ADVERTISEMENT

ദേശീയതലത്തിൽ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള പരീക്ഷയായ ‘നീറ്റ്’ നാളെ ഉച്ചതിരിഞ്ഞ് 2 മുതൽ 5.20 വരെ ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശ നഗരങ്ങളിലും നടത്തും. കടലാസും പേനയും ഉപയോഗിച്ചാണു പരീക്ഷ. 24 ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിട്ടുണ്ട്. നാഷനൽ മെഡിക്കൽ കമ്മിഷന്റെ പുതിയ കണക്കനുസരിച്ച് 706 മെഡിക്കൽ കോളജുകളിലായി ആകെ 1,09,145 എംബിബിഎ‌സ് സീറ്റുകളാണ് ഇന്ത്യയിലുള്ളത്. ബിഡിഎസിന് 28,088 സീറ്റുകളും. ബിഡിഎസ്, ആയുർവേദമടക്കമുള്ള മെഡിക്കൽ ബിരുദ കോഴ്സുകൾ, വെറ്ററിനറി, അഗ്രികൾചർ അനുബന്ധ കോഴ്സുകൾ തുടങ്ങിയവയിലെ പ്രവേശനത്തിനും നീറ്റ് യുജി റാങ്ക് പരിഗണിക്കും.

https://exams.nta.ac.in/NEET എന്ന സൈറ്റിൽ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി, ‍‍3 പേജുള്ള അഡ്മിറ്റ് കാർ‍ഡ് A4 സൈസ് കടലാസിൽ ഡൗൺലോഡ് ചെയ്യാം. വിദ്യാർഥിയുടെ ഫോട്ടോയിലോ കയ്യൊപ്പിലോ അപേക്ഷാവേളയിൽ കിട്ടിയ കൺഫർമേഷൻ പേജിലുള്ളതുമായി വ്യത്യാസമുണ്ടെങ്കിൽ, ഹെൽപ്‌ലൈനിൽ ഉടൻ വിവരം അറിയിക്കുക. വിവരം neet@nta.ac.in എന്ന ഇമെയിൽ വിലാസത്തിലും ഉടനെത്തിക്കണം. കിട്ടിയ അഡ്മിറ്റ് കാർഡുമായി പരീക്ഷാകേന്ദ്രത്തിൽ പോകാം. രേഖകളിൽ തിരുത്തു പിന്നീടു വന്നുകൊള്ളും. ഡ്യൂപ്ലിക്കറ്റ് കാർഡ് നൽകുന്ന രീതിയില്ല. ഹെൽപ്‌ലൈൻ: 011-40759000. പരീക്ഷാകേന്ദ്രം എവിടെയെന്ന് മുൻകൂട്ടി മനസ്സിലാക്കുക. സംശയമുണ്ടെങ്കിൽ ഇന്നു പോയി സ്ഥലം ഉറപ്പാക്കുക. പരീക്ഷയ്ക്കു പോകുന്നവർ പാലിക്കേണ്ട നിബന്ധനകൾ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 44, 45 പുറങ്ങളിലും അഡ്മിറ്റ് കാർഡിന്റെ 2, 3 പുറങ്ങളിലുമുണ്ട്. ഇവ കൃത്യമായി പാലിക്കണം.

neet-ug-table

അഡ്മിറ്റ് കാർഡും  പ്രവേശനവും
അഡ്മിറ്റ് കാർഡിലെ ഒന്നാം പേജിന്റെ താഴത്തെ പകുതിയിലുള്ള സത്യവാങ്മൂലം പൂരിപ്പിക്കുക. തൊട്ടുതാഴെ ഇടതു കോളത്തിൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോയുടെ കോപ്പി ഒട്ടിക്കുക. തൊട്ടു വലതു കോളത്തിൽ ഇടതു തള്ളവിരലടയാളം വ്യക്തമായി പതിക്കുക. തൊട്ടടുത്ത കോളത്തിൽ വിദ്യാർഥി ഒപ്പിടുന്നത് പരീക്ഷാകേന്ദ്രത്തിലെത്തി ഇൻവിജിലേറ്ററുടെ മുന്നിൽ വച്ചേ പാടുള്ളൂ. നേരത്തേ ഒപ്പിട്ടു കൊണ്ടുപോകരുത്.

Representative image. Photo Credit : Chinnapong/Shutterstock
Representative image. Photo Credit : Chinnapong/Shutterstock

രണ്ടാം പേജിലെ വലിയ ചതുരത്തിൽ വെള്ള പശ്ചാത്തലമുള്ള പോസ്റ്റ് കാർഡ് സൈസ് (6”x 4”) കളർ ഫോട്ടോ നിർദേശാനുസര‌ണം ഒട്ടിക്കുക. പരീക്ഷാകേന്ദ്രത്തിൽ വച്ച് വിദ്യാർഥി ഇടതുഭാഗത്തും ഇൻവിജിലേറ്റർ വലതുഭാഗത്തുമായി ഈ ഫോട്ടോയിൽ ഒപ്പിടണം. ഈ ഫോട്ടോയും ഒപ്പും അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിലേതുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഇൻവിജിലേറ്റർ ഉറപ്പുവരുത്തും. വലിയ ഫോട്ടോയ്ക്കു താഴെ നിർദിഷ്ടസ്ഥാനങ്ങളിൽ ഇൻവിജിലേറ്ററും വിദ്യാർഥിയും വീണ്ടും ഒപ്പിടേണ്ടതുണ്ട്. ഇൻവിജിലേറ്ററുടെ മുന്നിൽ വച്ചേ ഇവിടെ വിദ്യാർഥി ഒപ്പിടാവൂ. നേരത്തേ ഒപ്പിടരുത്.അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിൽ സൂചിപ്പിച്ചിട്ടുള്ള റിപ്പോർട്ടിങ് ടൈമിൽ പരീക്ഷാകേന്ദ്രത്തിലെത്തുക. അതിലും നേരത്തേ തന്നെ ചെല്ലുന്നതു നന്ന്. 11 മണിക്കു വിദ്യാർഥികളുടെ ദേഹപരിശോധന തുടങ്ങും. 1.30ന് ഗേറ്റ് അടയ്ക്കും. പിന്നെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശനമില്ല. 1.40 കഴിഞ്ഞ് പരീക്ഷാഹാളിൽ കടത്തിവിടില്ല.


Representative image. Photo Credit : Sergei Elagin/Shutterstocks.com
Representative image. Photo Credit : Sergei Elagin/Shutterstocks.com

പരീക്ഷാഹാളിൽ കരുതേണ്ടവ 
പാസ്പോർട്ട് / പോസ്റ്റ്കാർഡ് സൈസ് ഫോട്ടോകൾ ഒട്ടിച്ച അഡ്മിറ്റ് കാർഡ്, അറ്റൻഡൻസ് ഷീറ്റിലൊട്ടിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽരേഖ (ആധാർ  കാർഡ് / 12 ലെ അഡ്മിറ്റ് കാർഡ് / റേഷൻ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / ഡ്രൈവിങ് ലൈസൻസ് / പാൻ കാർഡ് ഇവയിലൊരു സർക്കാർ രേഖ). ഇവയെല്ലാം ഇന്നുതന്നെ തയാറാക്കിവയ്ക്കുക. അറ്റസ്റ്റ് ചെയ്ത ഫോട്ടോകോപ്പി, മൊബൈൽ ഫോണിലെ സ്കാൻഡ് കോപ്പി മുതലായവ തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ല. ഭിന്നശേഷിക്കാർക്കുള്ള കൂടുതൽ നേരം വേണ്ടവർ അതിനുള്ള രേഖകൾ കൊണ്ടുചെല്ലണം. സ്ക്രൈബ് (പകരം എഴുതുന്നയാൾ) ഉണ്ടെങ്കിൽ അതിനുള്ള രേഖകളും കൊണ്ടുപോകണം.

Photo Credit : Manorama
Photo Credit : Manorama

പരീക്ഷാഹാളിൽ അനുവദിക്കാത്തവ
എഴുതിയതോ അച്ചടിച്ചതോ ആയ കടലാസുതുണ്ട്, ജ്യോമെട്രി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് കൂട്, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻ‍ഡ്രൈവ്, ഇറേസർ (റബർ), കാൽക്കുലേറ്റർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, വോലറ്റ്, കൂളിങ് ഗ്ലാസ് (കറുപ്പു കണ്ണട), ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി, വാച്ച്, ബ്രേസ്‌ലറ്റ്, ക്യാമറ, എടിഎം കാർഡ്, കമ്മലും മൂക്കുത്തിയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ, മറ്റു ലോഹവസ്തുക്കൾ, ഭക്ഷണസാധനങ്ങൾ. പരീക്ഷയിൽ കൃത്രിമം കാണിക്കാൻ ഉപയോഗിക്കാവുന്ന വസ്തുക്കളില്ലെന്ന് ഉറപ്പാക്കാൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയുണ്ടായിരിക്കും.  പെൺകുട്ടികളെ അടച്ചുറപ്പുള്ള സ്ഥലത്ത് വനിതകൾ മാത്രമേ പരിശോധിക്കൂ. ∙ വിദ്യാർഥികളുടെ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ കേന്ദ്രത്തിൽ സൗകര്യം കിട്ടില്ല. 

Representative image. Photo Credit : Deepak Sethi/istock/iStock
Representative image. Photo Credit : Deepak Sethi/istock/iStock

പ്രത്യേകം ശ്രദ്ധിക്കാൻ

Representative Image. Photo Credit: Achira22/Shutterstock
Representative Image. Photo Credit: Achira22/Shutterstock

∙ടെസ്റ്റ് ബുക്‌ലെറ്റ്, അറ്റൻഡൻസ് ഷീറ്റ്, ഒഎംആർ ഷീറ്റ് എന്നിവയിലെഴുതാനും അടയാളപ്പെടുത്താനുമുള്ള കറുപ്പ് ബോൾപേന ഇൻവിജിലേറ്റർ തരും. 
∙ 11.30 മുതൽ 1.40 വരെ പരീക്ഷാഹാളിൽ പ്രവേശിക്കാം. ഹാളിലെത്തി സീറ്റിലിരുന്ന വിദ്യാർഥികളുടെ രേഖകൾ 1.40 മുതൽ 1.50 വരെ പരിശോധിക്കും. 
∙അറ്റൻഡൻസ് ഷീറ്റിൽ ഫോട്ടോ പതിച്ച്, നിങ്ങളുടെയും അമ്മയുടെയും അച്ഛന്റെയും പേരെഴുതി, ഇടതു തള്ളവിരലടയാളം പതിച്ച്, സമയം എഴുതി ഒപ്പിടണം. 1.50ന് സിംഗിൾ ബെൽ അടിക്കുമ്പോൾ ടെസ്റ്റ് ബുക്‌ലെറ്റ് കുട്ടികൾക്കു വിതരണം ചെയ്യും. അതിലെ പേപ്പർ–സീൽ തുറക്കരുത്. ഡബിൾ ബെൽ കേട്ട്, ഇൻവിജിലേറ്റർ പറയുമ്പോൾ മാത്രം സീൽ പൊട്ടിച്ച്, ടെസ്റ്റ് ബുക്‌ലെറ്റ് പുറത്തെടുക്കാം. ബുക്‌ലെറ്റിന്റെ കവർപേജിൽ വിവരങ്ങൾ ചേർത്ത് കാത്തിരിക്കുക. ഇൻവിജിലേറ്ററുടെ നിർദേശപ്രകാരം ഇതു തുറക്കാം. 
∙ടെസ്റ്റ് ബുക്‌ലെറ്റ് കവറിന്റെ സീൽ പൊട്ടിക്കാതെ തന്നെ അതിനുള്ളിലെ ഒഎംആർ ആൻസർ ഷീറ്റ് പുറത്തെടുത്ത് വിവരങ്ങൾ ചേർക്കാം. 
∙ഒറിജിനൽ, ഓഫിസ് കോപ്പി എന്ന് ഒഎംആറിനു രണ്ടു ഭാഗങ്ങളുണ്ട്. ഇവ വേർപെടുത്തരുത്. രണ്ടും പരീക്ഷയ്ക്കു ശേഷം തിരികെക്കൊടുക്കാനുള്ളവയാണ്. ഇവ ഭദ്രമായി കൈകാര്യം ചെയ്യണം. ആവശ്യമില്ലാത്ത വരകളും മറ്റും പാടില്ല.
∙ടെസ്റ്റ് ബുക്‌ലെറ്റിലെയും ഒഎംആർ ഷീറ്റിലെയും കോ‍ഡ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തുന്നത് വളരെ പ്രധാനം. വ്യത്യാസമുണ്ടെങ്കിൽ ഉടൻ തിരികെക്കൊടുത്ത് മാറ്റി വാങ്ങുക. ഇതിലെ പേജുകൾ ഇളക്കരുത്. ഒഎംആറിൽ എന്തെങ്കിലും എഴുതുന്നതിനു മുൻപ് ഓഫിസ് കോപ്പിയുടെ പിൻവശത്തുള്ള നിർദേശങ്ങൾ ശ്രദ്ധിച്ചു വായിക്കുക. ഒഎംആർ ഷീറ്റിലെ നിർദിഷ്ടസ്ഥലത്ത് ഇൻവിജിലേറ്ററുടെ മുന്നിൽ വച്ച് സമയമെഴുതി, ഒപ്പിട്ട്, ഇടതു തള്ളവിരലടയാളം പതിക്കണം.  
∙കൃത്യം 2 മണിക്കു പരീക്ഷയെഴുതിത്തുടങ്ങാമെന്ന് ഇൻവിജിലേറ്റർ അറിയിക്കും.
∙ റഫ്‌വർക്കിനു ടെസ്റ്റ് ബുക്‌ലെറ്റിലുള്ള സ‌്ഥലം മാത്രം ഉപയോഗിക്കുക. 
∙പരീക്ഷ തീർന്ന് ഒഎംആർ ഷീറ്റുകൾ രണ്ടും തിരികെക്കൊടുക്കുമ്പോഴും അറ്റൻഡൻസ് ഷീറ്റിൽ സമയമെഴുതി ഒപ്പിടണം. ചോദ്യബുക്‌ലെറ്റ് മാത്രം വിദ്യാർഥിക്കു കൊണ്ടുപോരാം. പരീക്ഷ തീരുന്ന സമയത്തിനു മുൻപ് ആരെയും പുറത്തുവിടില്ല.
 അഡ്മിറ്റ് കാർഡ് സൂക്ഷിക്കണം. അതു പ്രവേശനസമയത്തു വേണ്ടിവരും പരീക്ഷയ്ക്കു ശേഷം ഇൻവിജിലേറ്റർ അഡ്മിറ്റ് കാർഡ് വാങ്ങുമെന്നതിനാൽ ഭാവിയിൽ പ്രവേശനസമയത്തെ ഉപയോഗത്തിനായി ഇപ്പോൾത്തന്നെ രണ്ടാമതൊരു അഡ്മിറ്റ് കാർഡ് കൂടി സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തു സൂക്ഷിച്ചുവയ്ക്കുക.

Photo Credit : Chalermphon_tiam / Shutterstock.com
Photo Credit : Chalermphon_tiam / Shutterstock.com

പരീക്ഷയും തന്ത്രവും 
ഒരു പേപ്പർ, 200 മിനിറ്റ്, 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ശരിയുത്തരത്തിന് 4 മാർക്ക് വീതം ആകെ 720 മാർക്ക്. 4 വിഷയങ്ങൾ: ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി. ഓരോ വിഷയത്തിലും 35, 15 വീതം ചോദ്യങ്ങളുള്ള എ, ബി വിഭാഗങ്ങൾ. ഓരോ ചോദ്യത്തിനും നേർക്കുള്ള നാലുത്തരങ്ങളിൽ നിന്നു ശരിയുത്തരം തിരഞ്ഞെടുക്കേണ്ട രീതി. തെറ്റിന് ഒരു മാർക്കു കുറയ്‌ക്കും. ബിയിലെ 15 ൽ ഇഷ്ടമുള്ള 10 ന് ഉത്തരം നൽകിയാൽ മതി. 10ൽ കൂടുതൽ ഉത്തരം നൽകിയാൽ ആദ്യപത്തിന്റെ മാർക്കെടുക്കും. 
∙ ഒബ്ജക്ടീവ് ചോദ്യങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ വിവേകത്തോടെ പാലിക്കണം. എ വിഭാഗത്തിൽ ചോയ്സ് ഇല്ല. ചോദ്യങ്ങളെല്ലാം വായിക്കാൻ നേരം കളയരുത്. ആദ്യം മുതൽ മുറയ്ക്ക് ഒഎംആർ ഷീറ്റിൽ ശ്രദ്ധയോടെ ഉത്തരം അടയാളപ്പെടുത്തിപ്പോകുക. ബി വിഭാഗത്തിൽ ചോദ്യങ്ങളെല്ലാം വേഗം വായിച്ച് നല്ലവണ്ണം അറിയാവുന്ന 10 തിരഞ്ഞെടുത്ത് ഉത്തരം നൽകുക.
∙ വിഷമമുള്ള ചോദ്യത്തിൽ കൂടുതൽ നേരം പാഴാക്കരുത്. അത് ഒഴിവാക്കി അടുത്തവയിലേക്കു  പോകുക. ഉത്തരം ഊഹിച്ച് നെഗറ്റീവ് മാർക്ക് ക്ഷണിച്ചു വരുത്തരുത്.
∙സ്കിപ് ചെയ്തതിനു ശേഷം നൽകുന്ന ഉത്തരം ശരിയായ ചോദ്യനമ്പറിനു നേർക്കു തന്നെയെന്ന് ഉറപ്പാക്കുക
∙ കടലാസിലെ പരീക്ഷയിൽ മഷികൊണ്ട് അടയാളപ്പെടുത്തിയ ഉത്തരം തിരുത്താൻ കഴിയില്ലാത്തതിനാൽ, രണ്ടുവട്ടം ആലോചിച്ച ശേഷം എഴുതുക.
∙എന്തറിഞ്ഞുകൂടാ എന്നല്ല, എന്തറിയാം എന്നുവേണം ചിന്തിക്കാൻ. ടെൻഷൻ ഒഴിവാക്കുക. ആത്മവിശ്വാസത്തിൽ മുറുകെപ്പിടിക്കുക.

Photo Credit : Ktasimar / Shutterstock.com
Photo Credit : Ktasimar / Shutterstock.com

പരീക്ഷാഹാളിൽ ഇവ മറക്കരുത്
∙ ഡ്രസ് കോഡ് പാലിക്കണം. ഭാരിച്ചതോ നീണ്ട കൈയുളളതോ ആയ ഉടുപ്പ് അനുവദിക്കില്ല. ഷൂസ് പാടില്ല. കനംകുറഞ്ഞ ചെരിപ്പാകാം. മതാചാരപ്രകാരമുള്ള വിശേഷവസ്ത്രങ്ങൾ ധരിക്കുന്നവർ‌ പരിശോധനയ്ക്കായി നേരത്തേ പരീക്ഷാകേന്ദ്രത്തിലെത്തുക. 1.30ന് പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റടയ്ക്കുമെന്നാണ് വ്യവസ്ഥയെങ്കിലും, അവസാനനിമിഷം വരെ കാത്തിരിക്കാതെ മറ്റുള്ളവരും അഡ്മിറ്റ് കാർഡിൽ കാണിച്ചിട്ടുള്ള സമയത്ത് എത്തുക.
∙ ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്തവർ അതാണ് അഡ്മിറ്റ് കാർഡെന്നു തെറ്റിദ്ധരിക്കരുത്. അഡ്മിറ്റ് കാർഡ് തന്നെയെടുക്കുക.
∙പരീക്ഷാഹാളിലെ വിഡിയോ ചിത്രീകരണത്തിനു മുഖം മറയാതെ ഉയർത്തിയിരിക്കണം.

കുപ്പിവെള്ളം കൊണ്ടുപോകാം; ബോട്ടിൽ സുതാര്യമാകണം

water-bottle

∙നീറ്റ്–യുജി പരീക്ഷയെഴുന്ന കുട്ടികൾ പരീക്ഷാഹാളിൽ വാട്ടർ ബോട്ടിൽ കൊണ്ടുപോകരുതെന്ന് ഇൻഫർമേഷൻ ബുള്ളറ്റിന്റെ 45,49 പുറങ്ങളിലുണ്ട്. പക്ഷേ, സുതാര്യമായ വാട്ടർ ബോട്ടിൽ കൊണ്ടുപോകാമെന്ന് അഡ്മിറ്റ് കാർഡിന്റെ 3–ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും വിദ്യാർഥി വെള്ളം കൊണ്ടുവരാൻ മറന്നു പോയാൽ അവർക്കു വാട്ടർ ബോട്ടിൽ നൽകാനും നിർദേശമുണ്ട്.  
∙ പ്രമേഹരോഗമുണ്ടെന്ന തെളിവുണ്ടെങ്കിൽ, മുൻകൂട്ടി അനുമതി വാങ്ങി, അത്യാവശ്യത്തിന് പഴങ്ങൾ, ഷുഗർ ടാബ്‌ലറ്റുകൾ എന്നിവ.

English Summary:

NEET UG Exam Day Protocol: Know What To Bring and What To Avoid for Medical Entrance Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com