ADVERTISEMENT

സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുകയെന്നത് പലർക്കും പ്രയാസമുള്ള സംഗതിയാണ്. ഇത്തരത്തില്‍ സംസാരിക്കേണ്ടി വന്ന അവസരങ്ങളിലെല്ലാം കൈയും കാലും വിറച്ച്‌, തൊണ്ടയിടറി, വാക്കുകള്‍ കിട്ടാതെ, എന്താണ്‌ പറയേണ്ടതെന്നറിയാതെ മരവിച്ച്‌ നിന്നു പോയവരാണ്‌  നമ്മളില്‍ നല്ലൊരു പങ്കും. പൊതുവിടങ്ങളില്‍ സംസാരിക്കാനുള്ള ഈ ഭയത്തെ ഗ്ലോസോഫോബിയ എന്നാണ് പറയുന്നത്. പ്രഫഷനല്‍ ജീവിതത്തിലെ മുന്നോട്ടുള്ള കുതിപ്പിന്‌ ഈ ഭയത്തെ കീഴടക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിന്‌ സഹായിക്കുന്ന ആറ്‌ വഴികളെക്കുറിച്ച് മനശാസ്ത്ര വിദഗ്ധർ പറയുന്നതിങ്ങനെ :- 

1. മുൻകൂട്ടി തയാറെടുക്കാം
തീര്‍ത്തും അപ്രതീക്ഷിതമായി പ്രസംഗിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അപൂര്‍വമായിരിക്കും. പല സാഹചര്യങ്ങളിലും നമുക്ക്‌ ഇതിനെ പറ്റി മുന്‍കൂട്ടി അറിവ്‌ ലഭിക്കും. ഇതിനാല്‍ പ്രസംഗത്തിന്‌ വേണ്ടി തയാറെടുപ്പ്‌ നടത്താനുള്ള സമയം എന്തായാലും ലഭിക്കാറുണ്ട്‌. വിശദമായ ഒരു രൂപരേഖയും കുറിപ്പുകളും തയാറാക്കി വയ്‌ക്കുന്നത്‌ പ്രസംഗിക്കാന്‍ പോകുമ്പോള്‍ ആത്മവിശ്വാസം നല്‍കും. എന്താണ്‌ പറയാന്‍ പോകുന്നതെന്നും അതിന്റെ ക്രമം എന്താണെന്ന്‌ അറിയുന്നതും പ്രസംഗത്തെ എളുപ്പമാക്കും. 

2. നിരന്തര പരിശീലനം
വീട്ടില്‍ കണ്ണാടിയുടെ മുന്നിലോ മറ്റോ നിന്ന്‌ പ്രസംഗിച്ച്‌ പഠിക്കുന്നത്‌ ആത്മവിശ്വാസം വർധിപ്പിക്കും. ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ വരാവുന്ന ചോദ്യങ്ങളെയും മുന്‍കൂട്ടി കണ്ട്‌ അവയ്‌ക്കും മറുപടി നല്‍കി പരിശീലിക്കുന്നത്‌ ഗുണം ചെയ്യും. പ്രസംഗിക്കുമ്പോള്‍ എവിടെയാണ്‌ ശബ്ദവിന്യാസത്തില്‍ വ്യതിയാനം വരുത്തേണ്ടത്‌ എന്നെല്ലാം ഈ പരിശീലന ഘട്ടത്തില്‍ ആവര്‍ത്തിച്ച്‌ പറഞ്ഞുറപ്പിക്കേണ്ടതാണ്‌. 

3. ശ്വസന വ്യായാമങ്ങൾ ശീലിക്കാം
ഗ്ലോസോഫോബിയ നേരിടുന്നവര്‍ക്ക്‌ അവരുടെ നാഡീവ്യൂഹങ്ങളെ ശാന്തമാക്കാന്‍ ആഴത്തിലുള്ള ശ്വാസോച്ഛാസം പരീക്ഷിച്ച്‌ നോക്കാവുന്നതാണ്‌. പ്രസംഗവുമായി ബന്ധപ്പെട്ട സമ്മര്‍ദവും രക്തസമ്മര്‍ദവും കുറയ്‌ക്കാനും ശ്വസന വ്യായാമങ്ങള്‍ സഹായകമാണ്‌. വിവിധ തരത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ യൂടൂബിലും മറ്റും  ലഭ്യമാണ്‌. 

4. മനസ്സില്‍ ദൃശ്യവത്‌ക്കരിക്കുക
പ്രസംഗത്തിന്‌ വേണ്ടി മാനസികമായി തയാറെടുക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്‌ അതിനെ പറ്റി മനസ്സില്‍ ആലോചിച്ച്‌ നോക്കുന്നത്‌. നിങ്ങള്‍ വളരെ വിജയകരമായി പ്രസംഗിക്കുന്നതായും കരഘോഷത്തോടെ കാണികള്‍ അതിനെ സ്വാഗതം ചെയ്യുന്നതായും മനസ്സില്‍ ഭാവന ചെയ്‌തു നോക്കുക. ഇത്‌ നിങ്ങള്‍ എത്രയധികം തവണ ചെയ്യുന്നോ അത്രയും ആഴത്തില്‍ അത്‌ നിങ്ങളുടെ മനസ്സില്‍ പതിയുകയും നിങ്ങള്‍ മനസ്സില്‍ ദൃശ്യവത്‌ക്കരിച്ചത്‌ പോലെ തന്നെ പ്രസംഗം വിജയകരമായി നടക്കുകയും ചെയ്യും. 

5. ചെറിയ സംഘങ്ങളോട്‌ ആദ്യം സംസാരിക്കാം
വലിയൊരു വേദിയില്‍ പ്രസംഗിക്കാന്‍ പോകുന്നതിന്‌ മുന്‍പ്‌ നിങ്ങള്‍ക്ക്‌ സൗകര്യപ്രദമായ ചെറിയ വേദികളില്‍ പ്രസംഗിച്ച്‌ പരിശീലിക്കാം. ബന്ധുക്കളെയോ കൂട്ടുകാരെയോ വിളിച്ച്‌ കൂട്ടി അവരുടെ മുന്നില്‍ ആദ്യം പ്രസംഗിച്ച്‌ നോക്കാം. വീട്ടില്‍ ഏതെങ്കിലും ചടങ്ങോ മറ്റോ നടക്കുന്നുണ്ടെങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ പ്രസംഗപരിശീലനത്തിനായി ഉപയോഗപ്പെടുത്താം. 

6. തെറപ്പികൾ പ്രയോജനപ്പെടുത്താം
കടുത്ത ഗ്ലോസോഫോബിയ ഉള്ളവര്‍ക്ക്‌ കോഗ്നിറ്റീവ്‌ ബിഹേവിയറല്‍ തെറപ്പി, എക്‌സ്‌പോഷര്‍ തെറപ്പി പോലുള്ള ചികിത്സകളിലൂടെ പ്രസംഗത്തോടുള്ള ഭയത്തെ കുറയ്‌ക്കാന്‍ ശ്രമിക്കാവുന്നതാണ്‌. ഇതിന്‌ ഒരു മനശാസ്‌ത്ര വിദഗ്‌ധന്റെ സഹായം തേടാം. നിങ്ങളുടെ ഭയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി അവയെ ഫലപ്രദമായി നേരിടാനുള്ള വഴികള്‍ മനശാസ്‌ത്ര വിദഗ്‌ധന്‍ കണ്ടെത്തി നല്‍കും. 

English Summary:

Overcome Your Fear of Public Speaking: 6 Proven Methods to Conquer Glossophobia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com