ADVERTISEMENT

ഈ നൂറ്റാണ്ടിലെ ഇതുവരെയുള്ള ഏറ്റവും പ്രത്യാഘാതമുണ്ടാക്കിയ സംഭവം ഏതെന്നു ചോദിച്ചാൽ അതു കോവിഡ് മഹാമാരിയാണെന്നു നിസ്സംശയം പറയാം. മൂന്നുവർഷത്തിലധികം കാലയളവിൽ ലോകത്തെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചു ഈ മഹാമാരി. ലോക്ഡൗൺ, ക്വാറന്റൈൻ, റൂട്ട്മാപ്പ്, വാക്സിൻ തുടങ്ങി എന്തെല്ലാം പദങ്ങൾ നമുക്കു പരിചിതമായി ഇക്കാലത്ത് രോഗബാധകളെ നിയന്ത്രിക്കാനും തടുത്തു നിർത്താനുമുള്ള ഡിസീസ് കൺട്രോൾ മേഖലയുടെ വികസനം കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിർണായകമായിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ഈ ശ്രമങ്ങളുടെ അടിസ്ഥാന ഘടകമാണ് എപ്പിഡെമിയോളജിസ്റ്റുകൾ.

ഡോക്ടര്മാരും വൈദ്യശാസ്ത്രവിദഗ്ധരുമാണ് എപ്പിഡെമിയോളജിയിലേക്കു കടക്കുന്നവർ.ഒരു ഡോക്ടർ രോഗിയെ ചികിൽസിക്കുന്നു, രോഗം മാറ്റുന്നു. എന്നാൽ  എപ്പിഡെമിയോളജിസ്റ്റ് ഒരു രോഗം പടരുന്ന രീതികൾ, അത് ആക്രമിക്കുന്ന സമൂഹങ്ങൾ, അവരുടെ പ്രത്യേകതകൾ, പാറ്റേണുകൾ, ആക്രമിക്കുന്ന തോത് തുടങ്ങിയവ കണ്ടെത്തി അതിനെ പിടിച്ചുകെട്ടാനുള്ള വഴികൾ തേടുന്നു.വൈദ്യശാസ്ത്രം, ഗവേഷണം, അന്വേഷണം എന്നിവ സംഗമിക്കുന്ന ഒരു ശാസ്ത്രശാഖയാണ് എപ്പിഡെമിയോളജി. രോഗങ്ങളെ പടരാതെ തടഞ്ഞുനിർത്തുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്.

പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങൾ പഠിച്ച് ഇവയെ ചെറുക്കാനുള്ള മാർഗം നിശ്ചയിക്കുകയാണ് പ്രധാനകടമ. ഇതിനായി വിവരശേഖരണം,അപഗ്രഥനം എന്നിവയും നടത്തേണ്ടി വരും.ഉദാഹരണമായി പറഞ്ഞാൽ കോവിഡ് 19 വയോധികരെയാണ് കൂടുതൽ ബാധിക്കുകയെന്നത് ഇത്തരമൊരു പ്രക്രിയയിലൂടെ മനസ്സിലാക്കിയ കാര്യമാണ്.ഒരുപാടു യാത്ര ചെയ്യാനും ഡെഡ്‌ലൈനുകൾ പാലിക്കാനുമൊക്കെ എപ്പിഡെമിയോളജിസ്റ്റ് തയാറാവേണ്ടി വരും.

പബ്ലിക്ക് ഹെൽത്തിലുള്ള മാസ്റ്റേഴ്‌സ് ബിരുദമാണ് എപ്പിഡെമിയോളജിസ്റ്റുകളുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കുന്നത്. ഈ ബിരുദം നേടിയ ശേഷം എപ്പിഡെമിയോളജിയിലേക്ക് പ്രവേശിക്കാം. ചെന്നൈയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഈ മേഖലയിലെ കേന്ദ്രസ്ഥാപനമാണ്.ഇവിടെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, ബയോസ്റ്റാറ്റിക്‌സിലുളള മാസ്റ്റർ ഓഫ് സയൻസ് എന്നീ പഠനങ്ങളുണ്ട്. 

എപ്പിഡെമിയോളജി മുൻനിർത്തിയാണ് കോഴ്‌സുകൾ.എംബിബിഎസ് ഡിഗ്രി നേടിയവർക്കാണ് ഇവിടെ പ്രവേശനം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിൽ എപ്പിഡെമിയോളജിക്കായി പ്രത്യേക വിഭാഗമുണ്ട്. ഇവിടെയും പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്‌സ് ഡിഗ്രി ലഭിക്കും.ഗാന്ധിനഗർ ഐഐടി,ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലും കോഴ്‌സുകളുണ്ട്.

എപ്പിഡെമിയോളജിയിൽ രാജ്യത്ത് വിവിധ അവസരങ്ങളുണ്ട്. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പോലുള്ള സർക്കാർ ഏജൻസികൾ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ,സിഡിസി തുടങ്ങിയ രാജ്യാന്തര സംഘടനകൾ,ചില എൻജിഒകൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയൊക്കെ എപ്പിഡെമിയോളജിസ്റ്റുകളുടെ സേവനം ആവശ്യമുള്ളവയാണ്. വിദേശത്ത്  യൂറോപ്പിലും യുഎസ്സിലുമുൾപ്പെടെ വലിയ ആവശ്യകതയാണ് എപ്പിഡെമിയോളജിസ്റ്റുകൾക്ക്. മികച്ച സേവനവേതന വ്യവസ്ഥകളാണ് ഇവിടെ ഇവർക്കു ലഭിക്കുന്നത്.അടുത്ത വർഷങ്ങളിൽ ഈ മേഖല വലിയ തോതിൽ വികസിക്കുമെന്നു കരുതപ്പെടുന്നു.

English Summary:

How to Become an Epidemiologist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com