നദിയിൽ വീണ്ടും വിപരീത ദിശയിൽ കറങ്ങുന്ന വിചിത്ര മഞ്ഞുചക്രം; അപൂർവ പ്രതിഭാസത്തിനു പിന്നിൽ?
Mail This Article
കഴിഞ്ഞ വർഷം മഞ്ഞുകാലത്ത് യുഎസിലെ വെസ്റ്റ് ബ്രൂക്കിവുള്ള നദിയിൽ വിചിത്ര മഞ്ഞു ചക്രം രൂപപ്പെട്ടത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.പ്രെസ്യൂമ്സ്കോട്ട് എന്ന നദിയിലാണ് ഈ അപൂര്‍വ പ്രതിഭാസം രൂപപ്പെട്ടത്. ഒട്ടും പരിചിതമല്ലാത്ത ഈ കാഴ്ച കണ്ടതോടെ വെസ്റ്റ് ബ്രൂക്ക് നിവാസികളും അദ്ഭുതപ്പെട്ടു. ഇത്തവണവും അതേ സ്ഥലത്ത് കറങ്ങുന്ന മഞ്ഞു ചക്രം രൂപപ്പെട്ടിട്ടുണ്ട്. ഐസ് ഡിസ്ക് 2020 കറങ്ങിത്തുടങ്ങി എന്ന അടിക്കുറിപ്പോടെയാണ് ഇതിന്റെ ചിത്രങ്ങൾ ദി സിറ്റി ഓഫ് വെസ്റ്റ് ബ്രൂക്കിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന മഞ്ഞു ചക്രം കൃത്യമായും വൃത്താകൃതിയിൽ അല്ല. മെല്ലെ കറങ്ങിത്തുടങ്ങുന്ന മഞ്ഞു ചക്രം അധികം വൈകാതെ വൃത്താകൃതിയിലെത്തുമെ ന്നാണ് നിഗമനം. കഴിഞ്ഞ വർഷം മംഗോളിയയിലെ റൂട്ട് നദിയിലും സമാനമായ രീതിയിൽ മഞ്ഞു ചക്രം രൂപപ്പെട്ടിരുന്നു.
കഴിഞ്ഞ തവണ പ്രെസ്യൂമ്സ്കോട്ട് നദിയിൽ മഞ്ഞു ചക്രം രൂപപ്പെട്ടപ്പോൾ പലരും പല തരത്തിലുള്ള കഥകളും ഊഹങ്ങളും മെനഞ്ഞെടുത്തു. ഇത്തരത്തില്‍ ഒന്നായിരുന്നു അന്യഗ്രഹ ജീവികളുടെ സാന്നിധ്യം. അന്യഗ്രഹ ജീവികള്‍ സഞ്ചരിച്ച പറക്കും തളിക ഈ മഞ്ഞു ചക്രത്തിനു മുകളിലുണ്ടെന്നു വരെ പലരും വിശ്വസിച്ചു. മനുഷ്യര്‍ക്കു കാണാന്‍ കഴിയില്ലെന്നും, ഭാരമില്ലാത്തവയാണ് ഈ പറക്കും തളികയെന്നും കിംവദന്തികള്‍ പരന്നു. ഇതോടെയാണ് ഈ മഞ്ഞ് ചക്രത്തിന്‍റെ പിന്നിലെ സത്യം വെളിപ്പെടുത്തി ഗവേഷകര്‍ രംഗത്തെത്തിയത്.
ഐസ് ഡിസ്ക്
വൃത്തത്തില്‍ കാണപ്പെടുന്ന തീരെ കനം കുറഞ്ഞ ഒരു മഞ്ഞു പാളിയാണ് നദിയില്‍ രൂപപ്പെട്ടത്. ഡിസ്കിനോട് സാമ്യമുള്ള രൂപമായതിനാല്‍ ഐസ് ഡിസ്ക് എന്നതാണ് ഈ പ്രതിഭാസത്തിനു ശാസ്ത്രം നല്‍കിയിരിക്കുന്ന പേര്. ഐസ് ഡിസ്ക് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. സാധാരണ ഗതിയില്‍ ധ്രുവപ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന അലാസ്കയിലും, സൈബീരിയയിലും നദികളില്‍ ശൈത്യാകാലത്തിന്‍റെ അവസാനത്തിലാണ് ഇവ രൂപപ്പെടുക.
90 മീറ്റര്‍ വിസ്തൃതിയാണ് വെസ്റ്റ് ബ്രൂക്കില്‍ കഴിഞ്ഞ തവണ രൂപപ്പെട്ട മഞ്ഞുചക്രത്തിനുണ്ടായിരുന്നത്. സാധാരണ കാണപ്പെടുന്ന ഐസ് ഡിസ്ക്കുകളേക്കാള്‍ ഇതിനു വലുപ്പവും കൂടുതലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പക്ഷേ ലോകത്ത് ഇതേവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഐസ് ഡിസ്ക് ആയേക്കാം ഇതെന്നും ഗവേഷകര്‍ കരുതുന്നു. ഇന്നേവരെ രേഖപ്പെടുത്തിയ ഐസ് ഡിസ്കുകള്‍ ഒന്നും തന്നെ ഇത്രയും വലുപ്പമുള്ളതായി കണ്ടെത്തിയിട്ടില്ല.
പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ആദ്യമായി ഐസ് ഡിസ്ക് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അന്ന് റൗണ്ട് ഐസ് കേക്ക് എന്നാണ് ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിച്ചത്. ഐസ് ഡിസ്കിനെക്കുറിച്ച് കൂടുതലറിയാനും ഇവയുടെ വിപരീത ദിശയിലുള്ള കറക്കത്തിന്‍റെ രഹസ്യമറിയാനും ഗവേഷകര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. 2016 ല്‍ കൃത്രിമമായി ഐസ് ഡിസ്കിന് ലാബില്‍ രൂപം നല്‍കുക പോലും ചെയ്തിരുന്നു. എന്നാല്‍ അപ്പോള്‍ ഐസ് ഡിസ്ക് രൂപപ്പെട്ടെങ്കിലും കറക്കം സംഭവിച്ചില്ല. അതുകൊണ്ട് തന്നെ ഐസ് ഡിസ്കുകളുടെ കറക്കത്തിനു പിന്നിലെ രഹസ്യം ഇതുവരെ ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ല.
എങ്കിലും ഐസ് ഡിസ്കുകളുടെ കറക്കം സംബന്ധിച്ച് ഗവേഷകരുടെ കണക്കു കൂട്ടല്‍ ഇങ്ങനെയാണ്. ഐസ് ഡിസ്കിന് കീഴിലുള്ള മഞ്ഞുരുകി വെള്ളമാകുമ്പോള്‍ അത് അടിയിലേക്കു പോകും, ഈ സമയത്ത് രൂപപ്പെടുന്ന വെര്‍ട്ടല്‍ വോര്‍ട്ടക്സ് മൂലം മുകളിലുള്ള മഞ്ഞു കറങ്ങുകയും ചെയ്യുന്നു. പക്ഷെ ഇത് ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതുവരെ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല.
English Summary: Mysterious Rotating Ice Disc Forming Again in Same US River Where it Was Seen Last Year