ADVERTISEMENT

തുടക്കക്കാരായ ഐടി ജോലിക്കാര്‍ക്ക്‌ പ്രതിവര്‍ഷം രണ്ടര ലക്ഷം രൂപ മാത്രം ശമ്പളം വാഗ്‌ദാനം ചെയ്യുന്ന കോഗ്നിസെന്റ് കമ്പനിയുടെ ജോബ്‌ ലിസ്‌റ്റിങ്‌ അടുത്തിടെ വിവാദമായിരുന്നു. പ്രതിമാസം വെറും 20,000 രൂപയ്‌ക്ക്‌ വന്‍ നഗരങ്ങളില്‍ ഐടി ജോലിക്കാര്‍ എങ്ങനെ ജീവിക്കും എന്ന്‌ ചോദിച്ച്‌ പലരും രംഗത്തെത്തി. നിരവധി ട്രോളുകളും കമ്പനിയെ കളിയാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കോഗ്നിസെന്റ് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും പണിയറിയാത്ത പുതിയ ജീവനക്കാര്‍ക്ക്‌ ഇത്‌ തന്നെ അധികമാണെന്നും പറഞ്ഞ്‌ ബെംഗളൂരുവിലെ ഒരു ഐടി സംരംഭകന്‍ രംഗത്തെത്തി. 1811 ലാബ്‌സ്‌ സ്ഥാപകനും ബിറ്റ്‌സ്‌ പിലാനി പൂര്‍വവിദ്യാര്‍ഥിയുമായ വത്സല്‍ സാംഗ്‌വിയാണ്‌ കോഗ്നിസെന്റിനെ ന്യായീകരിച്ച്‌ എത്തിയത്‌. പുതുതായി എടുക്കുന്നവരില്‍ പലര്‍ക്കും  ശരിയായി കോഡ്‌ ചെയ്യാനോ പ്രഫഷണലായി ആശയവിനിമയം നടത്താനോ പെരുമാറാനോ  അറിയില്ലെന്നും മാസം 20,000 രൂപ തന്നെ ഇവര്‍ക്ക്‌ അധികമാണെന്നും വത്സല്‍ എക്‌സില്‍ കുറിച്ചു. കോഗ്നിസെന്റ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌ പരിശീലന കാലയളവിലെ സ്റ്റൈപ്പന്‍ഡ്‌ ആണെന്നും തുറന്ന വിപണിയില്‍ ഇത്‌ അന്യായമായി തോന്നുന്നവര്‍ അപേക്ഷിക്കാതിരുന്നാല്‍ പോരെയെന്നും സംരംഭകന്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ വത്സലിന്റെ പോസ്‌റ്റിനും നിറയെ വിമര്‍ശനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്‌. പുതിയ ജീവനക്കാരുടെ ഗുണനിലവാരത്തെ പറ്റി പരിതപിക്കുന്നവര്‍ എന്തു കൊണ്ട്‌ വിദ്യാര്‍ഥികള്‍ക്ക്‌ കോളജില്‍ പഠിക്കുമ്പോള്‍ തന്നെ പരിശീലനം കൊടുക്കാന്‍ മുന്നോട്ട്‌ വരുന്നില്ലെന്ന്‌ ഒരു എക്‌സ്‌ യൂസര്‍ അഭിപ്രായപ്പെട്ടു. ബെംഗളൂരു  പോലൊരു നഗരത്തില്‍ 20,000 രൂപ വച്ച്‌ മൂന്ന്‌ മാസത്തേക്ക്‌ ജീവിച്ച്‌ കാണിക്കാനും പലരും വത്സലിനെ വെല്ലുവിളിച്ചു. പത്ത്‌ വര്‍ഷത്തിലധികമായി ഈ രണ്ടര ലക്ഷം രൂപയില്‍ മാറ്റമുണ്ടായിട്ടില്ലെന്നും വിലക്കയറ്റത്തെ കുറിച്ചും ജീവിതചെലവുകളെ കുറിച്ചുമൊന്നും ഈ കമ്പനികള്‍ക്ക്‌ ധാരണയില്ലെന്നും മറ്റൊരു യൂസറും അഭിപ്രായപ്പെട്ടു. എന്നാല്‍ അപൂര്‍വം ചിലര്‍ വത്സലിന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നുമുണ്ട്‌. കോഗ്നിസെന്റ് സിഇഒ രവി കുമാര്‍ സിംഗിസെട്ടിക്ക്‌ ലഭിക്കുന്ന 186 കോടി രൂപ കിട്ടണമെന്നുള്ളവര്‍ പുതുതായി ഒരു കോഗ്നിസെന്റ് ആരംഭിക്കുകയാണ്‌ വേണ്ടതെന്ന്‌ വത്സലിനെ അനുകൂലിക്കുന്ന ഒരു എക്‌സ്‌ യൂസര്‍ അഭിപ്രായപ്പെട്ടു.  

English Summary:

Cognizant's Rs. 2.5 Lakh Salary for Freshers Sparks Outrage and Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com