ADVERTISEMENT

കണ്ണൂർ : മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും 2 വർഷത്തിനിടെ നൽകിയ ഉറപ്പുകളെല്ലാം പാഴായപ്പോൾ യാദവ് കൃഷ്ണയും അവനെപ്പോലെ മുന്നൂറോളം കുട്ടികളും തുടർച്ചയായ രണ്ടാം വർഷവും ശബ്ദമില്ലാത്ത പ്രവേശനോത്സവത്തിനു സാക്ഷിയാകും. ജന്മനാ കേൾവി ഇല്ലാത്തതിനാൽ ഒന്നര വയസ്സുള്ളപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്തത്. ഇതോടെ സാധാരണ സ്കൂളിൽ മറ്റു കുട്ടികൾക്കൊപ്പം മിടുക്കോടെ പഠിക്കാൻ യാദവിനു കഴിഞ്ഞു. രണ്ടു വർഷം മുൻപ് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്പീച്ച് പ്രോസസർ തകരാറിലായി വീണ്ടും കാതടഞ്ഞത്. സാമൂഹിക സുരക്ഷാ മിഷനിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ വർഷം സ്കൂൾ തുറന്ന ദിവസം ‘മലയാള മനോരമ’ യാദവിന്റെ ഉൾപ്പെടെ മൂന്നൂറിലേറെ കുട്ടികളുടെ സങ്കടം ചൂണ്ടിക്കാട്ടി വാർത്ത നൽകി. തുടർന്ന് വാഗ്ദാനങ്ങളുമായി മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനം നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. ശ്രുതിതരംഗം പദ്ധതി സ്റ്റേറ്റ് ഹെൽത്ത് മിഷനിലേക്ക് (എസ്എച്ച്എ) മാറ്റിയാൽ ഉടൻ അപേക്ഷകൾ തീർപ്പാക്കുമെന്നായിരുന്നു ഉറപ്പ്. പദ്ധതി മാറ്റാനുള്ള നടപടികൾ നീണ്ടതോടെ യാദവ് ഉൾപ്പെടെ 17 കുട്ടികൾ പിണറായിയിലെത്തി മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നൽകി. ദിവസങ്ങൾക്കുള്ളിൽ മറുപടി ലഭിച്ചു. പ്രോസസർ അപ്ഗ്രേഡ് ചെയ്യാനുള്ള തുക സാമൂഹിക സുരക്ഷാ മിഷനിൽ നിന്ന് എസ്എച്ച്എക്ക് ലഭിച്ചുവെന്നും നടപടി സ്വീകരിക്കുമെന്നും ആയിരുന്നു മറുപടി. കാത്തിരിപ്പ് വിഫലമായതോടെ കോക്ലിയർ ഇംപ്ലാന്റ് ചെയ്തവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ സിയാക്സ് നവകേരള സദസ്സിലും പരാതി നൽകി.

English Summary:

Two Years of Broken Promises: 300 Children Face Silent School Start Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com