പ്രതീക്ഷിക്കുന്ന മറുപടി അപ്പുറത്തു നിന്നു ലഭിക്കാതെ വരുമ്പോൾ ദേഷ്യം തോന്നാറുണ്ടോ?; ഉത്തരങ്ങളിൽ നിന്ന് പഠിക്കാനുണ്ടേറെ...
Mail This Article
കണക്കുടീച്ചർ ആറു വയസ്സുകാരനോടു ചോദിച്ചു: നിനക്കു ഞാൻ ആദ്യം ഒരു ആപ്പിൾ, പിന്നെ ഒരു ആപ്പിൾ, വീണ്ടും ഒരു ആപ്പിൾ തന്നാൽ നിന്റെ കയ്യിൽ ആകെ എത്ര ആപ്പിളുണ്ടാകും? അവൻ പറഞ്ഞു നാല്. ടീച്ചർ പല തവണ ചോദിച്ചെങ്കിലും അവൻ അതേ ഉത്തരമാണു നൽകിയത്. അവന് ഓറഞ്ച് ഇഷ്ടമാണെന്ന് അറിയാമായിരുന്ന ടീച്ചർ ചോദിച്ചു: ആദ്യം ഒരു ഓറഞ്ച്, പിന്നെ ഒരു ഓറഞ്ച്, വീണ്ടും മറ്റൊരു ഓറഞ്ച് തന്നാൽ നിന്റെ കയ്യിൽ എത്രയെണ്ണം ഉണ്ടാകും? അവൻ പറഞ്ഞു: മൂന്ന്. തന്റെ തന്ത്രം വിജയിച്ചതിലും കുട്ടിക്കു കണക്ക് പിടികിട്ടിയതിലും സന്തോഷം തോന്നിയ ടീച്ചർ വീണ്ടും ആപ്പിൾ ചോദ്യം ചോദിച്ചു. അവൻ പറഞ്ഞു: നാല്. ടീച്ചർ ദേഷ്യത്തോടെ ചോദിച്ചു: അതെങ്ങനെ? അവൻ പതിയെ പറഞ്ഞു: എന്റെ ബാഗിൽ ഒരു ആപ്പിൾ ഉണ്ട്.
എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം ഉണ്ടാകണമെന്നില്ല; ചില ചോദ്യങ്ങൾക്ക് ഉത്തരം മാത്രമേ ഉണ്ടാകൂ. ശരിയും തെറ്റും ചോദിക്കുന്നവരുടെയും പറയുന്നവരുടെയും ചിന്താഗതിക്കും പരിസ്ഥിതിക്കുമനുസരിച്ചു മാറിക്കൊണ്ടിരിക്കും. ഒരാൾ പഠിച്ചിട്ടുള്ള ഉത്തരങ്ങളും പ്രതീക്ഷിക്കുന്ന മറുപടിയും മറ്റൊരാൾ നൽകണമെന്ന വാശി പരീക്ഷക്കടലാസിൽ മാത്രമേ സാധ്യമാകൂ. ജീവിതത്തിൽ സമവാക്യങ്ങൾ പോലും മാറിമറിയും. ഒരുത്തരവും കിട്ടാത്ത സമയവും ഉണ്ടാകും. ചോദിക്കുന്നവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ഉത്തരം ലഭിക്കുന്നില്ല എന്നതു മറുപടി പറയുന്നവരുടെ അജ്ഞതകൊണ്ട് ആകണമെന്നില്ല; ചോദ്യകർത്താക്കളുടെ പരിചയക്കുറവു മൂലവുമാകാം. തനിക്കിഷ്ടപ്പെടാത്ത മറുപടികളെല്ലാം തെറ്റാണെന്ന അബദ്ധധാരണ ഇല്ലാതായാൽ കൂടുതൽ യാഥാർഥ്യബോധമുള്ളതും കാലിക പ്രസക്തവുമായ ഉത്തരങ്ങൾ ലഭിക്കും.
തന്റെ പിടിവാശിക്കനുസരിച്ചു പ്രതികരിക്കാത്തവരെല്ലാം മണ്ടന്മാർ എന്നു കരുതുന്നവരാണ് യഥാർഥ വിഡ്ഢികൾ. ഒരേ ചോദ്യത്തിനു പല ഉത്തരങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അവ പറഞ്ഞവരുടെ അറിവിലും അനുഭവത്തിലും വ്യത്യാസമുണ്ടെന്നു തിരിച്ചറിയണം. അതിനനുസരിച്ച് ഇടപെടലിൽ മാറ്റമുണ്ടാകണം. അത്തരം ഇടപെടൽ ജീവിതം മാറ്റിമറിക്കും; ചോദിക്കുന്നവരുടെയും ഉത്തരം പറഞ്ഞവരുടെയും.
Content Summary : How do you accept and not expect?