16–ാം വയസ്സിൽ പിഎസ്‌സി പരിശീലനം തുടങ്ങി; 25 വയസ്സിനുള്ളിൽ കൈ നിറയെ നിയമന ഉത്തരവുമായി രാഗേഷ്
Mail This Article
ചുമട്ടു ജോലിയെടുത്തു തഴമ്പിച്ച അച്ഛന്റെ കണ്ണീരും കഷ്ടപ്പാടും കണ്ടായിരുന്നു രാഗേഷിന്റെ കുട്ടിക്കാലം. അതുകൊണ്ടാ ണു പതിനഞ്ചാം വയസ്സിൽ തന്നെ ആരോടും പറയാതെ രാഗേഷ് ഒരു വലിയ സ്വപ്നത്തിന്റെ ചുമടെടുത്തു ശിരസ്സിലേറ്റിയത്. സർക്കാർ ജോലിയെന്ന ആ വലിയ സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു പിന്നീടുള്ള രാഗേഷിന്റെ ഓരോ പരിശ്രമവും. പതിനാറാം വയസ്സു മുതൽ പിഎസ്‌സി പരിശീലനം തുടങ്ങിയ രാഗേഷ് അൻപതിലേറെ പിഎസ്‌സി പരീക്ഷകളെഴുതി. എഴുതിയ ഓരോ പരീക്ഷയിലും തിളക്കമാർന്ന വിജയം ആ പരിശ്രമത്തിന് അനുഗ്രഹമേകി.
എൽഡിസി, എൽജിഎസ്, ഓഡിറ്റ് ഡിപ്പാർട്മന്റിൽ അസിസ്റ്റന്റ്/ഓഡിറ്റർ, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വില്ലേജ് എക്സ്റ്റെൻഷൻ ഓഫിസർ, കെഎസ്ആർടിസിയിൽ അസിസ്റ്റന്റ് എന്നിങ്ങനെ കൈനിറയെ നിയമന ഉത്തരവുകളാണ് 25 വയസ്സിനകം രാഗേഷിനെ തേടിയെത്തിയത്. ഇപ്പോൾ നേര്യമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ കെ. ആർ രാഗേഷ്.
എന്തെങ്കിലും ജോലിയല്ല; ഇഷ്ടജോലി നേടാം
അച്ഛന്റെ പരിമിതമായ വരുമാനമായിരുന്നു അമ്മയും അനിയനുമുൾപ്പെടുന്ന രാഗേഷിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. ജോലിക്കിടയിൽ അച്ഛനു പരുക്കു പറ്റിയതോടെ കുറേ കാലത്തേക്ക് ആ വരുമാനവും നിലച്ചു. സ്കൂൾ പഠനകാലത്തു തന്നെ കുട്ടികൾക്കു ട്യൂഷനെടുത്തും കേറ്ററിങ് ജോലി ചെയ്തും വരുമാനം കണ്ടെത്തിയ രാഗേഷ്, കോതമംഗലം എംഎ കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ബിഎഡും പൂർത്തിയാക്കി. കോളജ് പഠനകാലത്തു മൊബൈൽ ഫോൺ പ്രമോട്ടറായും ജോലി ചെയ്തു.
അടുത്ത സുഹൃത്ത് അഭിലാഷാണ് പിഎസ്‌സി പരീക്ഷകളുടെ സാധ്യത പറഞ്ഞു കൊടുത്തത്. ക്വിസ് മത്സരങ്ങളിൽ സമ്മാനം നേടിയ ആത്മവിശ്വാസം പൊതുവിജ്ഞാനത്തിനു പ്രാധാന്യമേറെയുള്ള പിഎസ്‌സി തയാറെടുപ്പിനു പ്രചോദനമായി. കോച്ചിങ് സ്ഥാപനങ്ങളിലൊന്നും പോകാതെയായിരുന്നു പഠനം. സർക്കാർ ജോലി നേടിയ സുഹൃത്തുക്കളുടെ പഠനരീതികൾ മനസ്സിലാക്കി. തൊഴിൽവീഥിയിലെ ചോദ്യങ്ങൾ മുടങ്ങാതെ പരിശീലിച്ചത് വലിയ ധൈര്യം പകർന്നു. പരമാവധി മത്സരപ്പരീക്ഷകൾ എഴുതി പരീക്ഷയോടുള്ള ഭയംതന്നെ ഇല്ലാതാക്കി.
ചുരുങ്ങിയ കാലയളവിൽ അൻപതിലേറെ പരീക്ഷകളെഴുതിയ രാഗേഷിന് 25–ാം വയസ്സിൽ തന്നെ ആദ്യ നിയമനം ലഭിച്ചു. പൊലീസ് കോൺസ്റ്റബിൾ, ഫയർമാൻ, ബവ്കോ അസിസ്റ്റന്റ്, കെഎസ്ആർടിസി കണ്ടക്ടർ, കമ്പനി ബോർഡ് എൽജിഎസ് തുടങ്ങി പല തസ്തികകളുടെ ഷോർട് ലിസ്റ്റിലും ഇടംപിടിച്ചെങ്കിലും അധ്യാപക ജോലിയോടുള്ള താൽപര്യം കാരണം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു പോയില്ല.
ക്യാപ്സ്യൂൾ പഠനം വേണ്ട; കാര്യമറിഞ്ഞു പഠിക്കാം
പരീക്ഷയ്ക്കു വേണ്ടതു മാത്രം പഠിക്കുന്ന ക്യാപ്സ്യൂൾ പഠനരീതിയോട് രാഗേഷിനു യോജിപ്പില്ല. പെരുമ്പാവൂരിലെ മിത്രകല ലൈബ്രറിയിൽ നിന്നായിരുന്നു പഠനത്തുടക്കം. ലൈബ്രറിയിലെ പുസ്തകങ്ങൾ മുഴുവൻ വായിച്ചു തീർത്തു. പരമാവധി സമയം പരന്ന വായനയ്ക്കു നീക്കിവച്ചതാണ് പിഎസ്‌സി പരീക്ഷാതയാറെടുപ്പിന് അടിത്തറ പാകിയതെന്ന് രാഗേഷ് പറയുന്നു. പിഎസ്‌സി പരിശീലനകാലത്ത് പലപ്പോഴും 4 മണിക്കൂർ മാത്രമേ ഉറങ്ങിയിട്ടുള്ളൂ. ഓരോ വിഷയവും ആഴത്തിൽ പഠിക്കുന്ന രീതിയാണു രാഗേഷ് പിന്തുടർന്നത്. പരത്തി പഠിച്ചാൽ സിലബസിലെ ചെറിയ മാറ്റങ്ങൾ പോലും പരീക്ഷയെഴുത്തിനെ ബാധിക്കില്ലെന്നും ഏതു പാറ്റേണിലെ ചോദ്യങ്ങളെയും ധൈര്യപൂർവം നേരിടാെമന്നും രാഗേഷ് ഉറപ്പിച്ചു പറയുന്നു. പരീക്ഷകളെഴുതുന്നതും പഠനത്തിന്റെ ഭാഗമായാണു രാഗേഷ് കണ്ടത്.
ആദ്യമാദ്യം റാങ്ക് ലിസ്റ്റിന്റെ ഏഴയലത്തു പോലും എത്തിയില്ലെങ്കിലും ഇനിയുള്ള പരീക്ഷയ്ക്ക് എങ്ങനെ കൂടുതൽ നന്നായി തയാറെടുക്കാം എന്ന പാഠമായി, ഓരോ പരീക്ഷയും. പിഎസ്‌സി ചോദ്യശൈലി മനസ്സിലാക്കി അതനുസരിച്ചു പഠനം ക്രമീകരിച്ചതോടെ, ലിസ്റ്റുകളിലും ഇടം പിടിക്കാന്‍ തുടങ്ങി. അതോടെ ഓരോ നിയമന ശുപാർശയും അടുത്തപരീക്ഷ യ്ക്കുള്ള ഉത്തേജകമായി.
ഏതെങ്കിലും സർക്കാർ ജോലി എന്ന ചെറിയ സ്വപ്നത്തിൽ നിന്നു ഹയർ സെക്കൻഡറി ഇംഗ്ലിഷ് അധ്യാപകൻ എന്ന മനസ്സിനിണങ്ങിയ ജോലിയിലേക്കുള്ള കടമ്പകൾ അതിവേഗം അനായാസമാണു രാഗേഷ് പിന്നിട്ടത്. മുന്നിലിരിക്കുന്ന ഓരോ വിദ്യാർഥിയോടും തന്റെ അനുഭവം പങ്കുവച്ച് അറിവിനൊപ്പം ലക്ഷ്യബോധവും കൂടി പകരാൻ കഴിയുന്നതിന്റെ ചാരിതാർഥ്യത്തിലാണ് രാഗേഷ് ഇപ്പോൾ.