ഉത്തരങ്ങളിലെ പ്രധാന പോയിന്റുകൾക്ക് അടി വരയിടാം; എസ്എസ്എൽസി പരീക്ഷയ്ക്ക് രസമായി പഠിക്കാം രസതന്ത്രം
Mail This Article
ഉൻമേഷ് പന്ത്രണ്ടിൽ
ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വെഞ്ഞാറമൂട്
പത്താം ക്ലാസിലെ രസതന്ത്ര പരീക്ഷയ്ക്ക് ആകെ 50 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. പരമാവധി കരസ്ഥമാക്കാവുന്ന സ്കോർ 40 ആണ്. എ, ബി, സി, ഡി എന്നീ വിഭാഗങ്ങളിലായി അഞ്ചു ചോദ്യങ്ങൾ വീതമാണ് ഉള്ളത്. ഓരോ വിഭാഗത്തിൽ നിന്നും ഏതെങ്കിലും നാലു ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മതി. എങ്കിലും സമയലഭ്യത അനുസരിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുന്നതാണ് നല്ലത്. ഉദാഹരണമായി, ഒന്നാമത്തെ വിഭാഗത്തിലെ ആദ്യത്തെ നാലു ചോദ്യം മാത്രമാണ് എഴുതുന്നത് എങ്കിൽ ഏതെങ്കിലും ഒരു ഉത്തരം തെറ്റിപ്പോയാൽ മൂന്നു സ്കോർ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ ആ വിഭാഗത്തിലെ അഞ്ചു ചോദ്യങ്ങൾക്കും ഉത്തരം എഴുതുകയാണെങ്കിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം തെറ്റിപ്പോയാലും മറ്റു നാല് ശരിയായ ഉത്തരങ്ങൾ പരിഗണിച്ച് ആ വിഭാഗത്തിന് മുഴുവൻ മാർക്കും ലഭിക്കും.
ചുരുക്കിപ്പറഞ്ഞാൽ, സമയമുണ്ടെങ്കിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുന്നതാണ് നല്ലത്. A വിഭാഗത്തിൽ ചോദ്യങ്ങൾക്ക് ഓരോ സ്കോർ വീതവും B വിഭാഗത്തിന് രണ്ട് സ്കോർ വീതവും ആണുള്ളത്. C വിഭാഗത്തിലെ ചോദ്യങ്ങൾക്ക് പരമാവധി മൂന്ന് സ്കോറും D വിഭാഗത്തിലെ ചോദ്യങ്ങൾക്ക് പരമാവധി നാല് സ്കോറും ലഭിക്കും. ഉത്തരങ്ങളിലെ പ്രധാന പോയിന്റുകൾക്ക് അടി വരയിടുന്നത് നന്നായിരിക്കും.
ഒന്നാമത്തെ യൂണിറ്റിലെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിൽനിന്ന് പീരീയഡ്, ഗ്രൂപ്പ്, ബ്ലോക്ക് എന്നിവ കണ്ടെത്തുന്ന ചോദ്യങ്ങൾ ഉറപ്പായും ഉണ്ടാകും. അതേപോലെ d ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതയിൽനിന്ന് ഒരു ചോദ്യം പ്രതീക്ഷിക്കാം.
രണ്ടാമത്തെ യൂണിറ്റിൽനിന്ന് വാതകനിയമങ്ങളെ സംബന്ധിക്കുന്ന ഒരു ചോദ്യം പ്രതീക്ഷിക്കാം. ബലൂണിന്റെ വലുപ്പം വ്യത്യാസപ്പെടുന്നത്, വായു കുമിളയുടെ വലുപ്പം വ്യത്യാസപ്പെടുന്നത് എന്നീ ചോദ്യങ്ങളും ഫുട്ബോളിൽ കാറ്റു നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. മോൾ സങ്കൽപനം എന്ന ഭാഗത്തുനിന്നു ചോദ്യം വന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. സാവധാനം ചോദ്യം വായിച്ച് മനസ്സിലാക്കി ഉത്തരം എഴുതിയാൽ മതിയാകും. തന്മാത്രകളുടെയോ ആറ്റങ്ങളുടെയോ എണ്ണം കണ്ടുപിടിക്കേണ്ട ചോദ്യങ്ങളിൽ അവഗാഡ്രോ സംഖ്യ കൊണ്ട് ഗുണിക്കേണ്ടതാണ് എന്നത് മറന്നുപോകരുത്. STP സംബന്ധമായ ചോദ്യങ്ങളും ഉണ്ടാകാം.
മൂന്നാമത്തെ യൂണിറ്റിൽനിന്ന് ആദേശ രാസ പ്രവർത്തനം, ഗാൽവനിക് സെല്ല് എന്നിവയിൽനിന്ന് ചോദ്യങ്ങൾ ഉണ്ടാകും. ഒരു സെല്ലിന്റെ അപൂർണമായ രാസപ്രവർത്തനത്തെ പൂർണമാക്കാനുള്ള ചോദ്യങ്ങൾ ഉണ്ടായേക്കാം. ഇത്തരം സെല്ലുകളിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ നിർബന്ധമായും പഠിച്ചിരിക്കേണ്ടതാണ്.
നാലാമത്തെ യൂണിറ്റായ ലോഹനിർമാണത്തിൽനിന്ന് പ്ലവനപ്രക്രിയ കാന്തികവിഭജനം കാൽസിനേഷൻ, റോസ്റ്റിങ് സ്വേദനം, ഉരുക്കി വേർതിരിക്കൽ എന്നീ ആശയങ്ങളും അവയുടെ ഉദാഹരണങ്ങളും സവിശേഷതയും നന്നായി പഠിച്ചു വയ്ക്കണം. അതേപോലെ അലൂമിനിയത്തിന്റെ നിർമാണം ചോദ്യമായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അൽനിക്കോ, നിക്രോം, സ്റ്റെയിൻലെസ് സ്റ്റീൽ എന്നീ അലോയ് സ്റ്റീലുകളെക്കുറിച്ചും ചോദ്യമുണ്ടായേക്കാം.
അലോഹ സംയുക്തങ്ങൾ എന്നാണ് അഞ്ചാമത്തെ യൂണിറ്റിന്റെ പേര്. ഇതിൽനിന്ന് അമോണിയ വാതകത്തിന്റെ സവിശേഷതകൾ, നിർമാണം അമോണിയം ക്ലോറൈഡിന്റെ വിഘടനം ഉഭയദിശാ പ്രവർത്തനം, ലെ ഷാറ്റ്ലിയർ തത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉണ്ടാവും. സൾഫ്യൂരിക് ആസിഡ് നിർമ്മാണത്തിന്റെ ഘട്ടങ്ങൾ ക്രമമായി ഓർത്തുവയ്ക്കണം. സൾഫേറ്റ് ലവണങ്ങളെ തിരിച്ചറിയാനുള്ള വഴി, സൾഫ്യൂരിക് ആസിഡിന്റെ ഓക്സീകരണ സ്വഭാവം, ശോഷകാരകസ്വഭാവം നിർജലീകരണ ഗുണം, ലവണങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് , നൈട്രിക് ആസിഡ് എന്നിവ ഉണ്ടാക്കുന്ന പ്രവർത്തനം ഇവയൊക്കെ പ്രധാനപ്പെട്ടതാണ്.
ആറാമത്തെ യൂണിറ്റ് ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും ആണ്. പേരു പോലെ തന്നെ ഓർഗാനിക് സംയുക്തങ്ങളുടെ IUPAC നാമം കണ്ടെത്താനുള്ള ചോദ്യങ്ങൾ ഉണ്ടാകും. IUPAC നാമത്തിൽനിന്ന് ഘടനാവാക്യം വരയ്ക്കാനുള്ള ചോദ്യങ്ങളും ഉണ്ടാവും. ഐസോമറിസത്തിൽനിന്ന് ഒരു ചോദ്യം ഉറപ്പായും പ്രതീക്ഷിക്കാം. പ്രൊപ്പന്‍-1-ഓള്‍ എന്ന സംയുക്തത്തിന്റെ ഫങ്ഷനൽ ഐസോമറിന്റെയും പൊസിഷൻ ഐസോമറിന്റെയും ഘടനാവാക്യം വരയ്ക്കാൻ ചോദ്യം വന്നേക്കാം. ആലി സൈക്ലിക് ഹൈഡ്രോകാർബണുകൾ, ആരോമാറ്റിക് സംയുക്തമായ ബെൻസീൻ ഇവയുടെ ഘടനകൾ വരയ്ക്കാൻ പഠിച്ചു വയ്ക്കണം.
ഏഴാമത്തെ യൂണിറ്റിൽനിന്ന് അഞ്ചുതരം രാസപ്രവർത്തനങ്ങളും 5 സംയുക്തങ്ങളും പഠിക്കണം. ആദേശരാസ പ്രവർത്തനം, അഡിഷൻ, പോളിമറൈസേഷൻ, ഹൈഡ്രോകാർബണുകളുടെ ജ്വലനം, താപീയ വിഘടനം എന്നീ അഞ്ചു രാസപ്രവർത്തനങ്ങളും ആൽക്കഹോളുകൾ, കാർബോക്സിലിക് ആസിഡുകൾ, എസ്റ്ററുകൾ, സോപ്പ്, ഡിറ്റർജന്റ് എന്നീ അഞ്ചുതരം സംയുക്തങ്ങളും നന്നായി മനസ്സിലാക്കണം. എസ്റ്ററുകളുടെ ഘടന, IUPAC നാമം, എസ്റ്ററിന്റെ ഘടനയിൽനിന്ന് അത് ഉണ്ടാകാൻ ആവശ്യമായ സംയുക്തങ്ങളുടെ പേരുകൾ എന്നിവ മനസ്സിലാക്കി വയ്ക്കണം.
ആലോചിച്ച് എഴുതേണ്ട ചോദ്യങ്ങൾ ആയിരിക്കും കൂടുതലും ഉണ്ടാവുക. അതിനുള്ള സമയം കൂടി കണക്കാക്കിയാണ് ഉത്തരം എഴുതാനുള്ള സമയം. ചോദ്യം കണ്ടാൽ ഉടനെ ചാടിക്കേറി ഉത്തരമെഴുതുന്നതിനു മുൻപ് നന്നായി ആലോചിച്ചു നോക്കുന്നത് തീർച്ചയായും ഗുണം ചെയ്യും. പഠിച്ച വസ്തുതകൾ അൽപം ആലോചിച്ച് ശ്രദ്ധയോടെ എഴുതിയാൽ മുഴുവൻ സ്കോറും നേടാൻ യാതൊരു പ്രയാസവും ഇല്ലാത്ത വിഷയമാണ് രസതന്ത്രം. രസതന്ത്ര പരീക്ഷ മികച്ച രീതിയിൽ എഴുതാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.