ഉടൻ കുടിശിക തീർക്കണം, ഇല്ലെങ്കിൽ വൈദ്യുതിയില്ല: ബംഗ്ലദേശിനോട് അദാനി ഗ്രൂപ്പ്
Mail This Article
ന്യൂഡൽഹി ∙ നവംബർ ഏഴിനകം വൈദ്യുതി കുടിശിക അടച്ചില്ലെങ്കിൽ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കുമെന്ന് അദാനി ഗ്രൂപ്പ്. 7200 കോടി രൂപയോളമാണ് കുടിശിക ഇനത്തിൽ കമ്പനിക്ക് ലഭിക്കാനുള്ളത്. കുടിശിക വർധിച്ചതിനെത്തുടർന്ന് ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് ഭാഗികമായി നിർത്തി. ഒക്ടോബർ 31 മുതലാണ് ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് കമ്പനി ഭാഗികമായി നിർത്തിയത്.
1496 മെഗാവാട്ട് ബൈദ്യുതി നൽകേണ്ട സ്ഥാനത്ത് 724 മെഗാവാട്ട് മാത്രമാണ് വെള്ളിയാഴ്ച ബംഗ്ലദേശിന് നൽകിയത്. ഒക്ടോബർ 30ന് മുൻപ് കുടിശിക അടയ്ക്കാൻ ബംഗ്ലദേശ് പവർ ഡവലപ്മെന്റ് ബോർഡിന് നിർദേശം നൽകണമെന്ന് അദാനി ഗ്രൂപ്പ് ബംഗ്ലദേശ് പവർ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിക്കപ്പെട്ടതോടെയാണ് വൈദ്യുതി വിതരണത്തിൽ കുറവു വരുത്തിയത്. പണം എന്ന് അടയ്ക്കുമെന്നതിൽ വ്യക്തത ഇല്ലാതെ വന്നതോടെയാണ് അദാനി ഗ്രൂപ്പ് കടുത്ത നടപടികൾക്ക് മുതിർന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.