എംബിബിഎസ് പ്രവേശനം: സംസ്ഥാനങ്ങളുടെ ചുമതല കുറയില്ലെന്ന് എൻഎംസി
Mail This Article
ന്യൂഡൽഹി ∙ എംബിബിഎസ് പ്രവേശനത്തിന് ഏകീകൃത കൗൺസലിങ് രീതി നടപ്പാക്കുന്നതോടെ സംസ്ഥാന മെഡിക്കൽ കൗൺസിലുകളുടെ ചുമതല കുറയുന്നില്ലെന്നും നടപടികൾ കൂടുതൽ സുതാര്യമാകുമെന്നും ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അധികൃതർ വിശദീകരിക്കുന്നു.
നിലവിൽ ഗവ. മെഡിക്കൽ കോളജുകളിലെ 15% അഖിലേന്ത്യാ ക്വോട്ടയിലേക്കും കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളിലേക്കും അഖിലേന്ത്യാ കൗൺസിലിങ്ങാണ്; ഗവ. മെഡിക്കൽ കോളജുകളിലെ ബാക്കി 85% സീറ്റുകളിലേക്കു സംസ്ഥാന കൗൺസലിങ് വേറെയും.
അഖിലേന്ത്യാ കൗൺസലിങ്ങിനു മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയിലും (എംസിസി) സംസ്ഥാന കൗൺസലിങ്ങിനു സംസ്ഥാന തലത്തിലും വെവ്വേറെ റജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നു. ഒന്നിലേറെ തവണ റജിസ്ട്രേഷൻ ഒഴിവാകുന്നത് വിദ്യാർഥികൾക്ക് ആശ്വാസമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇക്കുറി ജൂലൈയിൽ ആരംഭിച്ച കൗൺസലിങ് നടപടികൾ കഴിഞ്ഞമാസമാണു പൂർത്തിയായത്. ഈ കാലതാമസം വിദ്യാർഥികളുടെ പഠനത്തെ വരെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.