'ക്വിൻഗ്വാ താഴ്‌വര': മഞ്ഞുമലകൾ നിറഞ്ഞ ഗ്രീന്‍ലന്‍ഡിലെ ഒരേയൊരു വനം!
![Greenland's Forest Greenland's Forest](https://img-mm.manoramaonline.com/content/dam/mm/mo/environment/earth-n-colors/images/2019/4/19/greenlands-only-forest1.jpg.image.845.440.jpg)
Mail This Article
ഉത്തരധ്രുവത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഗ്രീന്‍ലന്‍ഡ് ധ്രുവപ്രദേശങ്ങളായ ആര്‍ട്ടികും അന്‍റാര്‍ട്ടികും കഴിഞ്ഞാല്‍ ഏറ്റവുമധികം മഞ്ഞുപാളികള്‍ കാണപ്പെടുന്ന മേഖല. മഞ്ഞുപാളികളാലും മഞ്ഞുമലകളാലും നിറഞ്ഞ പ്രദേശമായതിനാല്‍ വെള്ള നിറവും പാറകളുടെ ഇരുണ്ട നീലനിറവും മാത്രമേ ഗ്രീന്‍ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശത്തും കാണാനാകൂ. ഈ ഗ്രീന്‍ലന്‍ഡിലും പച്ച നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശമുണ്ട്. ഹരിതദ്വീപിലെ ഒരേയൊരു വനമേഖല , 'ക്വിൻഗ്വാ താഴ്‌വര'
ഇത്രയധികം തണുപ്പേറിയ പ്രദേശത്ത് ഒരു വനം രൂപപ്പെട്ടതിന് കൃത്യമായ ഭൗമശാസ്ത്രപരമായ കാരണങ്ങളുണ്ട്. ധ്രുവപ്രദേശങ്ങളില്‍ നിന്നുള്ള തണുത്ത വരണ്ട കാറ്റ് ഈ മേഖലയിലേക്കു കടക്കുന്നില്ല എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. തെക്കു വടക്കായി 15 കിലോമീറ്റര്‍ നീളത്തിലാണ് ക്വിൻഗ്വാ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഈ താഴ്‌വരയുടെ ഇരുവശത്തുമായി തണുത്ത കാറ്റ് ഉള്ളിലേക്കെത്തുന്നത് തടയുന്ന തരത്തിലുള്ള കൂറ്റന്‍ പര്‍വതനിരകളുണ്ട്. 5000 അടിയാണ് ഈ പര്‍വതനിരയുടെ ശരാശരി ഉയരം.
ഇതോടൊപ്പം തന്നെ താഴ്‌വരയിലേക്കു കടലില്‍ നിന്നുള്ള ചൂടു കാറ്റും എത്തുന്നുണ്ട്. താഴ്‌വരയുടെ കിഴക്കു ഭാഗത്തായി 50 കിലോമീറ്റര്‍ അകലെയാണ് സമുദ്രം സ്ഥിതി ചെയ്യുന്നത്. ഈ ചൂട് കാറ്റ് മരങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഇളം ചൂടുള്ള താപനില സൃഷ്ടിക്കുന്നു. ഇങ്ങനെ അനുകൂലമായ സാഹചര്യത്തില്‍ 25 അടി വരെ ഉയരമുള്ള മരങ്ങള്‍ ഈ പ്രദേശത്തു വളരുന്നുണ്ട്. ഇങ്ങനെ നൂറോളം വ്യത്യസ്ത ജനുസ്സിലുള്ള മരങ്ങള്‍ ഈ താഴ്‌വരയിലുണ്ടെന്നാണു കണക്കാക്കുന്നത്.
![Greenland's Forest Greenland's Forest](https://img-mm.manoramaonline.com/content/dam/mm/mo/environment/earth-n-colors/images/2019/4/19/greenlands-only-forest.jpg.image.845.440.jpg)
പുരാതന കാലത്തെ വലിയ വനമേഖല
പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് കൂടുതല്‍ താപനില അനുഭവപ്പെട്ട പ്രദേശമായിരുന്നു ഗ്രീന്‍ലന്‍ഡ്. അതുകൊണ്ട് തന്നെ വ്യാപകമായി വൃക്ഷങ്ങളും മറ്റും വളര്‍ന്നിരുന്ന വന്‍ വനമേഖലയായിരുന്നു ഗ്രീന്‍ലന്‍ഡ്. അന്ന് പല വിധത്തിലുള്ള ജീവികളുടെ വാസസ്ഥലം കൂടിയായിരുന്നു ഇവിടം. ഗ്രീന്‍ലന്‍ഡില്‍ 2 കിലോമീററ്റര്‍ ആഴത്തിൽ വരെ ഖനനം നടത്തി ലഭിച്ച ഫോസിലുകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 5 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഈ പ്രദേശത്ത് ചിലന്തികള്‍ മുതല്‍ ചിത്രശലഭങ്ങള്‍ വരെയുള്ള ചെറുപ്രാണികളും ഉണ്ടായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു.
ഗ്രീന്‍ലന്‍ഡിലെ മനുഷ്യവാസം
പത്താം നൂറ്റാണ്ടില്‍ ഈ മേഖലയില്‍ ജനവാസമുണ്ടായിരുന്നു എന്നതിന്‍റെ തെളിവുകളും ഗവേഷകര്‍ക്കു ലഭിച്ചിട്ടുണ്ട്. പുരാതന ജനവിഭാഗമായ നോര്‍സ് എന്ന സമൂഹമായിരുന്നു ഇവിടെ വസിച്ചിരുന്നത്. അത് കൊണ്ട് തന്നെ പത്താം നൂറ്റാണ്ടിലും മറ്റും ഈ മേഖലയില്‍ താരതമ്യേന ഉയര്‍ന്ന താപനില ആയിരുന്നിരിക്കാം എന്നാണ് ഗവേഷകര്‍ കരുതുന്നത്. ബ്രാട്ടലിഡ് എന്നാണ് ഈ പ്രദേശത്തെ നോര്‍സ് ആവാസമേഖലയെ ഗവേഷകര്‍ വിളിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ ആരംഭിച്ച് 15 ആം നൂറ്റാണ്ടില്‍ തണുപ്പ് വർധിച്ച് അസഹനീയമാകും വരെ ഈ പ്രദേശത്ത് ഇവര്‍ താമസിച്ചിരുന്നുവെന്നും ഗവേഷകര്‍ കരുതുന്നു.
15 കിലോമീറ്റർ മാത്രം വനമേഖല ഉള്ള ഗ്രീന്‍ലന്‍ഡ് ഭൂമിയില്‍ ജൈവവൈവിധ്യം ഏറ്റവും കുറവുള്ള മേഖലയായാണ് കണക്കാക്കുന്നത്. പക്ഷേ അധികം വൈകാതെ ഈ വനമേഖലയുടെ വിസ്തൃതി വർധിച്ചേക്കുമെന്നും ഗവേഷകര്‍ കരുതുന്നു. വർധിക്കുന്ന താപനില തന്നെയാണ് ഇതിനു കാരണം. ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലാണിപ്പോള്‍. അതിനാല്‍ തന്നെ വൈകാതെ കൂടുതല്‍ മേഖലയിലേക്ക് സസ്യങ്ങളും മറ്റും പടര്‍ന്നാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ഗവേഷകരുടെ നിലപാട്.