ആകാംക്ഷയ്ക്കും ആശങ്കയ്ക്കും വിട; മനസ്സു നിറച്ച് കണക്കു പരീക്ഷ
Mail This Article
ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയും ആണു കണക്കു പരീക്ഷയ്ക്ക് കുട്ടികൾ എത്തിയതെങ്കിലും നിറഞ്ഞ മനസ്സോടെയാകും തിരിച്ചുപോയിട്ടുണ്ടാവുക. മോഡൽ പരീക്ഷ എഴുതിയ കുട്ടികളെ സംബന്ധിച്ചിടത്തോളം സമാന നിലവാരത്തിലും മാതൃകയിലും ഉള്ള ചോദ്യക്കടലാസ് ആയിരുന്നതുകൊണ്ട് അപരിചിത്വം തോന്നിക്കാണില്ല. കുറച്ചു പാഠഭാഗങ്ങളെങ്കിലും പഠിച്ച കുട്ടിക്ക് വിജയം ഉറപ്പ്. കൃത്യമായ തയാറെടുപ്പോടെ പഠിച്ചവർക്ക് എ പ്ലസ് കിട്ടാനും ബുദ്ധിമുട്ട് ഉണ്ടാവില്ല.
പ്രതീക്ഷിച്ചപോലെ 2 മാർക്കിന്റെ ചോദ്യങ്ങൾ ഏറെയും ബുദ്ധിമുട്ടിക്കാത്തവ ആയിരുന്നു. എന്നാൽ, നാലാം ചോദ്യം ചെറിയൊരു കെണി ആയിരുന്നു. ചിത്രം മാത്രം നോക്കി ഉത്തരമെഴുതിയവർ തെറ്റിക്കാനാണു സാധ്യത. 5 മുതൽ 10 വരെയുള്ള ചോദ്യങ്ങൾ നേരിട്ടുള്ളതും അടിസ്ഥാനാശയങ്ങളിൽ ഊന്നിയവയും ആയിരുന്നു. സൂചകസംഖ്യകൾ അടയാളപ്പെടുത്താനുള്ള അഞ്ചാം ചോദ്യത്തിന് ഗ്രാഫ് പേപ്പർ കൊടുത്തത് വിപരീത ഫലം ഉണ്ടാക്കാനും സാധ്യതയുണ്ട്. ചില സ്കൂളുകളിലെങ്കിലും അത്തരത്തിൽ പരിചയപ്പെടുത്തിയിട്ടണ്ടാവില്ല. 13–ാം ചോദ്യത്തിന്റെ ആദ്യ 2 ഉപചോദ്യങ്ങളും ലളിതമായിരുന്നെങ്കിലും മൂന്നാമത്തേത് ചിന്തിപ്പിക്കുന്നതായിരുന്നു.
ത്രികോണമിതിയുമായി ബന്ധപ്പെട്ട 16, 24 ചോദ്യങ്ങൾ മിക്കവർക്കും നന്നായി എഴുതാൻ സാധിച്ചിട്ടുണ്ടാകും. എന്നാൽ, ത്രികോണമിതിയുടെ തന്നെ 17–ാം ചോദ്യം കുട്ടികളെ പരീക്ഷിക്കുന്നതായിരുന്നു. സമഷഡ്ഭുജത്തിന്റെ പ്രത്യേകതകൾ ഓർത്തെടുത്തവർക്കേ അതു പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടാകു. 24–ാം ചോദ്യം സങ്കീർണമായ ക്രിയകളില്ലാതെ പൂർത്തിയാക്കാനാവും.
പലരും ആശങ്കയോടെ കാണുന്ന ബഹുപദങ്ങളിൽ നിന്നു വന്ന ചോദ്യം അതീവലളിതമായിരുന്നു. മാർക്ക് വാരിയെടുക്കാവുന്ന നിർമിതികളും മധ്യമവും ശരാശരിക്കാരുടെ പ്രതീക്ഷ തെറ്റിച്ചില്ല. ഖണ്ഡിക വായിച്ച് ഉത്തരമെഴുതേണ്ട 29–ാം ചോദ്യം സമാന്തരശ്രേണികൾ മനസ്സിലാക്കി പഠിച്ചവർക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റും. ചുരുക്കിപ്പറഞ്ഞാൽ ഒരേ സമയം എല്ലാ തരത്തിലുമുള്ള കുട്ടികളെ പരിഗണിച്ച പരീക്ഷ എന്നു പറയാം.