ADVERTISEMENT

ന്യൂഡൽഹി : നിർബന്ധിത ഇന്റേൺഷിപ്, ഇന്ത്യൻ നോളജ് സിസ്റ്റം ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പഠനം എന്നിവയെല്ലാം ഉൾപ്പെടുത്തി ബിബിഎ പാഠ്യപദ്ധതി പുതുക്കി. ബിബിഎ കോഴ്സ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എഐസിടിഇ) കീഴിലാക്കിയതിന്റെ ഭാഗമായിട്ടാണു പുതിയ പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്.

4 വർഷ കോഴ്സായി വിഭാവനം ചെയ്തിരിക്കുന്ന പുതിയ ബിബിഎ ഘടനയിൽ, ആദ്യ വർഷം പൂർത്തിയാക്കിയാൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ സർട്ടിഫിക്കറ്റും രണ്ടാം വർഷം പൂർത്തിയാക്കിയാൽ ഡിപ്ലോമയും ലഭിക്കും. മൂന്നാം വർഷം പൂർത്തിയാക്കുമ്പോൾ ബിരുദം. 4 വർഷത്തെ സമ്പൂർണ കോഴ്സ് പൂർത്തിയാക്കിയാൽ ബിബിഎ (ഓണേഴ്സ്), ബിബിഎ(ഓണേഴ്സ് വിത്ത് റിസർച്) ബിരുദങ്ങളാകും ലഭിക്കുക.

കോഴ്സ് ആരംഭിക്കുന്നതിനു മുൻപു 3 ആഴ്ച ദൈർഘ്യമുള്ള ഇൻഡക്‌ഷൻ പ്രോഗ്രാം ഒരുക്കണം. എല്ലാ സെമസ്റ്ററിലും വ്യവസായ സന്ദർശനം ക്രമീകരിക്കണമെന്നും അഞ്ചാം സെമസ്റ്റിന്റെ ഇടവേളയിൽ ഒരാഴ്ച വ്യവസായ–സംരംഭകത്വ ശിൽപശാല ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. എല്ലാ സെമസ്റ്ററിലും പഠനമേഖലയിലെ വിദഗ്ധരുടെ പ്രഭാഷണവും നിർബന്ധമാണ്.

ഇന്ത്യൻ നോളജ് സിസ്റ്റം, മാധ്യമ പഠനം, ഇന്ത്യൻ സിസ്റ്റം ഓഫ് ഹെൽത്ത് ആൻഡ് വെൽനെസ് എന്നിവയാണ് ആദ്യ 3 സെമസ്റ്ററിലെ മൾട്ടി ഡിസിപ്ലിനറി പഠനഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന, യോഗ തുടങ്ങിയ വിഷയങ്ങൾ വാല്യൂ ആഡഡ് കോഴ്സായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വർഷത്തിനു ശേഷം വിദ്യാർഥികൾ ഏതെങ്കിലും സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കണമെ ന്നും രണ്ടാം വർഷത്തിനു ശേഷം 8 ആഴ്ച നീളുന്ന ഇന്റേൺഷിപ്പിൽ ഭാഗമാകണമെന്നും നിർദേശിക്കുന്നു. ഇന്റേൺഷിപ്പിന് അഞ്ചാം സെമസ്റ്ററിൽ നിശ്ചിത ക്രെഡിറ്റ് അനുവദിക്കും. ഡൽഹിയിലെ അംബേദ്കർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. അനു സിങ് ലാതറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണു മാതൃകാ പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്.
 

English Summary:

New BBA Curriculum Revolution: Mandatory Internships and Indian Knowledge Integration for Future Business Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com