ADVERTISEMENT

ഇത്രകാലം സൗരയൂഥത്തിൽ കാണപ്പെട്ടതിനേക്കാളൊക്കെ വലുപ്പമേറിയ ഒരു വാൽനക്ഷത്രം സൂര്യനു സമീപത്തേക്ക് എത്തുന്നെന്നു ശാസ്ത്രജ്ഞർ. സൗരയൂഥത്തിന്റെ പുറം മേഖലയായ ഊർട്ട് ക്ലൗഡിൽ നിന്നാണു 2014 യുഎൻ 271 എന്നു പേരിട്ടിരിക്കുന്ന വാൽനക്ഷത്രത്തിന്റെ വരവ്. 100 കിലോമീറ്റർ നീളവും 370 കിലോമീറ്റർ വീതിയുമുള്ള വാൽനക്ഷത്രത്തിന്റെ ഭീകര ആകാരം കാരണം മെഗാ റോക്കറ്റ് എന്നാണു ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. യുഎസിലെ പെൻസിൽവേനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ പെഡ്രോ ബെർണാഡിനെല്ലി, ഗാരി ബേൺസ്റ്റീൻ എന്നിവരാണ് ഇതിനെ കണ്ടെത്തിയത്. ആറുലക്ഷം വർഷങ്ങൾ കൂടുമ്പോൾ ഈ വാൽനക്ഷത്രം ഇങ്ങനെ യാത്ര പുറപ്പെടുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഈ പതിറ്റാണ്ടിന്റെ വാൽനക്ഷത്രമായും ഇതിനെ ശാസ്ത്രജ്ഞർ തിരഞ്ഞെടുത്തിട്ടുണ്ട്.

An enormous ‘mega comet’ is flying into our solar system

സൗരയൂഥത്തിന്റെ അതിർത്തിയെന്നൊക്കെ വിശേഷിപ്പിക്കാവുന്ന മേഖലയാണു ഊർട്ട് ക്ലൗഡ്. സൂര്യനിൽ നിന്ന് ഒരു പ്രകാശവർഷമകലെ തുടങ്ങുന്ന മേഖല, സൂര്യനും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ച്വറിയും തമ്മിലുള്ള ദൂരത്തിന്റെ മൂന്നിലൊന്നു വരെ വ്യാപിച്ചു നിൽക്കുന്നു. തണുത്തുറഞ്ഞ ജലം, അമോണിയ, മീഥെയ്ൻ എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സൗരയൂഥത്തിന്റെ രൂപീകരണം സംഭവിച്ചുകഴിഞ്ഞപ്പോഴുള്ള അവശിഷ്ടങ്ങളാണു ഊർട്ട് ക്ലൗഡിൽ സ്ഥിതി ചെയ്യുന്നത്. 

നിലവിൽ യുഎൻ 271 വാൽനക്ഷത്രം സൂര്യനിൽ നിന്ന് 20 ആസ്ട്രോണമിക്കൽ യൂണിറ്റ് അകലെയാണ്. ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് അകലത്തിലാണു ഭൂമി സ്ഥിതി ചെയ്യുന്നതെന്നുള്ളത് ഈ ദൂരത്തെപ്പറ്റിയുള്ള ഏകദേശ ആശയം നൽകും. നിലവിൽ ഇതു ശനിഗ്രഹത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. 2031 ൽ ആകും വാൽനക്ഷത്രം സൂര്യന് ഏറ്റവും അടുത്തെത്തുക. ഭൂമിക്കു സമീപമെത്താത്തതിനാൽ ഒരു തരത്തിലുള്ള അപകടഭീഷണിയും ഈ വാൽനക്ഷത്രം പുലർത്തുന്നില്ല.

ഇതുവരെ ഭൂമിയിൽ നിന്നു ദൃശ്യമായതും ഫോട്ടോയെടുത്തിട്ടുള്ളതുമായ വാൽനക്ഷത്രങ്ങളിൽ ഏറ്റവും വലുത് ഹാലി–ബോപ്പ് എന്ന വാൽനക്ഷത്രമാണ്. 1996ൽ കണ്ടെത്തപ്പെട്ട ഇതിന്റെ മൂന്നിരട്ടി വലുപ്പമുണ്ട് ഇപ്പോഴത്തെ മെഗാ വാൽനക്ഷത്രത്തിന്. പക്ഷേ ഭൂമിയിൽ നിന്ന് ഇതിനെ കാണാനോ ഫോട്ടോ പകർത്താനോ സാധ്യമല്ല.എന്നാൽ വലിയ ശക്തിയുള്ള ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ഈ വാൽനക്ഷത്രത്തിന്റെ ചിത്രമെടുക്കാമെന്ന പ്രതീക്ഷയിലാണു ശാസ്ത്രജ്ഞർ. സൗരയൂഥത്തിന്റെ പുറം മേഖലയിൽ നിന്നു വരുന്നതിനാൽ ആ മേഖലയെക്കുറിച്ചുള്ള പഠനത്തിനും മെഗാകോമറ്റ് അവസരമൊരുക്കും.

English Summary:  An enormous ‘mega comet’ is flying into our solar system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com