സി-ഡാക്കിൽ പഠിക്കാം 15 പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷിക്കാം ജനുവരി 3 വരെ
Mail This Article
കേന്ദ്ര ഇലക്ട്രോണിക്സ്–ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ശാസ്‌ത്ര ഗവേഷണ–വികസന കേന്ദ്രമാണ് ‘സി–ഡാക്’ (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്). ദേശീയതലത്തിൽ തിരുവനന്തപുരവും കൊച്ചിയും അടക്കം 14 കേന്ദ്രങ്ങളിൽ ഓൺലൈനായും, ബെംഗളൂരു, ചെന്നൈ അടക്കം 26 േകന്ദ്രങ്ങളിൽ ക്ലാസ്മുറിയിലൂടെ നേരിട്ടുമായി 15 പിജി ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തുന്നു. 900 മണിക്കൂർ (24 ആഴ്ച) നീളുന്ന പൂർണസമയ പ്രോഗ്രാമുകൾ. ഓരോ കേന്ദ്രത്തിലും ഏതെല്ലാം പ്രോഗ്രാമുകളെന്ന് വെബ്സൈറ്റിലെ അഡ്മിഷൻ ബുക്‌ലെറ്റിലുണ്ട്. ജനുവരി 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
എൻജിനീയറിങ് ബിരുദം (ഐടി, സിഎസ്, ഇലക്ട്രോണിക്സ്, ടെലികോം, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ) അഥവാ എംഎസ്‌സി / എംഎസ് (സിഎസ്, ഐടി, ഇലക്ട്രോണിക്സ്) എന്നതാണ് പൊതുവേയുള്ള യോഗ്യത. കൂടാതെ, പ്രോഗ്രാമനുസരിച്ച് വിശേഷയോഗ്യതകളുമുണ്ട്. പ്രായപരിധിയില്ല. 2023ൽ ഫൈനൽ പരീക്ഷയെഴു തിയവരെയും പരിഗണിക്കും. 2024 ജൂൺ 30ന് എങ്കിലും പരീക്ഷാഫലം ഹാജരാക്കിയാൽ മതി.
പ്രോഗ്രാമിന്റെ ഭാഗമായി ലാബും പ്രോജക്ടുമുണ്ട്. വ്യവസായ ആവശ്യങ്ങൾക്ക് ഉതകുംവിധം പാഠ്യക്രമം പരിഷ്കരിച്ചുകൊണ്ടിരിക്കും. 2024 മാർച്ച് 5 മുതൽ ഓഗസ്റ്റ് 19 വരെയാണ് ക്ലാസ് – ആഴ്ചയിൽ 6 ദിവസം 6–8 മണിക്കൂർ തിയറിക്കു പുറമേ ലാബ് ക്ലാസുകളും. കേന്ദ്രീകൃത പരീക്ഷാ വ്യവസ്ഥ പാലിക്കും. ക്ലാസ്റൂം പഠനക്കാർക്ക് അതതു കേന്ദ്രത്തിൽ പരീക്ഷയെഴുതാം. ഓൺലൈൻ പഠനക്കാർക്ക് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും.
ഒന്നാന്തരം പ്ലേസ്മെന്റ് ചരിത്രമാണുള്ളത് – ഇവിടെയുള്ളവയിൽ വിശേഷിച്ചും അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി പ്രോഗ്രാമുകൾക്ക്. ഫൈനൽ പരീക്ഷയെഴുതാൻ നേരിട്ടുചെല്ലണം. വെബ്: www.cdac.in / acts.cdac.in. സംശയപരിഹാരത്തിന് ഫോൺ & ഇമെയിൽ: തിരുവനന്തപുരം – 8547882754, stdc@cdac.in; കൊച്ചി – 9447247984, stdckochi@cdac.in.
എൻട്രൻസ് ടെസ്റ്റ് 13,14 തീയതികളിൽ
കംപ്യൂട്ടർ ഉയോഗിച്ചുള്ള C-CAT (സി–ഡാക്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്) ജനുവരി 13, 14 തീയതികളിൽ േനരിട്ടെത്തി എഴുതണം. തിരുവനന്തപുരവും കൊച്ചിയുമടക്കം 34 കേന്ദ്രങ്ങളുണ്ട്. സി–സാറ്റ് റാങ്കും കോഴ്സ് / പരിശീലനകേന്ദ്രം സംബന്ധിച്ച മുൻഗണനാക്രമവും നോക്കിയാണ് സിലക്‌ഷനും അലോട്മെന്റും.
ടെസ്റ്റിന് ഓൺലൈനായി അപേക്ഷിക്കണം. ടെസ്റ്റിൽ 50 ഒബ്ജക്ടീവ് ചോദ്യങ്ങൾ വീതമുള്ള എ,ബി,സി വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിനും ഒരു മണിക്കൂർ. ടെസ്റ്റിൽ തെറ്റിനു മാർക്ക് കുറയ്ക്കും കേരളത്തിലുള്ള 3 പ്രോഗ്രാമുകൾക്കും എ,ബി എന്നിവ മാത്രം എഴുതിയാൽ മതി. ഇതിന് 1550 രൂപ പരീക്ഷാഫീ അടയ്ക്കണം.
സെക്‌ഷൻ എ: ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ്, കംപ്യൂട്ടർ ഫണ്ടമെന്റൽസ് & കൺസെപ്റ്റ്സ് ഓഫ് പ്രോഗ്രാമിങ് സെക്‌ഷൻ ബി: സി–പ്രോഗ്രാമിങ്, ഡേറ്റാ സ്ട്രക്ചേഴ്സ്, ഓപ്പറേറ്റിങ് സിസ്റ്റംസ് & നെറ്റ്‌വർക്കിങ്, ഓബ്ജെക്റ്റ് ഓറിയന്റഡ് കൺസെപ്റ്റ്സ് യൂസിങ് സി ++. ടെസ്റ്റ്ഫലം ജനുവരി 25ന്.
നീലിറ്റും ഈ സിലക്‌ഷനിൽ
കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിലെ (നീലിറ്റ് – http://nielit.gov.in/calicut) 60 സീറ്റുള്ള ‘പിജി ഡിപ്ലോമ ഇൻ അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം പ്രോഗ്രാമിങ്’ ക്ലാസ്റൂം പ്രോഗ്രാമും ഈ സിലക്‌ഷനിൽ വരും. സി–സാറ്റിൽ എ, ബി വിഭാഗങ്ങൾ മാത്രം എഴുതിയാൽ മതി. കോഴ്സ്ഫീ 90,000 രൂപയും 18% ജിഎസ്ടിയും. ഫോൺ : 9995427802, info@calicut.nielit.in.