗ്രാമുകൾ
1) ഇന്റഗ്രേറ്റഡ് ബിഎസ്‌സി ബിഎഡ്: 4 വർഷം. ബന്ധപ്പെട്ട ബിഎസ്‌സി, ബിഎഡ് എന്നീ 2 ബിരുദങ്ങൾക്കും തുല്യം. പ്രവേശനത്തിനു 2 സ്ട്രീമുകൾ: (i) ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് (ii) ഫിസിക്സ്, കെമിസ്‌ട്രി, ബയോളജി. ഐച്‌ഛികവിഷയങ്ങൾക്കു മൊത്തം 50% മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ഫിസിക്കൽ സയൻസിനും ബയളോജിക്കൽ സയൻസിനും 55 സീറ്റ് വീതം.
2) ഇന്റഗ്രേറ്റഡ് ബിഎ ബിഎഡ്: 4 വർഷം. ബിഎയ്ക്കും ബിഎഡിനും തുല്യം. സയൻസ്, കൊമേഴ്സ്, അഥവാ ആർട്സ് ഐച്ഛികമായി 50% മൊത്തം മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. 55 സീറ്റ്.
3) ഇന്റഗ്രേറ്റഡ് എംഎസ്‌സി എഡ്: 6 വർഷം. ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് ഇവയൊന്നിലെ എംഎസ്‌സിയും ബിഎഡും ഒരുമിച്ചു ലഭിക്കും. ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് എന്നിവയടങ്ങിയ പ്ലസ്‌ടു 50% മൊത്തം മാർക്കോടെ ജയിച്ചിരിക്കണം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 22 സീറ്റ് വീതം.
4) ബിഎഡ്: 2 വർഷം. സയൻസ് & മാത്‌സ് അഥവാ ഇംഗ്ലിഷ് & സോഷ്യൽ സയൻസസ് ബിരുദം. 50% മാർക്കോടെ ബിഎ, ബിഎസ്‌സി, എംഎ, എംഎസ്‌സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മേൽസൂചിപ്പിച്ച സയൻസ്, ഹ്യുമാനിറ്റീസ് സ്ട്രീമുകൾക്ക് 25 സീറ്റ് വീതം.
5) എംഎഡ്: 2 വർഷം. 50% മാർക്ക് അഥവാ തുല്യഗ്രേഡോടെ ബിഎഡ്, ബിഎബിഎഡ്, ബിഎഎഡ്, ബിഎസ്‌സിബിഎഡ്, ബിഎസ്‌സിഎഡ്, ബിഎൽഎഡ്, ഡിഎൽഎഡും ആർട്സ് / സയൻസ് ബിരുദവും എന്നിവയിൽ ഏതെങ്കിലുമുള്ളവർക്ക് അപേക്ഷിക്കാം. 55 സീറ്റ്.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു മിനിമം യോഗ്യതയിൽ 5% മാർക്കിളവുണ്ട്. എല്ലാ പ്രോഗ്രാമുകളിലും കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണം പാലിക്കും.
1, 2, 3 പ്രോഗ്രാമുകൾക്കു 2021, 2022, 2023 വർഷങ്ങളിൽ പ്ലസ്ടു ജയിച്ചവരെയാണ് പരിഗണിക്കുക.
1,3 പ്രോഗ്രാമുകളിൽ പ്രവേശനയോഗ്യതയ്ക്കു മാത്‌സിനു പകരം സ്റ്റാറ്റിസ്റ്റിക്സും, ബയോളജിക്കു പകരം ബയോടെക്നോളജിയും പരിഗണിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യമുണ്ട്.
പ്രവേശനപരീക്ഷ ജൂലൈ രണ്ടിന്
എറണാകുളം, കവരത്തി, ചെന്നൈ, മൈസൂരു, മുംബൈ, ഡൽഹി അടക്കം 39 കേന്ദ്രങ്ങളിൽ ജൂലൈ രണ്ടിനു പ്രവേശനപരീക്ഷ നടത്തും. ഫലം ജൂലൈ 25ന്. മുൻവർഷ ചോദ്യക്കടലാസുകൾ വെബ്സൈറ്റിലുണ്ട്. പ്രവേശനപരീക്ഷ സംബന്ധിച്ച സംശയപരിഹാരത്തിനു ഫോൺ : 0755-2661467; ncertcee2023help@gmail.com.
Content Summary : Teacher Education Programs at Regional Institutes of Education: Apply by June 6