ADVERTISEMENT

തിരുവനന്തപുരം : സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ ‘പിഎം ശ്രീ’യിൽ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) കേരളവും പങ്കാളിയാകുമ്പോൾ ഗുണം ലഭിക്കുക പരമാവധി 336 സ്കൂളുകൾക്ക്. ഈ സ്കൂളുകൾക്ക് പ്രതിവർഷം 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിവിധ പദ്ധതികൾക്കു ലഭിക്കും. ഇതിൽ 60% കേന്ദ്രവിഹിതവും 40% സംസ്ഥാനവിഹിതവുമാണ്. പദ്ധതി 2022–23 അധ്യയന വർഷം മുതൽ 2026–27 വരെയാണ്. അതനുസരിച്ച് ആദ്യ 2 വർഷവും പദ്ധതിയിൽ ചേരാതിരുന്ന കേരളത്തിന് ശേഷിച്ച 3 വർഷത്തെ ഫണ്ടാണ് ലഭിക്കേണ്ടത്. എന്നാൽ 5 വർഷത്തെ ഫണ്ടും നൽകാമെന്ന് കേന്ദ്രം അറിയിച്ചെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിനു (ബിആർസി) കീഴിൽ പരമാവധി 2 സ്കൂളുകൾക്കാണ് (ഒരു പ്രൈമറി സ്കൂളും ഒരു സെക്കൻഡറി സ്കൂളും) പിഎം ശ്രീ പദ്ധതിയിൽ ഇടം ലഭിക്കുക. മൊത്തം 168 ബിആർസികളാണുള്ളത്. സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടാൽ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ സ്കൂളുകൾക്കും അപേക്ഷിക്കാം. സംസ്ഥാനതല സമിതിയാണ് സ്കൂളുകളെ തിരഞ്ഞെടുക്കുക. സർക്കാർ സ്കൂളുകൾക്കുള്ള പദ്ധതിയാണിത്. എയ്ഡഡ് സ്കൂളുകളുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്.

എസ്എസ്കെ (സമഗ്ര ശിക്ഷാ കേരളം) പദ്ധതികളുടെ ഫണ്ട് കുടിശിക ഉൾപ്പെടെ നൽകില്ലെന്ന് കേന്ദ്രം ഭീഷണി മുഴക്കിയതോടെയാണ് ഇപ്പോൾ പങ്കാളിയാകാൻ നിർബന്ധിതരായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ 37.5% രൂപയാണു കേന്ദ്രം തടഞ്ഞിരുന്നത്. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്കു മുന്നിൽ ‘പിഎം ശ്രീ’ എന്നു ചേർക്കണമെന്നാണു നിബന്ധനകളിലൊന്ന്. ഇതു പാലിക്കാൻ സാധിക്കില്ലെന്ന കാരണത്താലാണു പല സംസ്ഥാനങ്ങളും എതിർപ്പുയർത്തിയത്. കേരളവും തമിഴ്നാടും ഇപ്പോൾ സമ്മതം അറിയിച്ചു.

തിരഞ്ഞെടുപ്പ് ഇങ്ങനെ
സ്കൂളിലെ വിദ്യാർഥികളുടെ നില സംസ്ഥാന ശരാശരിയേക്കാൾ കൂടുതലായിരിക്കണം, കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകണം. ‌വർഷത്തിൽ 4 തവണ അപേക്ഷ ക്ഷണിക്കും. പിഎം ശ്രീ സ്കൂളുകളെല്ലാം ഗ്രീൻ ബിൽഡിങ്ങുകളാകണ മെന്നാണു നിഷ്കർഷിച്ചിരിക്കുന്നത്.

വി.ശിവൻകുട്ടി (File Photo: Sreelakshmi Sivadas / Manorama)
വി.ശിവൻകുട്ടി (File Photo: Sreelakshmi Sivadas / Manorama)

‘കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ പല നിർദേശങ്ങളോടും കേരളത്തിന് എതിർപ്പുണ്ട്. ‘പിഎം ശ്രീ’ കേരളത്തിൽ നടപ്പാക്കുക പ്രത്യേക സാഹചര്യം കണക്കിലെടുത്താകും. ചേർന്നില്ലെങ്കിൽ എസ്എസ്കെ ഫണ്ടിനത്തിലടക്കം കഴിഞ്ഞ വർഷവും ഈ വർഷവും കേന്ദ്രം നൽകേണ്ട 978 കോടി രൂപ കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ്’
( വി.ശിവൻകുട്ടി  , വിദ്യാഭ്യാസ മന്ത്രി ) 
 

English Summary:

336 Schools to Benefit from Central Government's PM Shri Initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com