ഉയർന്ന നിലവാരം പുലർത്തി യുപി അധ്യാപക പരീക്ഷ
Mail This Article
യുപി സ്കൂൾ അധ്യാപക തസ്തികയിലേക്കു കഴിഞ്ഞദിവസം നടന്ന പരീക്ഷ ഈ തസ്തികയിലേക്കു മുൻപു നടന്ന എല്ലാ പരീക്ഷകളെയും പോലെ ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നു. ഒരുവട്ടം പോലും സിലബസ് പൂർണമായും കവർ ചെയ്യാത്ത ഉദ്യോഗാർഥികൾക്കു വളരെ കടുപ്പമേറിയ പരീക്ഷയായിരുന്നു. എങ്കിലും നന്നായി പഠിച്ച ഉദ്യോഗാർഥികൾക്കു മീഡിയം തലത്തിൽ ഉത്തരം എഴുതാൻ കഴിഞ്ഞിട്ടുണ്ട്. അവർക്ക് സൈക്കോളജി ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾക്കെല്ലാം പരമാവധി ഉത്തരം എഴുതാൻ കഴിഞ്ഞിട്ടുണ്ട്.
മലയാളം ബുദ്ധിമുട്ടിച്ചു. മറ്റു പരീക്ഷകളിലെ മലയാളം പോലെയായിരുന്നില്ല. മലയാളം ഭാഗത്തുനിന്ന് 5 മാർക്ക്, ഇംഗ്ലിഷിന് ഏറ്റവും ചുരുങ്ങിയത് 6 മാർക്ക്, മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റിയിൽ 9 മാർക്ക് എന്നിങ്ങനെ നേടാൻ പ്രയാസമുണ്ടാകില്ല. നന്നായി പഠിച്ചവർക്ക് 50– 60 മാർക്ക് വാങ്ങാൻ കഴിയുന്ന പരീക്ഷയായിരുന്നു. യുപി തലത്തിലേക്കുള്ള പരീക്ഷയായതിനാൽ 55– 65 എന്ന തോതിലേക്ക് കട്ട് ഓഫ് മാർക്ക് ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ പരീക്ഷയിൽ കോഴിക്കോട് ജില്ലയുടെ കട്ട് ഓഫ് മാർക്കായിരുന്നു ഏറ്റവും ഉയർന്നത് – 66. എന്നാൽ ചില ജില്ലകളിൽ 55നും 60നും ഇടയിലായിരുന്നു.
അധ്യാപക ഉദ്യോഗാർഥികളെ സംബന്ധിച്ച് ഇനിയുള്ള പ്രധാന പരീക്ഷ 20നു നടക്കുന്ന എൽപി സ്കൂൾ അധ്യാപക പരീക്ഷയാണ്. ഇതിനു തയാറെടുക്കുന്നവർ സിലബസിനുള്ളിൽ പരമാവധി ഒതുങ്ങിനിന്ന് പരമാവധി ഭാഗങ്ങളിൽ റിവിഷൻ നടത്തുകയാണ് ഇനിയുള്ള ദിവസങ്ങളിൽ ചെയ്യേണ്ടത്. ടിടിസി / ഡിഎൽഎഡ് യോഗ്യതയുള്ളവർക്ക് ഈ പരീക്ഷയ്ക്കായി തയാറെടുപ്പുകൾ ആരംഭിക്കാം.