‘ജാർഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കും; ഗോത്ര ജനതയെ ഒഴിവാക്കും, 5 ലക്ഷം തൊഴിൽ’
Mail This Article
റാഞ്ചി∙ അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്നും ഗോത്ര വർഗക്കാരെ അതിൽനിന്ന് ഒഴിവാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളും ഖനികളും മൂലം വീടും സ്ഥലവും വിട്ട് ഒഴിഞ്ഞുപോകേണ്ടി വന്നവരുടെ പുനരധിവാസത്തിനായി ഡിസ്പ്ലേസ്മെന്റ് കമ്മിഷൻ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഞങ്ങളുടെ സർക്കാർ ജാർഖണ്ഡിൽ യുസിസി നടപ്പാക്കും. എന്നാൽ ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കും. യുസിസി ഗോത്ര വിഭാഗങ്ങളുടെ അവകാശത്തെയും സംസ്കാരത്തെയും ബാധിക്കുമെന്ന വ്യാജ സിദ്ധാന്തം ഇറക്കുകയാണ് ജെഎംഎം സർക്കാർ. അത് അടിസ്ഥാനരഹിതമാണ്. അധികാരത്തിലെത്തിയാൽ 5 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കും. ഇതിൽ 2.8 ലക്ഷം തൊഴിലവസരം സർക്കാർ മേഖലയിൽ ആയിരിക്കും.
ജാർഖണ്ഡിലെ ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ സിബിഐയും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കും. ഹിന്ദുക്കൾക്കുനേരെ ആക്രമണം അതിരൂക്ഷമാണ്. പ്രീണനം വളരെയധികമാണ്. ഇന്ത്യയിലെ ഏറ്റവും അഴിമതിയുള്ള സംസ്ഥാനം ജാർഖണ്ഡാണ്’’ – അമിത് ഷാ പറഞ്ഞു.
81 അംഗ നിയമസഭയിലേക്ക് രണ്ടുഘട്ടമായി നവംബർ 13നും 20നുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബർ 23ന്.