ADVERTISEMENT

ഏതാണ് ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം? പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം 1915 മുതല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ- വോയ്‌നിച്ച് മാനുസ്‌ക്രിപ്റ്റ്. പേരു പോലെത്തന്നെ വില്‍ഫ്രിഡ് വോയ്‌നിച്ച് എന്ന പോളിഷ് പുസ്തകക്കച്ചവടക്കാരന്റെ പേരിലാണ് അത് അറിയപ്പെടുന്നത്. പുരാതന കാലത്തെ പ്രത്യേകതയുള്ള പുസ്തകങ്ങള്‍ കണ്ടെത്തി വില്‍പന നടത്തുന്നതായിരുന്നു വോയ്‌നിച്ചിന്റെ രീതി. അത്തരത്തിലുള്ള പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരവും ഒരുകാലത്ത് അദ്ദേഹത്തിന്റേതായിരുന്നു. ഒരിക്കല്‍ പുസ്തക ശേഖരണത്തിന്റെ ഭാഗമായി ഇറ്റലിയിലെത്തിയ അദ്ദേഹത്തിനു ലഭിച്ച ഒരു കയ്യെഴുത്തുപ്രതിയാണു പിന്നീട് ചരിത്രത്തിന്റെ ഭാഗമായത്. 

SPAIN-VOYNICH-BOOK-MYSTERY

പലതരം ചെടികളുടെയും മറ്റും ചിത്രങ്ങളും അടയാളങ്ങളും പ്രത്യേകതരം എഴുത്തുമുള്ള പുസ്തകമായിരുന്നു അത്. അദ്ദേഹം കയ്യോടെ അതു വാങ്ങി. മൂന്നു വര്‍ഷത്തോളം അതിനെപ്പറ്റി പഠിച്ചു. അതില്‍ എഴുതിയിരിക്കുന്നത് എന്താണെന്നറിയാന്‍ തലങ്ങും വിലങ്ങും ശ്രമിച്ചു. വിവര്‍ത്തനത്തിനു പലരെയും സമീപിച്ചു. എന്നാല്‍ ഉത്തരം കണ്ടെത്താനായില്ല. അങ്ങനെ 1915ലാണ് പുറംലോകത്തിന് അദ്ദേഹം പുസ്തകം പരിചയപ്പെടുത്തുന്നത്. 1930ല്‍ വോയ്‌നിച്ചിന്റെ മരണശേഷം പല കൈ മറിഞ്ഞു പോയ പുസ്തകം 1969 മുതല്‍ യേല്‍ സര്‍വകലാശാലയുടെ കയ്യിലാണ്. ഇക്കഴിഞ്ഞ 100 വര്‍ഷത്തിനിടെ വോയ്‌നിച്ച് മാനുസ്‌ക്രിപ്റ്റില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടി അതു പരിശോധിക്കാത്ത ഭാഷാവിദഗ്ധരില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനിയുടെ രഹസ്യ കോഡ് ഭാഷ വരെ തകര്‍ത്തെറിഞ്ഞ ക്രിപ്‌റ്റോഗ്രാഫര്‍മാരും വോയ്‌നിച്ചിന്റെ രഹസ്യം കണ്ടെത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു. 

SPAIN-VOYNICH-BOOK-MYSTERY

അതിനിടെ ഈ നിഗൂഢ പുസ്തകത്തിന്റെ രഹസ്യങ്ങളെ ഭാവനയില്‍ സൃഷ്ടിച്ച് ഒട്ടേറെ നോവലുകളും സിനികളും വരെ പുറത്തിറങ്ങുകയും ചെയ്തു. ഏറ്റവുമൊടുവില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുവരെ പുസ്‌കത്തിന്റെ രഹസ്യം ചുരുളഴിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞരെ സംബന്ധിച്ചും ഏറെ കൗതുകം സമ്മാനിക്കുന്നതാണ് ഈ പുസ്തകം. അതില്‍ ഏറെയും മൃഗങ്ങളുടെയും പലതരം ചെടികളുടെയും ചിത്രങ്ങളാണെന്നതാണു കാരണം. വരച്ചെടുത്ത ഓരോ ചെടികളും മൃഗങ്ങളും പക്ഷേ അര്‍ഥമാക്കുന്നത് മറ്റു പലതുമാണെന്നാണു കരുതുന്നത്. ഇടത്തുനിന്ന് വലത്തോട്ടുള്ള എഴുത്തുരീതിയാണ് പുസ്തകത്തില്‍. ഈജിപ്തിലെ ഹൈറോഗ്ലിഫിക്‌സ് ലിപി വായിച്ചെടുത്തതു പോലെ ഈ എഴുത്തിന്റെ അര്‍ഥം കണ്ടെത്താനും ഗവേഷകര്‍ ശ്രമം നടത്തി. പക്ഷേ ഫലം കണ്ടില്ല. 

ലോകത്ത് ഇന്നേവരെ എവിടെയും കണ്ടെത്തിയിട്ടില്ലാത്ത ലിപിയായിരുന്നു അത്. പുസ്തകവില്‍പനക്കാരനായതിനാല്‍ത്തന്നെ അതിനു വേണ്ടി വോയ്‌നിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണു പുസ്തകമെന്ന വാദവും അതിനിടെ ഉണ്ടായി. എന്നാല്‍ പുസ്‌കത്തിലെ 240 പേജിന്റെയും കാര്‍ബണ്‍ ഡേറ്റിങ് പരിശോധനയില്‍ സത്യം തെളിഞ്ഞു. ഏകദേശം 600 വര്‍ഷം പഴക്കമുള്ളതായിരുന്നു ആ പുസ്തകം. അതായത് എഡി 1404-1438 കാലഘട്ടത്തിലെഴുതിയത്. പുസ്തകത്തിന്റെ മിക്ക പേജുകളും നഷ്ടപ്പെട്ടിരുന്നു. മുന്‍പെപ്പോഴോ പുസ്തകത്തിലെ പേജുകള്‍ വീണ്ടും യോജിപ്പിച്ചിരുന്നെന്നും കരുതുന്നു. അങ്ങനെയെങ്കില്‍ പേജുകള്‍ കൂടിക്കുഴഞ്ഞ് കിടക്കുകയായിരിക്കും. ഇതും അവയുടെ അര്‍ഥം പിടിച്ചെടുക്കാന്‍ വിലങ്ങു തടിയായി. 

book-poland4

ഇടയ്ക്ക് ചില ഗവേഷകര്‍ ഇതിലെ ഏതാനും പേജുകളിലെ വാക്കുകളുടെ അര്‍ഥം കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നിരുന്നു. അവരും പക്ഷേ തുടര്‍പരിശോധനയില്‍ പുസ്തകത്തോട് പരാജയം ഏറ്റു പറയുകയായിരുന്നു. ഒരൊറ്റയാളുടെയായിരുന്നു പുസ്തകത്തിലെ കയ്യക്ഷരം. വൃത്തിയോടെ എഴുതിയ ലിപികള്‍ക്കൊപ്പമായിരുന്നു ചെടികളുടെയും മൃഗങ്ങളുടെയും ആകാശഗോളങ്ങളുടെയും നക്ഷത്രക്കൂട്ടങ്ങളുടെയും കൊട്ടാരങ്ങളുടെയും വ്യാളികളുടെയുമെല്ലാം ചിത്രമുണ്ടായിരുന്നത്. ഒരു പേജിലെ ചിത്രത്തില്‍ മാത്രം നഗ്നരായ ഏതാനും യുവതികള്‍ കുളിക്കുന്നതായിരുന്നു. പരസ്പരം ബന്ധിപ്പിച്ച കുഴലുകളില്‍നിന്നായിരുന്നു കുളങ്ങളിലേക്ക് വെള്ളം വന്നിരുന്നത്. പഴയകാലത്തെ വാട്ടര്‍ തീം പാര്‍ക്കിന്റെ ഭൂപടം പോലെയായിരുന്നു അത്. പുസ്തകത്തില്‍ മറ്റുള്ളവയുമായി ചേരാതെ മാറിനില്‍ക്കുന്ന ചിത്രവും അതായിരുന്നു. പക്ഷേ ചിത്രത്തിനു പിന്നില്‍ വൈദ്യശാസ്ത്രപരമായ രേഖപ്പെടുത്തല്‍ പോലുമാകാമെന്നും ഗവേഷകര്‍ പറയുന്നു. 

ചിത്രങ്ങളുടെ സ്വഭാവമനുസരിച്ച് വോയ്‌നിച്ച് മാനുസ്‌ക്രിപ്റ്റിന്് ആറു ഭാഗങ്ങളുണ്ടാകുമെന്നും കരുതുന്നു. മരുന്നു നിര്‍മാണം, വാനശാസ്ത്രം, ജീവശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, വൈദ്യ ശാസ്ത്രം, പാചകം എന്നിവയുമായി ബന്ധപ്പെട്ടതാകണം അത്. പുസ്തകത്തിലേത് ഒരൊറ്റ ഭാഷയല്ലെന്നും ആസ്‌ടെക്, അറബിക്, ലാറ്റിന്‍, റോമന്‍, ഇറ്റാലിയന്‍ ഭാഷകള്‍ ചേര്‍ന്നതാണെന്നും ഒരു വിഭാഗം ഗവേഷകര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ആ ഭാഷയ്ക്കു പിന്നിലെ അര്‍ഥം അറിയാന്‍ ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും.

English Summary: The mysterious Voynich manuscript

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com