പറക്കുംതളികയല്ല, കുന്നിനുമുകളിൽ വൃത്താകൃതിയിൽ നിലയുറപ്പിച്ച് ചെമ്മരിയാടിൻ കൂട്ടം: കാരണം നിഗൂഢം!
Mail This Article
യുകെയിലെ ഈസ്റ്റ് സസ്സെക്സിൽ തന്റെ ബൈക്കിൽ പതിവുപോലെ സവാരിക്കിറങ്ങിയതാണ് ക്രിസ്റ്റഫർ ഹോഗ് എന്ന അധ്യാപകൻ. എന്നാൽ ഒരു കുന്നിനു സമീപത്ത് കൂടി സഞ്ചരിക്കുകയായിരുന്ന അദ്ദേഹം വിചിത്രമായ ഒരു കാഴ്ച കണ്ടു. ഏക കേന്ദ്രീകൃതമായി പല അടുക്കുകളിൽ കുറെയധികം വലയങ്ങൾ. ആദ്യകാഴ്ചയിൽ അന്യഗ്രഹജീവികളുടെ പറക്കുംതളികയാണെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ അല്പം കൂടി അടുത്തു ചെന്നതോടെ സംഗതി വ്യക്തമായി മനസ്സിലായി. ഒരു വലിയ കൂട്ടം ചെമ്മരിയാടുകൾ കൃത്യമായി വൃത്താകൃതിയിൽ നിൽക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്.
തന്റെ സവാരിക്കിടെ സ്ഥിരമായി ചെമ്മരിയാടുകളെ അവിടെ കാണാറുണ്ടെങ്കിലും ഇതാദ്യമായാണ് വിചിത്രമായ രീതിയിൽ അവ പെരുമാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണഗതിയിൽ എപ്പോഴും ശബ്ദമുണ്ടാക്കുന്ന അവ പക്ഷേ അന്ന് ഏറെ ശാന്തമായാണ് നിലകൊണ്ടത്. അസ്വാഭാവികമായ കാഴ്ച ക്യാമറയിൽ പകർത്തിയ ഉടൻ തന്നെ വീട്ടിലെത്തി തന്റെ കുടുംബത്തെ കാട്ടിക്കൊടുത്തു. ചിത്രങ്ങൾ കണ്ട് തന്റെ കുടുംബവും ഞെട്ടിയതായി അദ്ദേഹം പറയുന്നു.
പിന്നീട് അദ്ദേഹം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് അത് ജനശ്രദ്ധ നേടിയത്. ചെമ്മരിയാടുകളുടെ വിചിത്ര സ്വഭാവത്തിന് പിന്നിലെ കാരണം കണ്ടെത്താനായി പലരുടേയും ശ്രമം. ഏതെങ്കിലും അതീന്ദ്രിയ ശക്തിയുടെ പ്രവർത്തനം മൂലമാകാം ചെമ്മരിയാടുകൾ ഇത്തരത്തിൽ പെരുമാറിയതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. എന്നാൽ മറ്റു ചിലരാവട്ടെ ഉടമസ്ഥനെ കബളിപ്പിക്കാൻ ചെമ്മരിയാടുകൾ കൂട്ടമായി ഒരു തന്ത്രം ഇറക്കിയതാവാം എന്നുവരെ പറഞ്ഞുവയ്ക്കുന്നു.
പ്രായോഗികമായ വിശദീകരണങ്ങളുമായി രംഗത്തെത്തിയവരും ഏറെയാണ്. ചെമ്മരിയാടുകൾക്കുള്ള ഭക്ഷണം ആരെങ്കിലും വൃത്താകൃതിയിൽ തറയിലിട്ടു കൊടുത്തിട്ടുണ്ടാവാം എന്നാണ് ഇവരുടെ വാദം. ശത്രുക്കളിൽ നിന്നു രക്ഷപെടാനും ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്. എന്തായാലും ഈ അപൂർവമായ കാഴ്ച്ച സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
English Summary: Mystery as hundreds of sheep stand in circle in field