ADVERTISEMENT

വർഷങ്ങളോളം മാതൃകാദമ്പതികളായി ജീവിച്ചെങ്കിലും പിന്നീട് അവരുടെ ജീവിതത്തിൽ സ്ഥിരം പ്രശ്നങ്ങളും വഴക്കുമാണ്. കുറച്ചുനാൾ  പിരിഞ്ഞും താമസിച്ചു. എങ്കിലും ആ വർഷത്തെ വിവാഹവാർഷികത്തിൽ ഒരു കെട്ട് പൂക്കളുമായി ഭർത്താവെത്തി.  അവർ സന്തോഷത്തോടെ സ്വീകരിച്ചു. 

Read Also : അർഹിക്കുന്ന ബഹുമാനം കിട്ടുന്നില്ലേ; മൂല്യം തിരിച്ചറിയാത്തവരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ പഠിക്കാം

നേരത്തെ വാങ്ങിയ കേക്കെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോൾ ഫോൺ ബെല്ലടിച്ചു. അവർ ഫോണെടുത്തപ്പോൾ മറുവശത്തുള്ള പൊലീസുകാരൻ പറഞ്ഞു. ‘ക്ഷമിക്കണം നിങ്ങളുടെ ഭർത്താവിന്റെ മരണവാർത്ത അറിയിക്കാനാണ് ഞാൻ വിളിച്ചത്’. വാർത്ത നിഷേധിച്ച ഭാര്യ പറഞ്ഞു. ‘അദ്ദേഹം എന്റെ കൂടെയുണ്ട്’. 

പൊലീസുകാരൻ പറഞ്ഞു. ‘വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ നിങ്ങളുടെ ഭർത്താവ് മരിച്ചു. അദ്ദേഹത്തിന്റെ പഴ്സിൽ നിന്ന് കിട്ടിയ നമ്പറാണിത്’. പൂക്കളുമായി വന്ന ഭർത്താവ് തന്റെ തോന്നലായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് അവർ നിലവിളിച്ചു. ഒരവസരം കൂടി കിട്ടിയിരുന്നെങ്കിൽ എല്ലാ പിണക്കങ്ങളും പരിഹരിക്കുമായിരുന്നെന് ആ സ്ത്രീ ഓർത്തു.അപ്പോൾ ഭർത്താവിന്റെ ശബ്ദം കുളിമുറിയിൽ നിന്ന് വന്നു. ‘നിന്നോട് ഒരു കാര്യം പറയാൻ മറന്നു. എന്റെ പഴ്സ് ഇന്ന് നഷ്ടപ്പെട്ടു’. 

 

രണ്ടാംജന്മം മാത്രമല്ല രണ്ടാംഅവസരവും അസാധ്യമോ അപൂർവമോ ആകും. ഒരിക്കൽ മാത്രമേ ലഭിക്കൂ എന്നറിയുന്ന എല്ലാ കാര്യങ്ങളെയും കരുതലോടെയും ജാഗ്രതയോടെയും സമീപിച്ചെങ്കിൽ എല്ലാ വസ്തുക്കൾക്കും സംഭവങ്ങൾക്കും അവയർഹിക്കുന്ന സ്ഥാനം ലഭിച്ചേനെ. കൂടെയുള്ളപ്പോൾ അവഗണിക്കുകയും നഷ്ടപ്പെടുമ്പോൾ ചേർത്തുപിടിക്കുകയും ചെയ്യുന്ന കാപട്യം കുറ്റബോധം മാത്രമേ സൃഷ്ടിക്കൂ.

 

 എല്ലാം നൈമിഷികമാണെന്നും എന്തും എപ്പോൾ വേണമെങ്കിലും അവസാനിക്കാമെന്നുമുള്ള യാഥാർഥ്യബോധം ചെറുപ്പം മുതലേ ഉളളതാണെങ്കിലും അതെല്ലാം മറ്റുള്ളവരെ മാത്രം ബാധിക്കുന്നതാണെന്ന മിഥ്യാധാരണയിലാണ് ഓരോരുത്തരുടെയും കർമങ്ങൾ. എത്രപേർ തങ്ങളുടെ ജീവിതത്തിലെ നഷ്ടസ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞിട്ടും അവയൊന്നും എന്തുകൊണ്ടാണ് ജീവിച്ചിരിക്കുന്നവർക്ക് പാഠമാകാത്തത്?

 

 പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞുതീർക്കാനെത്തിയപ്പോഴേക്കും സഹജീവികൾ വിടവാങ്ങിയതിന്റെ പൊള്ളുന്ന അനുഭവങ്ങൾ എത്ര വായിച്ചിട്ടും എന്തുകൊണ്ടാണ് ഇത്രയും പകയും വെറുപ്പും ഇപ്പോഴും നിലനിൽക്കുന്നത്. സ്നേഹിച്ചു കൊതി തീരണമെങ്കിൽ പോലും ഒരായുസ്സ് മതിയാകില്ല. അതിനിടയിൽ എപ്പോഴാണ് കലഹിക്കുന്നതും പിരിയുന്നതും. രണ്ടാമതൊരവസരം അപ്രതീക്ഷിതമായിരിക്കാം. അത് എല്ലാവർക്കും ലഭിക്കണമെന്നില്ല. 

 

Content Summary : How to Forgive Someone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com