മലപ്പുറത്ത് ഒഴിഞ്ഞുകിടക്കുന്നത് 2469 സീറ്റുകൾ , പ്ലസ് വൺ: വേണ്ടതു കിട്ടിയില്ല
Mail This Article
മലപ്പുറം: പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 2469 സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണം അധികസീറ്റുകൾ അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സയൻസ് ബാച്ചുകളുടെ അപര്യാപ്തതയും. മുഖ്യ അലോട്മെന്റും 2 സപ്ലിമെന്ററി അലോട്മെന്റുകളും പൂർത്തിയായ ശേഷമാണു സർക്കാർ ജില്ലയിൽ 120 അധിക ബാച്ചുകളിലായി 7200 സീറ്റുകൾ അനുവദിച്ചത്. ഇതിൽ സയൻസ് ബാച്ച് ഒന്നുപോലുമില്ലായിരുന്നു.
ജില്ലയിൽ ഇതുവരെ 6113 പേർ പണം നൽകി പഠിക്കേണ്ട അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. ഇവർകൂടി സർക്കാർ, എയ്ഡഡ് മേഖലയിൽ പ്രവേശനത്തിനു ശ്രമിച്ചിരുന്നെങ്കിൽ ജില്ലയിൽ 3644 സീറ്റുകൾ ഇനിയും കുറവാണ്. മറ്റു പല ജില്ലകളിലും ക്ലാസിൽ 50 വിദ്യാർഥികളാണെങ്കിൽ മലപ്പുറത്ത് ഇത് 65 വരെയാണ്. ക്ലാസിൽ 50 വിദ്യാർഥികളെ വച്ചു കണക്കാക്കിയാൽ മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമത്തിന്റെ വ്യാപ്തി ഇനിയും കൂടും.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി ജില്ലയിൽ ഈ വർഷം 70,689 പേർ പ്ലസ് വൺ പ്രവേശനം നേടി. ഇതു സർവകാല റെക്കോർഡാണ്. എസ്എസ്എൽസി ഫലം പുറത്തുവന്നതിനു പിന്നാലെ ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം ഉയർത്തി പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ രംഗത്തുവന്നിരുന്നു. എന്നാൽ, സീറ്റ് ക്ഷാമമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. എസ്എഫ്ഐ ഉൾപ്പെടെ ഭരണപക്ഷ സംഘടനകളും സമരരംഗത്തിറങ്ങിയതിനു പിന്നാലെയാണു സർക്കാർ നിലപാട് മാറ്റിയത്. അപ്പോഴേക്കും മുഖ്യ അലോട്മെന്റുകളും 2 സപ്ലിമെന്ററി അലോട്മെന്റുകളും പൂർത്തിയായിരുന്നു. സീറ്റ് കിട്ടാത്ത കുട്ടികളിൽ പലരും അൺ എയ്ഡഡ് സ്കൂളുകളിൽ ചേർന്നു.
അവസാനഘട്ടത്തിൽ 120 അധിക ബാച്ചുകളിലൂടെ 7200 സീറ്റുകൾ അനുവദിച്ചു. ഇത് അയ്യായിരത്തോളം വിദ്യാർഥികൾക്കു തുണയായതായി പ്രവേശന കണക്കുകൾ കാണിക്കുന്നു. കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകൾ മാത്രമാണ് അധിക ബാച്ചിൽ അനുവദിച്ചത്. സയൻസ് ബാച്ച് ഇല്ലാത്തതിനാൽ അതിനായി കാത്തിരുന്ന പല വിദ്യാർഥികളും അൺ എയ്ഡഡിൽ പ്രവേശനം നേടി.