പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാറുണ്ടോ?; ഒറ്റയ്ക്കല്ല, ഒരുമിച്ചു നിന്നു നേരിടാം
Mail This Article
ശിഷ്യൻ ചോദിച്ചു: ഗുരോ ആത്മീയയാത്ര ആന്തരികയാത്രയാണെന്നും ഏകാന്തയാത്രാണെന്നുമാണല്ലോ പറയപ്പെടുന്നത്. പക്ഷേ, ഇവിടെ എല്ലാവരും ഒരുമിച്ചിരുന്നാണല്ലോ പഠിക്കുന്നതും പരിശീലിക്കുന്നതും. ഗുരു പറഞ്ഞു: മുറ്റത്ത് ഒറ്റയ്ക്കു നിൽക്കുന്ന മരത്തെക്കാൾ ശക്തിയുണ്ട് കാട്ടിൽ ഒരുമിച്ചു നിൽക്കുന്ന മരത്തിന്. കാട് കാറ്റിനെയും പ്രകൃതിക്ഷോഭത്തെയും പ്രതിരോധിക്കുന്നുണ്ട്. മാത്രമല്ല, എല്ലാം ഒരുമിച്ചു വളരുന്നതുകൊണ്ട് അവയുടെ വേരുകൾ പരസ്പര ബന്ധിതവും ശക്തവുമാണ്. ഒരുമിച്ചുള്ള വളർച്ച ഇരട്ടി ഊർജം നൽകും.
Read Also : പ്രായത്തിന്റെ പക്വതപോലും ചിലർ കാട്ടുന്നില്ലെന്ന് പരാതിപ്പെടാറുണ്ടോ
ഒരേ ലക്ഷ്യത്തിലേക്ക് ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവർക്കു രണ്ടു സാധ്യതകളുണ്ട്. ഒറ്റയ്ക്കു പോകാം, ഒരുമിച്ചും പോകാം. തനിച്ചുള്ള യാത്രകൾക്കു ചില ഗുണങ്ങളുണ്ട്. അപരശല്യമില്ല, തന്നിഷ്ടം പെരുമാറാം. ഒരുമിച്ചുള്ള യാത്രകളിൽ സ്വയം നിയന്ത്രണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കണ്ണികൾ വിളക്കിച്ചേർത്താൽ ആ യാത്ര മനോഹരമാകും. ഒറ്റയ്ക്കു പോകുന്നതുകൊണ്ടാണ് പലർക്കും തങ്ങളുടെ യാത്രകൾ പൂർത്തിയാക്കാൻ കഴിയാത്തത്.
പരസ്പരമുള്ള സ്നേഹപൂർണവും അർഥപൂർണവുമായ സംഭാഷണങ്ങളിലൂടെയല്ലേ യഥാർഥ ആത്മീയത കണ്ടെത്തു ന്നത്. ഒന്നിലും ഇടപെടാതെയും ഒന്നിനോടും പ്രതികരിക്കാതെയും ഇരിക്കുമ്പോഴല്ല, ചുറ്റുപാടുകളുടെ സ്വരവ്യത്യാസ ങ്ങളറിഞ്ഞ് അവയോട് ഇടപഴകുമ്പോഴാണ് ജീവിതത്തിന്റെ തെളിമ നിലനിൽക്കുന്നത്. എല്ലാറ്റിനെയും മാറ്റിനിർത്താൻ കഴിയുമോ? വായുവും വെള്ളവും അശുദ്ധമാകാറുണ്ട്. വഴികളിൽ തടസ്സങ്ങൾ രൂപപ്പെടും; വിശപ്പ് കൃത്യമായ ഇടവേളകളിൽ ഉയർന്നുവരും. ഇവയിൽ നിന്നൊന്നും ഒളിച്ചോടാൻ കഴിയില്ല.
ബലഹീനതകളിൽ തനിച്ചായാൽ തളരും, ഒരുമിച്ചായാൽ തന്റേടമുണ്ടാകും. സഹജീവികൾ പകരുന്ന ധൈര്യവും പിന്തുണയുമാണ് ആപൽഘട്ടങ്ങളിലെ ബലം. തനിച്ചുനിൽക്കാൻ മാത്രം പൂർണതയുള്ള ഒരാളുമുണ്ടാകില്ല. പക്ഷേ, അപൂർണതയിൽ ഒരുമിക്കുമ്പോൾ ഓരോ സാഹചര്യത്തെയും അതിജീവിക്കുന്നതിനുള്ള പൂർണത തനിയെ രൂപപ്പെടും. ഒരുമിച്ചു നിൽക്കുന്നവരുടെ പ്രതിരോധശേഷി ഒറ്റയ്ക്കുനിൽക്കുന്നവർക്കുണ്ടാകില്ല. തന്റേതല്ലാത്ത കാരണങ്ങളാലും തളർച്ചയുണ്ടാകാം. തനിച്ചെഴുന്നേൽക്കാൻ കഴിഞ്ഞെന്നും വരില്ല. ആരെങ്കിലും കൂടെയുണ്ടെങ്കിൽ രണ്ടാംജന്മം പോലും സാധ്യമാകും.
Content Summary : How to deal with career problems, overcome challenges, and bounce back from setbacks with the help of a strong support network