ADVERTISEMENT

ഏഴു വർഷം മുൻപു കോളജ് പഠനത്തിനിടയിലാണ് അർജുൻ ആദ്യ പിഎസ്‌സി പരീക്ഷയെഴുതിയത്. അതിൽത്തന്നെ ആദ്യ വിജയവും കുറിച്ചു. സിവിൽ പൊലീസ് ഓഫിസർ ലിസ്റ്റിൽ ഇടം നേടി ഫിസിക്കൽ ടെസ്റ്റ് എന്ന കടമ്പയും കടന്നതോടെ ‘അർജുനെ പൊലീസിലെടുത്തേ...’ എന്നു നാട്ടിലാകെ പാട്ടായി. കോപ്പിയടി വിവാദത്തെത്തുടർന്ന് സിപിഒ ലിസ്റ്റ് വെട്ടിച്ചുരുക്കിയതോടെ അർജുന്റെ മോഹത്തിനും വിലങ്ങു വീണു. ‘ഇതുവരെ ജോലി ആയില്ലേ’ എന്ന നിരന്തര പരിഹാസമായി പിന്നെ. ലിസ്റ്റിൽ വന്നിട്ടും ഫിസിക്കൽ ടെസ്റ്റ് പാസായിട്ടും ജോലി കിട്ടാതെ പോയല്ലോ എന്ന സഹതാപം വേറെ. അതോടെ അർജുൻ തീരുമാനിച്ചു– എങ്ങനെയും സർക്കാർ ജോലി നേടും. ആ വാശിയാണ് ഒട്ടേറെ റാങ്ക് ലിസ്റ്റുകളുടെ മുൻനിരയിൽ പി.കെ.അർജുൻ എന്ന പേര് എഴുതിച്ചേർത്തത്. കൈവിട്ടുപോയ സിപിഒ പരീക്ഷയിൽ 16–ാം റാങ്ക് നേടി മധുരപ്രതികാരം ചെയ്ത അർജുൻ അസിസ്റ്റന്റ് സെയിൽസ്മാൻ (3–ാം റാങ്ക്), എൽഡി ക്ലാർക്ക് (18–ാം റാങ്ക്), ജയിൽ സൂപ്രണ്ട് (26–ാം റാങ്ക്), എക്സൈസ് ഇൻസ്പെക്ടർ (49–ാം റാങ്ക്) പരീക്ഷകളിലും വെന്നിക്കൊടി നാട്ടി നാട്ടിലെ വിജയതാരമായി. പൊലീസ് സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ നിയമന ശുപാർശകൾ കാത്തിരി ക്കുന്ന അർജുനോട് പണ്ടു പരിഹസിച്ചവർ ഉൾപ്പെടെ ഇപ്പോൾ ചോദിക്കുന്നത് ‘എത്ര സർക്കാർ ജോലി കിട്ടി’ എന്നാണ്! കോഴിക്കോട് മുക്കം സ്വദേശിയായ അർജുൻ ഇപ്പോൾ മലപ്പുറം മാറാക്കര പഞ്ചായത്ത് ഓഫിസിൽ എൽഡി ക്ലാർക്കാണ്.

മാതാപിതാക്കൾ മാതൃക!
സർക്കാർ ജോലിയുടെ സുരക്ഷിതത്വം കണ്ടാണ് അർജുൻ വളർന്നത്. അച്ഛൻ രവീന്ദ്രൻ ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായി വിരമിച്ചു. അമ്മ ശ്രീജ സർക്കാർ സ്കൂൾ അധ്യാപികയാണ്. കോഴിക്കോട് ഗവ. എൻജിനീയറിങ്  കോളജിൽ ബിടെക് പഠനത്തിനു ചേർന്നപ്പോഴും സർക്കാർ ജോലിക്കു ശ്രമിക്കണമെന്നായിരുന്നു

അച്ഛന്റെ ഉപദേശം. ആ ഉപദേശമാണു സർക്കാർ ജോലിയെന്ന മോഹത്തിനു വിത്തു പാകിയത്. എൻജിനീയറിങ് ക്ലാസുകളിലെ കണക്കും പത്രവായനാശീലത്തിൽ നിന്നു ലഭിച്ച പൊതുവിജ്ഞാനവും സ്കൂൾ പഠനകാലത്തു നേടിയ അടിസ്ഥാന പാഠങ്ങളും മാത്രമായിരുന്നു ആദ്യ പിഎസ്‌സി പരീക്ഷയെഴുതുമ്പോൾ അർജുന്റെ മൂലധനം. ബിടെക്കിനു ശേഷം പിഎസ്സിയായി ‘ഉന്നത പഠനം’. 2019ൽ കോഴിക്കോട് എൻഐടിയിലെ താൽക്കാലികജോലി ഉപേക്ഷിച്ചാണ് അർജുൻ മുഴുവൻ സമയ പിഎസ്‌സി പരിശീലനത്തിലേക്കു തിരിഞ്ഞത്.

ജോലി നേടണം എന്ന ആവശ്യമാണ് ഏറ്റവും പ്രധാനം. ‘ജോലി ആയില്ലേ?’എന്ന നാട്ടുകാരുടെ പരിഹാസചോദ്യമാണ് എനിക്കു ലഭിച്ച ഏറ്റവും വലിയ മോട്ടിവേഷൻ. ജോലി നേടുംവരെ പഠിക്കുക എന്നതു മാത്രമായിരുന്നു എന്റെ മുന്നിലുള്ള വഴി. എല്ലാവരും പഠിച്ചുതുടങ്ങുന്നത് പൂജ്യത്തിൽനിന്നാണ്. എവിടെനിന്നു തുടങ്ങി എന്നതിൽ കാര്യമില്ല, എത്ര വേഗം മുന്നോട്ടു പോയി എന്നതാണ് നിങ്ങളുടെ ഫിനിഷിങ് പോയിന്റ് നിർണയിക്കുന്നത്. പരീക്ഷയ്ക്കു പഠിക്കുമ്പോൾ ആദ്യം സിലബസ് പഠിക്കുക. പരമാവധി ചോദ്യങ്ങൾ പരിശീലിച്ച് പരീക്ഷയ്ക്കു സ്വയം സജ്ജരാകുക. വിജയം തേടിവന്നുകൊള്ളും.

1178 ൽ നിന്ന് 3 ലേക്ക് 
കോവിഡ് കാലത്തെ സ്വന്തം പഠനത്തിനു പുറമേ, പേരാമ്പ്ര ടോപ്പേഴ്സ് കോച്ചിങ് സെന്ററിൽ ഓൺലൈൻ പരിശീലനത്തിനു ചേർന്നതാണ് അർജുന്റെ വിജയവഴിയിലെ വഴിത്തിരിവ്. സുജേഷ് പുറക്കാട്, ജയൻ, നിതിൻ എന്നീ അധ്യാപകരുടെ ക്ലാസുകൾ പരീക്ഷയെക്കുറിച്ചുള്ള ആശങ്കയകറ്റി. പിഎസ്‌സി വിജയം ലക്ഷ്യമിടുന്ന സഹപാഠികൾ അംഗങ്ങളായ വാട്സാപ് ഗ്രൂപ്പുകളിലൂടെ കം ബൈൻഡ് സ്റ്റഡിയും സജീവമായി. സിപിഒ മാത്രമല്ല, എൽഡിസി, ഡിഗ്രി ലെവൽ പരീക്ഷകൾക്കുവേണ്ടിയും അർജുൻ തയാറെടുത്തു. പഠിച്ച ഭാഗങ്ങൾ പലവട്ടം റിവിഷൻ നടത്തിയും പരമാവധി മോക്‌ടെസ്റ്റുകൾ എഴുതിയും ആത്മവിശ്വാസം ഉയർത്തിയാണു പരീക്ഷകൾക്കു പോയത്. ആദ്യം എഴുതിയ സിപിഒ പരീക്ഷയിലെ 1178–ാം റാങ്കിൽനിന്നു രണ്ടാമൂഴത്തിലെ 16–ാം റാങ്കിലേക്കുള്ള മുന്നേറ്റം കഠിനാധ്വാനത്തിന്റെ ഫലമാണെന്നു അർജുൻ വ്യക്തമാക്കുന്നു. 

English Summary:

How Arjun Turned Mockery into Motivation to Secure High Ranks in PSC Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com