തൊഴില്‍ നൈപുണ്യ വികസനം വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവേകും
Mail This Article
വിദേശത്ത് പഠിക്കുന്ന വിദ്യാർഥികള്‍, പ്രത്യേകിച്ച് യുക്രെയ്ന്‍, ഇസ്രയേല്‍, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ വിദ്യാർഥികള്‍ അടുത്തിടെ വലിയ വെല്ലുവിളികള്‍ നേരിടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയില്‍ ഉപരിപഠനത്തിന് 10 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒട്ടേറെ വിദ്യാർഥികൾക്ക് ആശ്വാസമാകുമെന്ന് ജയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം ജോസഫ് പറയുന്നു.
പ്രഖ്യാപനം വിദ്യാർഥികളെ ഇന്ത്യയില്‍ പഠിക്കാന്‍ പ്രേരിപ്പിക്കും. വിദ്യാഭ്യാസ വായ്പ പലിശയില്‍ 3% കുറവ് വരുത്താനുള്ള തീരുമാനവും വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സഹായകമാകുമെന്നും വിദ്യാർഥികളുടെ സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുകയും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗുണം ചെയ്യുമെന്നും ടോം എം.ജോസഫ് കൂട്ടിചേർത്തു. കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യ വികസനം എന്നീ മേഖലയ്ക്ക് 1.48 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
തൊഴില്‍ മേഖലയ്ക്കും ആശ്വാസകരമായ പ്രഖ്യാപനമാണ് കേന്ദ്ര ബജറ്റിലുള്ളത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ലഭ്യമാക്കുമെന്ന തീരുമാനവും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഈ വ്യവസായ ഇടപെടല്‍ തൊഴിലവസരവും പ്രായോഗിക വൈദഗ്ധ്യവും വർധിപ്പിക്കും.
ബജറ്റിലെ ഏഞ്ചല്‍ ടാക്സ് നീക്കം ചെയ്യുമെന്ന പ്രഖ്യാപനവും എഡ്ടെക് മേഖലയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കും. കൂടുതല്‍ ആഭ്യന്തര, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയും മൂലധന ലഭ്യത കൂടുന്നത് എഡ്ടെക് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ സഹായിക്കും. പുതിയ എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ കൂടുതല്‍ വ്യക്തികള്‍ക്ക് പ്രചോദനവുമാകും.