10–ാം ക്ലാസ് ജയിക്കാൻ എഴുത്തുപരീക്ഷയ്ക്ക് 30% മാർക്ക്; പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ കോൺക്ലേവ് 28ന്
Mail This Article
തിരുവനന്തപുരം : പത്താം ക്ലാസ് ജയിക്കാൻ എഴുത്തുപരീക്ഷയ്ക്ക് 30% മാർക്ക് വേണമെന്നതുൾപ്പടെയുള്ള പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവ് 28നു തിരുവനന്തപുരത്തു നടക്കും. വിദ്യാഭ്യാസ വിദഗ്ധർക്കൊപ്പം അധ്യാപകസംഘടനാ പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.
പുതിയ അധ്യയനവർഷത്തിനു തുടക്കം കുറിക്കുന്ന ജൂൺ മൂന്നിന് സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ അധ്യാപകസംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്നലെ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു.
10–ാം ക്ലാസ് ജയിക്കാൻ എഴുത്തുപരീക്ഷയ്ക്കു മിനിമം സ്കോർ നിർബന്ധമാക്കുന്നതി ന്റെ ഗുണവശങ്ങൾ വ്യക്തമാക്കി മലയാള മനോരമ ഇന്നലെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. അധ്യാപക സംഘടനകളും പൊതുവേ ഈ തീരുമാനത്തെ പിന്തുണച്ചു. പഠനനിലവാരം ഉയർത്തുന്ന പദ്ധതികൾക്കാണ് പുതിയ അധ്യയനവർഷം മുൻതൂക്കം നൽകുന്നതെന്നു മന്ത്രി വ്യക്തമാക്കി. അവധിക്കാല അധ്യാപക പരിശീലനവും ഈ ലക്ഷ്യം മുൻനിർത്തിയാകും. സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു വലിയ പ്രാധാന്യം നൽകണമെന്നു മന്ത്രി നിർദേശിച്ചു.
സ്കോളർഷിപ് കുടിശിക ഒരു മാസത്തിനകം
സ്കോളർഷിപ് പരീക്ഷയുടെ കുടിശിക നൽകാത്തതുൾപ്പെടെ വിവിധ പ്രശ്നങ്ങൾ അധ്യാപകസംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. എൽഎസ്എസ് – യുഎസ്എസ് പരീക്ഷാ വിജയികൾക്കുള്ള സ്കോളർഷിപ് കുടിശിക നൽകാൻ 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
താൽക്കാലിക അധ്യാപകർക്കും ഇനി പരിശീലനം: സ്കൂൾ തുറന്നശേഷം പ്രത്യേക ക്യാംപ് പരിഗണനയിൽ
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപകർക്കും ഇനി പരിശീലനം. നിലവിൽ സ്ഥിരം അധ്യാപകർക്കു മാത്രമാണ് അവധിക്കാല പരിശീലനം. ദിവസവേതനത്തിനു നിയമിക്കുന്ന ആയിരക്കണക്കിന് അധ്യാപകർക്കും പരിശീലനം നൽകണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഭാവിയിൽ നിയമനവുമായി ബന്ധപ്പെട്ട നിയമ പ്രശ്നത്തിനടക്കം വഴിവയ്ക്കുമെന്നു ചൂണ്ടിക്കാട്ടി അംഗീകരിച്ചിരുന്നില്ല.
എന്നാൽ, ഓരോ വർഷവും നിയമിതരാകുന്ന പതിനായിരത്തിലേറെ താൽക്കാലിക അധ്യാപകർക്കു പരിശീലനം നൽകാതിരുന്നാൽ അധ്യയന നിലവാരത്തെ ബാധിക്കുമെന്നു വിലയിരുത്തിയാണ് ഇപ്പോൾ നിലപാട് മാറ്റുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യത്തിൽ നിയമോപദേശവും തേടിയിരുന്നു. അധ്യയനവർഷം ആരംഭിച്ചശേഷമേ പല സ്കൂളുകളിലും താൽക്കാലിക അധ്യാപക നിയമനങ്ങൾ പൂർത്തിയാകൂ എന്നതിനാൽ അവധിക്കാല പരിശീലന ക്യാംപിൽ അവരെ ഉൾപ്പെടുത്താനാകില്ല. താൽക്കാലിക അധ്യാപകർക്കായി പ്രത്യേക പരിശീലന ക്യാംപ് നടത്തുന്നതടക്കം പരിഗണിക്കുന്നുണ്ട്.