പ്ലസ്ടു കഴിഞ്ഞോ?; കര,നാവിക,വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാം, പ്രവേശനത്തെക്കുറിച്ച് വിശദമായറിയാം
Mail This Article
കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ? പ്ലസ്ടു കഴിഞ്ഞ് ശാസ്‌ത്രീയപരിശീലനത്തിലൂടെ അത്തരമൊരു കരിയറിനു വഴിയൊരുക്കുകയാണ് പുണെയ്‌ക്കു സമീപം ഖഡക്‌വാസലയിലെ നാഷനൽ ഡിഫൻസ് അക്കാദമിയും കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയും. യുപിഎസ്‌സി സെപ്റ്റംബർ ഒന്നിനു നടത്തുന്ന ദേശീയതല പരീക്ഷയിലൂടെയാകും പരിശീലനത്തിനുള്ള കെഡറ്റുകളെ തിരഞ്ഞെടുക്കുക.
ആകെ സീറ്റ് 404
എൻഡിഎ: 370
∙ ആർമി 208 (ഇതിൽ 10 പെൺകുട്ടികൾക്ക്)
∙ നേവി 42 (ഇതിൽ 6 പെൺകുട്ടികൾക്ക്)
∙ എയർഫോഴ്‌സ് 120 (ഫ്ലയിങ് 92, ഗ്രൗണ്ട് ഡ്യൂട്ടീസ് ടെക് 18, ഗ്രൗണ്ട് ഡ്യൂട്ടീസ് നോൺ–ടെക് 10. മൂന്നു വിഭാഗങ്ങളിലും 2 വീതം സീറ്റ് പെൺകുട്ടികൾക്ക്)
ഏഴിമല നേവൽ അക്കാദമി: 34 (പെൺകുട്ടികൾക്ക് 5 )
പ്രവേശനയോഗ്യത
നാവികസേനയിലോ വ്യോമസേനയിലോ എത്തിച്ചേരണമെങ്കിൽ പ്ലസ്‌ടുവിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം. ഐച്ഛിക വിഷയങ്ങൾ ഏതായാലും കരസേനയിലേക്കു പരിഗണിക്കും.
∙ പ്രായം: 2006 ജനുവരി രണ്ട് - 2009 ജനുവരി ഒന്ന് കാലയളവിൽ ജനിച്ചവരാകണം.
∙ മറ്റു വ്യവസ്ഥകൾ: അവിവാഹിതരായിരിക്കണം, മികച്ച ആരോഗ്യവും നിർദിഷ്‌ട ശാരീരികയോഗ്യതകളും വേണം. വിശദമായ വൈദ്യപരിശോധനയുണ്ട്.
അപേക്ഷ ജൂൺ 4 വരെ
www.upsconline.nic.in എന്ന വെബ് സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ട്, ജൂൺ 4നു വൈകിട്ട് 6 വരെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ കിട്ടുന്ന മുറയ്ക്ക് കേന്ദ്രം അലോട്ട് ചെയ്യുന്നതിനാൽ നേരത്തേ അപേക്ഷിക്കുന്നതു നന്ന്.
∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്.
∙ ഫീസ്: 100 രൂപ. എസ്ബിഐ ശാഖ വഴിയോ ഓൺലൈനായോ അടയ്‌ക്കാം. പട്ടികവിഭാഗക്കാർ, പെൺകുട്ടികൾ, നിർദിഷ്ട സൈനികരുടെ മക്കൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല. ചേരാൻ താൽപര്യമുള്ള സർവീസുകളുടെ മുൻഗണനാക്രമം അപേക്ഷയിൽ കാണിക്കണം.
പ്രവേശനപരീക്ഷ
ഒബ്‌ജക്ടീവ് ചോദ്യങ്ങളുള്ള രണ്ടു പേപ്പറുകൾ. ഓരോന്നും രണ്ടര മണിക്കൂർ. മാത്‌സ് 300 മാർക്ക്, ജനറൽ എബിലിറ്റി 600 മാർക്ക്. തെറ്റിനു മാർക്ക് കുറയ്ക്കും. ജനറൽ എബിലിറ്റി പേപ്പറിൽ ജനറൽ ഇംഗ്ലിഷ്, പൊതുവിജ്‌ഞാനം എന്നിവയുണ്ട്. പൊതുവിജ്‌ഞാനത്തിൽ പല വിഷയങ്ങളും ഉൾപ്പെടും- ഫിസിക്‌സ്, കെമിസ്‌ട്രി, ജനറൽ സയൻസ്, ചരിത്രം, സ്വാതന്ത്ര്യസമരം, ഭൂമിശാസ്‌ത്രം, ആനുകാലികസംഭവങ്ങൾ എന്നിങ്ങനെ. സിലബസ് യുപിഎസ്‌സി വിജ്‌ഞാപനത്തിലുണ്ട്. മുൻപരീക്ഷച്ചോദ്യങ്ങൾ ഉപയോഗിച്ചുള്ള പരിശീലനവും പ്രധാനം.
പരീക്ഷയിൽ മാത്തമാറ്റിക്കൽ ടേബിൾസോ കാൽക്കുലേറ്ററോ അനുവദിക്കില്ല. കരസേനയിലെ നിയമനം മനസ്സിൽക്കണ്ട്, സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്കും അപേക്ഷിക്കാമെങ്കിലും, പരീക്ഷയിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയവയിലെ ചോദ്യങ്ങളും ഉണ്ടായിരിക്കുമെന്ന് ഓർക്കണം.
എസ്എസ്ബി ഇന്റർവ്യൂ
എഴുത്തുപരീക്ഷയിൽ മികവുള്ളവർക്ക് തുടർന്ന് 900 മാർക്കിന്റെ എസ്‌എസ്‌ബി (സർവീസസ് സിലക്‌ഷൻ ബോർഡ്) ഇന്റർവ്യൂ ഉണ്ട്, 5 ദിവസത്തോളം നീളുന്ന സമഗ്രവ്യക്‌തിത്വ പരിശോധനയാണിത്. കായികവും മാനസികവുമായ ശേഷികളും അഭിരുചികളും സൂക്ഷ്മമായി വിലയിരുത്തിയാണ് സൈനികസേവനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുക്കുന്നത്. ആഴത്തിൽ മനസ്സിലാക്കി, പ്രായോഗികപരിശീലനം നേടണം.
www.joinindianarmy.nic.in / www.joinindiannavy.gov.in എന്നീ സൈറ്റുകളിൽ ലോഗിൻ ചെയ്താൽ യഥാക്രമം ആർമി / നേവി ഒന്നാം ചോയ്സായി നൽകിയവരുടെ എസ്എസ്ബി കേന്ദ്രവും തീയതിയും അറിയാം. എയർഫോഴ്സ് ഒന്നാം ചോയ്സ് ആയിട്ടുള്ളവരും ആർമി സൈറ്റിൽ ലോഗിൻ ചെയ്യണം.
പ്രാഥമിക ട്രെയിനിങ്
2025 ജുലൈ 2 മുതൽ 3 വർഷമാണ് എൻഡിഎയിലെ പ്രാഥമിക ട്രെയിനിങ്. ഇതു പൂർത്തിയാക്കുമ്പോഴോ തുടർന്ന് പ്രീ–കമ്മിഷൻ ട്രെയിനിങ് വേളയിലോ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ബിടെക് / ബിഎസ്‌സി / ബിഎ ബിരുദം ലഭിക്കും. പാസിങ് ഔട്ട് കഴിഞ്ഞ് ആർമി, നേവി, എയർഫോഴ്‌സ് വിഭാഗക്കാരെ വിശേഷ ട്രെയിനിങ്ങിനായി ഡെറാഡൂൺ/ എഴിമല/ ഹൈദരാബാദ്/ ബെംഗളൂരു കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കും.
ആർമിക്കാർക്ക് ഒരു വർഷത്തിനു ശേഷം ലഫ്‌റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മിഷൻ ലഭിക്കും. നേവിക്കാർക്ക് ഏഴിമലയിൽ ഒരു വർഷത്തെ ട്രെയിനിങ്ങിനു ശേഷം സബ് ലഫ്‌റ്റനന്റ് ആകാം. എയർ ഫോഴ്‌സ് ഫ്ലയിങ്ങുകാർക്കാകട്ടെ, ഒന്നര വർഷം പറക്കൽ പരിശീലനമുണ്ട്. ഇതിൽ ഒരു വർഷത്തെ പരിശീലനം കഴിയുമ്പോൾ ഫ്ലയിങ് ഓഫിസർ റാങ്കിൽ സ്ഥിരം കമ്മിഷൻ ലഭിക്കും. ഗ്രൗണ്ട് ഡ്യൂട്ടിക്കാർക്ക് ഒരു വർഷത്തെ പരിശീലനത്തിനു ശേഷം ഇതേ സ്ഥിരം കമ്മിഷൻ ലഭിക്കും. കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷത്തെ പരിശീലനത്തിനു ശേഷം ബിടെക് കിട്ടും. വിശേഷപരിശീലനകാലത്ത് ഗണ്യമായ പ്രതിമാസ സ്‌റ്റൈപെൻഡുണ്ട്. തുടർന്ന് കമ്മിഷൻഡ് ഓഫിസറാകുന്നതോടെ ആകർഷക വേതനത്തിനു പുറമേ ഒട്ടേറെ ആനൂകൂല്യങ്ങളും ലഭിക്കും.
പൈലറ്റ് പരീക്ഷയും
വ്യോമസേനയിലെ ഫ്ലയിങ് ബ്രാഞ്ചിൽ ചേരേണ്ടവർ പൈലറ്റ്–അഭിരുചി നിർണയിക്കുന്ന ‘കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്‌ഷൻ സിസ്റ്റം’ (CPSS) പരീക്ഷ കൂടി ജയിക്കണം. ജീവിതത്തിൽ ഒരു തവണ മാത്രം പങ്കെടുക്കാവുന്ന പരീക്ഷയാണിത്. നേവിയിലെ പൈലറ്റ് നിയമനത്തിനും സിപിഎസ്എസ് ജയിച്ചിരിക്കണം.
പഠനം സൗജന്യം
എൻഡിഎയിലെ പഠനച്ചെലവ് മുഴുവൻ സർക്കാർ വഹിക്കും. താമസം, ഭക്ഷണം, യൂണിഫോം, രോഗചികിത്സ, പുസ്‌തകങ്ങൾ തുടങ്ങി സർവ ഇനങ്ങളും സൗജന്യം. ആകെ കൊടുക്കേണ്ടത്, പോക്കറ്റ് അലവൻസടക്കം 35,376 രൂപയും മറ്റു ചെറുതുകകളും മാത്രം. കേരളീയ വിദ്യാർഥികൾക്കെല്ലാം കേരള സർക്കാരിന്റെ 2 ലക്ഷം രൂപ സ്കോളർഷിപ്പുണ്ട്.
2025 ജുലൈ 2 മുതൽ 3 വർഷമാണ് എൻഡിഎയിലെ പ്രാഥമിക ട്രെയിനിങ്. ഇതു പൂർത്തിയാക്കുമ്പോഴോ തുടർന്ന് പ്രീ–കമ്മിഷൻ ട്രെയിനിങ് വേളയിലോ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ബിടെക് / ബിഎസ്‌സി / ബിഎ ബിരുദം ലഭിക്കും. പാസിങ് ഔട്ട് കഴിഞ്ഞ് ആർമി, നേവി, എയർഫോഴ്‌സ് വിഭാഗക്കാരെ വിശേഷ ട്രെയിനിങ്ങിനായി ഡെറാഡൂൺ/ എഴിമല/ ഹൈദരാബാദ്/ ബെംഗളൂരു കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കും. ആർമിക്കാർക്ക് ഒരു വർഷത്തിനു ശേഷം ലഫ്‌റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മിഷൻ ലഭിക്കും. നേവിക്കാർക്ക് ഏഴിമലയിൽ ഒരു വർഷത്തെ ട്രെയിനിങ്ങിനു ശേഷം സബ് ലഫ്‌റ്റനന്റ് ആകാം. എയർ ഫോഴ്‌സ് ഫ്ലയിങ്ങുകാർക്കാകട്ടെ, ഒന്നര വർഷം പറക്കൽ പരിശീലനമുണ്ട്. ഇതിൽ ഒരു വർഷത്തെ പരിശീലനം കഴിയുമ്പോൾ ഫ്ലയിങ് ഓഫിസർ റാങ്കിൽ സ്ഥിരം കമ്മിഷൻ ലഭിക്കും. ഗ്രൗണ്ട് ഡ്യൂട്ടിക്കാർക്ക് ഒരു വർഷത്തെ പരിശീലനത്തിനു ശേഷം ഇതേ സ്ഥിരം കമ്മിഷൻ ലഭിക്കും. കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷത്തെ പരിശീലനത്തിനു ശേഷം ബിടെക് കിട്ടും. വിശേഷപരിശീലനകാലത്ത് ഗണ്യമായ പ്രതിമാസ സ്‌റ്റൈപെൻഡുണ്ട്. തുടർന്ന് കമ്മിഷൻഡ് ഓഫിസറാകുന്നതോടെ ആകർഷക വേതനത്തിനു പുറമേ ഒട്ടേറെ ആനൂകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in എന്ന സൈറ്റിലെ Examination – Active Examinations ലിങ്കിൽ വിജ്ഞാപനമുണ്ട്. ഫോൺ: 011-23385271