ADVERTISEMENT

മര്‍സുപിയല്‍ ഇനത്തില്‍ പെട്ട രണ്ട് തരം ജീവികളാണ് പ്രധാനമായും ഓസ്ട്രേലിയയിലുള്ളത്. ഒന്ന് പ്രശസ്തമായ കോലകളും രണ്ടാമത്തേത് ഗ്ലൈഡര്‍ എന്നു വിളിക്കുന്ന ജീവികളും. ഇവയില്‍ ഗ്ലൈഡര്‍ എന്ന ജീവിയെ ഒറ്റ ഇനമായാണ് ഇതുവരെ ഗവേഷകര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ ജീവിയില്‍ തന്നെ മൂന്ന് വ്യത്യസ്ത ഉപവിഭാഗങ്ങളുണ്ടെന്ന് കണ്ടെത്തിരിയിക്കുകയാണ് ഗവേഷകര്‍. ഇതോടെയാണ് ഓസ്ട്രേലിയയുടെ ഇപ്പോള്‍ തന്നെ സമ്പന്നമായ ജൈവവൈവിധ്യ പട്ടികയിലേക്ക് രണ്ട് പുതിയ ജീവികള്‍ കൂടി ചേര്‍ക്കപ്പെട്ടത്.

ഗ്ലൈഡറുകള്‍

കാഴ്ചയിലും ജീവിതചര്യകളിലുമെല്ലാം കോലകളോടെ അതീവ സാമ്യം പുലര്‍ത്തുന്നവയാണ് ഗ്ലൈഡറുകൾ. യൂക്കാലിപ്റ്റസ് മരത്തിന്‍റെ ഇലകള്‍ മാത്രം ഭക്ഷിച്ചു ജീവിക്കുന്നവയാണ് ഗ്ലൈഡറുകള്‍. കാറ്റിന്‍റെ സഹായത്തോടെ പറന്നു നീങ്ങുന്നത് എന്നര്‍ത്ഥം വരുന്ന ഗ്ലൈഡറുകള്‍ എന്ന പേര് ഇവയ്ക്ക് ലഭിക്കാന്‍ വ്യക്തമായ കാരണമുണ്ട്. ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടുമ്പോള്‍ 100 മീറ്റര്‍ വരെ ദൂരം വായുവിലൂടെ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിയും. ഈ പ്രത്യേകതയാണ് ഗ്ലൈഡറുകള്‍ എന്ന പേരു ലഭിക്കാന്‍ കാരണവും.

Drop Everything And Look at These Newly Discovered Glider Species From Australia
Clockwise from top-left: P. minor, P. volans, P. armillatus. Image Credit: Denise McGregor

ഇതുവരെ ഓസ്ട്രേലിയയിലെ ഗ്ലൈഡറുകളെ ഒരു വര്‍ഗമായാണ് കണ്ടിരുന്നത്. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തെ വനമേഖല മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതാണ് ഇവയുടെ ആവാസ വ്യവസ്ഥ. അതുകൊണ്ട് തന്നെ ഇത്ര വലിയ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന ഇവ ഒറ്റ വര്‍ഗമായിരിക്കില്ലെന്നും പല ഉപവിഭാഗങ്ങള്‍ ഉണ്ടായിരിക്കാമെന്നും മുന്‍പേ സംശയമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഒടുവില്‍ സമീപകാലത്ത് ഡിഎന്‍എ അടിസ്ഥാനമാക്കി നടന്ന പഠനത്തിലാണ് ഓസ്ട്രേലിയന്‍ ഗ്ലൈഡറുകള്‍ പരിണാമദിശയില്‍ തന്നെ മൂന്ന് വ്യത്യസ്ത ഉപവര്‍ഗങ്ങളായി പിരിഞ്ഞിരുന്നു എന്നതിനു തെളിവ് ലഭിച്ചത്.

ജയിംസ് ക്രൂക്ക് സര്‍വകലാശാല ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ജനിതക സാംപിളുകള്‍ വേര്‍തിരിച്ച് പഠിക്കുന്ന ഡൈവേര്‍സിറ്റി അരേയ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്. ജയിംസ് ക്രൂക്ക് സര്‍വകലാശാലയിലെ പിഎച്ച്ഡി ഗവേഷകനായ ഡെനിസ് മക് ഗ്രെഗര്‍ ആണ് ഈ കണ്ടെത്തലിന് പിന്നിലെ പ്രധാനി.

പെട്രിറോഡസ് വോളന്‍ എന്നതാണ് ഗ്ലൈഡറുകളുടെ പൊതു ശാസ്ത്രീയ നാമം. പെട്ടോറൈഡ്സ് എന്ന ജീവിവര്‍ഗത്തിലെ ഒരേ ഒരു ജീവിയയാണ് ഇവയെ കണക്കാക്കിയിരുന്നത്. ഏതായാലും പുതിയ രണ്ട് ജനുസ്സുകളുടെ കൂടി കണ്ടെത്തലോടെ പെട്ടോറൈഡ്സ് എന്ന സസ്തനി വര്‍ഗത്തിലേക്ക് രണ്ട് ജീവികള്‍ കൂടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്. പി ആര്‍മിലാറ്റൂസ്, പി മൈനര്‍ എന്നിങ്ങനെയാണ് പുതിയ അംഗങ്ങള്‍ക്ക് നല്‍കിരിക്കുന്ന പേര്. 

ഗ്ലൈഡറുകളുടെ അതീജിവനം

പുതിയ രണ്ട് ജീവിവര്‍ഗത്തിന്‍റെ കണ്ടെത്തല്‍ ഗവേഷകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഈ കണ്ടെത്തല്‍  പുതിയൊരു വെല്ലുവിളി കൂടി ഇവര്‍ക്ക് നല്‍കുന്നുണ്ട്. കാരണം ഇപ്പോള്‍ തന്നെ ഗ്ലൈഡറുകള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്. ഇവയുടെ ആവാസവ്യവസ്ഥയായ യൂക്കാലിപ്റ്റസ് മരങ്ങളുള്ള മേഖല ചുരുങ്ങി വരുന്നതാണ് ഇതിനു കാരണം. ഇങ്ങനെ ഒരു ജീവിവര്‍ഗമായിരിക്കെ തന്നെ എണ്ണത്തില്‍ കുറവായിരുന്ന ഇവ ഇപ്പോള്‍ മൂന്ന് വ്യത്യസ്ത വര്‍ഗമാണെന്നു കണ്ടെത്തിയതോടെ മൂന്ന് ഇനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ട ബാധ്യതയാണ് ഇപ്പോള്‍ ജൈവശാസ്ത്രജ്ഞര്‍ക്കും ഓസ്ട്രേലിയന്‍ വനം വകുപ്പിനും വന്നു ചേര്‍ന്നിരിക്കുന്നത്. 

English Summary: Drop Everything And Look at These Newly Discovered Glider Species From Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com