ADVERTISEMENT

കടലിലെ ഏറ്റവും സുന്ദരന്മാരായ ജീവികളിൽ ഒന്നാണ് നക്ഷത്ര മത്സ്യങ്ങൾ. എന്നാൽ  ചില സാഹചര്യങ്ങളിൽ ജീവൻ നിലനിർത്താനായി അവ പരസ്പരം ഭക്ഷണമാക്കാൻ മടിക്കില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ജോൺ അലൻ, കരീന ബ്രോക്കോ ഫ്രെഞ്ച് എന്നിവരടങ്ങുന്ന ഒരു സംഘം ഗവേഷകർ. ഒരു പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായാണ്  ഗവേഷകരുടെ ഈ കണ്ടെത്തൽ.

ഇരപിടിയൻ ഞണ്ടുകൾ ആക്രമിക്കാനെത്തുമ്പോൾ നക്ഷത്ര മത്സ്യങ്ങൾ എങ്ങനെ പ്രതികരിക്കും  എന്ന് പരിശോധിക്കുന്നതിന് വേണ്ടി  ലാബിൽ എത്തിച്ചപ്പോഴാണ് അവയുടെ വിചിത്ര സ്വഭാവം ഗവേഷകരുടെ ശ്രദ്ധയിൽപെട്ടത്. ഫോർബ്സ് നക്ഷത്ര മത്സ്യങ്ങളെയാണ്  ഗവേഷകർ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. അസ്റ്റീരിയസ് ഫോർബെസി എന്നാണ് ഇവയുടെ ശാസ്ത്രനാമം.

ലാബിൽ എത്തിച്ച  നക്ഷത്രമത്സ്യക്കുഞ്ഞുങ്ങളെയും ഇരപിടിയൻ ഞണ്ടുകളെയും ഒന്നിച്ചു പാർപ്പിച്ച് പരീക്ഷണം നടത്താനായിരുന്നു തീരുമാനം. എന്നാൽ മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചപ്പോൾ തന്നെ അവ പരസ്പരം ഭക്ഷണമാക്കുകയാണ് ചെയ്തത്. ഞണ്ടുകളെ  നക്ഷത്ര മത്സ്യ കുഞ്ഞുങ്ങളുടെ കൂട്ടിലിടാനുള്ള സമയം പോലും തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഗവേഷകർ പറയുന്നു. ഇതേതുടർന്ന് പരീക്ഷണം നിർത്തിവയ്ക്കുകയും ചെയ്തു. നക്ഷത്ര മത്സ്യക്കുഞ്ഞുങ്ങളുടെ ഈ പുതിയ സ്വഭാവ രീതിയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനാണ് ഇപ്പോൾ ജോൺ അലന്റെയും സംഘത്തിന്റെയും തീരുമാനം. 

അമേരിക്കയുടെ കിഴക്കൻ തീരങ്ങളിലാണ് ഫോർബ്സ് നക്ഷത്ര മത്സ്യങ്ങളെ സാധാരണയായി കണ്ടുവരുന്നത്. 9.4 ഇഞ്ച് വലുപ്പത്തിൽ വരെ  വളരുന്നവയാണ് ഇവ. എന്നാൽ ഈ കുഞ്ഞുങ്ങൾക്ക്  മൊട്ടുസൂചിയുടെ തലയ്ക്കൊപ്പം മാത്രമേ വലുപ്പം ഉണ്ടാവുകയുള്ളൂ. പ്രായപൂർത്തിയെത്തുമ്പോൾ പുഴുക്കൾ ശലഭമായി മാറുന്നതിനു സമാനമായ രീതിയിൽ ഇവയിൽ രൂപാന്തരം സംഭവിക്കുന്നു. ഇത്തരത്തിൽ നക്ഷത്രമത്സ്യമായി രൂപം പ്രാപിച്ചവയാണ് ലാർവ രൂപത്തിലുള്ളവയെ ഭക്ഷണമാക്കുന്നത്.

പെൺ വർഗത്തിലുള്ള നക്ഷത്രമത്സ്യം പ്രായപൂർത്തിയെത്തിയാൽ വർഷത്തിൽ അഞ്ച് ദശലക്ഷം മുതൽ 10 ദശലക്ഷം വരെ മുട്ടകളിടുമെന്നാണ് കണക്ക്. അതിനാൽ ഇവ പരസ്പരം ഭക്ഷിക്കുന്നത് എണ്ണം സന്തുലിതമായി നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ അനുമാനം. എക്കോളജി എന്ന ശാസ്ത്ര ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English Summary: Hungry baby sea stars eat each other in unexpected case of underwater cannibalism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com