ഗ്രീൻലൻഡിൽ ഉറങ്ങി ബ്രിട്ടനിൽ ഉണർന്നു; കാണാതായ ‘വാലിയെ’ കണ്ടെത്തിയത് ഐസ്‌ലൻഡിൽ!
Mail This Article
ഗ്രീൻലൻഡിൽ നിന്ന് ഉറക്കത്തിൽ മഞ്ഞുകട്ടയോടൊപ്പം ഒഴുകി ബ്രിട്ടനിലെത്തി, പിന്നീട് കാണാതായ 800 കിലോ ഭാരം വരുന്ന വാലിയെന്ന വാൽറസിനെ ഐസ്‌ലൻഡിൽ കണ്ടെത്തി. വാലിയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്നു ശാസ്ത്രജ്ഞർ കരുതിയതിനു തൊട്ടുപിന്നാലെയാണ് വാൽറസ് ഐസ്‌ലൻഡിൽ പ്രത്യക്ഷപ്പെട്ടത്. ഗ്രീൻലൻഡിൽ നിന്നു വേർപെട്ട ശേഷം 5000 കിലോമീറ്ററോളം ദൂരം ഈ വാൽറസ് യാത്ര ചെയ്തെന്നാണു കരുതുന്നത്. ശരീരത്തിൽ മുറിവുകളോടെയാണ് വാലി ഇപ്പോൾ ഐസ്‌ലൻഡിലുള്ളത്. ബ്രിട്ടിഷ് അധികൃതരുമായി ചിത്രങ്ങൾ കൈമാറിയ ശേഷമാണ് ഇത് വാലി തന്നെയാണെന്ന് ഐസ്‌ലൻഡിലെ സമുദ്രജീവി വകുപ്പ് ഉറപ്പിച്ചത്.
നാലു വയസ്സുകാരനായ വാലിയെ മാർച്ചിൽ അയർലൻഡിലെ വാലന്റീന ദ്വീപിലുള്ള ഗ്ലാൻലിം ബീച്ചിൽ കളിക്കാനെത്തിയ അഞ്ച് വയസ്സുകാരി മ്യൂയിറിയാനാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അദ്ഭുതക്കാഴ്ച കാണാൻ ആളുകൾ തടിച്ചുകൂടി. അയർലൻഡിനു സമീപമുള്ള സമുദ്രമേഖലയിൽ സാധാരണ കാണപ്പെടുന്ന നീർനായയാകാം ഈ ജീവിയെന്നാണ് അവരെല്ലാം ആദ്യം വിചാരിച്ചത്. പിന്നീടാണ് ഉത്തരധ്രുവത്തിൽ കാണപ്പെടുന്ന വാൽറസ് എന്ന പ്രത്യേകതരം സസ്തനിയാണ് കിടക്കുന്നതെന്നു മനസ്സിലായത്. തുടർന്ന് ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയായിരുന്നു.
വാൽറസ് ഇവിടെ എങ്ങനെ എത്തിയെന്ന് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളുണ്ടായിരുന്നു. ഉത്തരധ്രുവ മേഖലയിലെ ദ്വീപായ ഗ്രീൻലൻഡിലെ ഒരു മഞ്ഞുപാളിയിൽ കിടന്നുറങ്ങിപ്പോയതാകാം വാലിയെന്ന് വിദഗ്ധർ പറഞ്ഞു. ഉറക്കത്തിനിടയിൽ മഞ്ഞുപാളി കരയിൽ നിന്ന് അടർന്നുമാറി തെക്കോട്ടൊഴുകി. നല്ല ഉറക്കമായതിനാൽ വാലി ഇതൊന്നുമറിഞ്ഞില്ല. ആയിരക്കണക്കിനു കിലോമീറ്ററാണ് ഈ വാൽറസ് അയർലൻഡ് വരെയെത്താൻ സഞ്ചരിച്ചത്. തുടർന്ന് സ്പെയിൻ, വെയിൽസ്, ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളിലൊക്കെ വാലിയെ കണ്ടു. ഒടുവിൽ മൂന്നാഴ്ചയായി ഒരു വിവരവുമില്ല. അപ്പോഴാണ് ഐസ്‌ലൻഡിൽ ഉണ്ടെന്നു സ്ഥിരീകരണം എത്തിയത്. ഇതോടെ ജന്മനാട്ടിലേക്കു കൂടുതൽ അടുത്തായി വാലി. ഇനി 1210 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ വാലി ഗ്രീൻലൻഡിൽ തിരിച്ചെത്തുകയും സഞ്ചാരം പൂർണമാകുകയും ചെയ്യും.
ഉത്തരധ്രുവത്തിലെ ഏറ്റവും പ്രശസ്തമായ വമ്പൻ ജീവികളാണ് വാൽറസുകൾ. ഏഴ് മുതൽ പന്ത്രണ്ട് അടി വരെ നീളത്തിൽ വളരുന്ന ഇവയ്ക്ക് 1500 കിലോ വരെയൊക്കെ ഭാരം വയ്ക്കും. ഒരു കാറിന്റെയൊക്കെ ഭാരം.40 വർഷം വരെ ജീവിക്കുന്ന ഈ ജീവികൾക്ക് ആനകളെപ്പോലെ വലിയ കൊമ്പുകളുണ്ട്. 3 അടി വരെയൊക്കെ കൊമ്പുകൾക്ക് നീളമുണ്ടാകും. ഹിമപാളികൾ പൊളിക്കാനാണ് ഈ കൊമ്പ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്.
ലോകത്ത് രണ്ടര ലക്ഷത്തോളം വാൽറസുകളുണ്ടെന്നാണു കണക്ക്. ഓർക്ക എന്ന തിമിംഗലവും ഹിമക്കരടികളുമാണ് ഇവയുടെ പ്രധാന ശത്രുക്കളും വേട്ടക്കാരും. ഇവയ്ക്ക് മൈനസ് 35 ഡിഗ്രി വരെയുള്ള വളരെ തണുപ്പേറിയ വെള്ളത്തിൽ കഴിയാനൊക്കും. കക്കകളാണ് ഇവയുടെ പ്രധാന ആഹാരം. സസ്തനികളായ ഇവ ഒരു പ്രസവത്തിൽ സാധാരണ ഒരു കുട്ടിക്കാണ് ജന്മം നൽകുന്നത്. 75 കിലോ വരെ ഭാരമുള്ള നവജാതശിശുവിന് ജനിച്ച് ഉടനെ തന്നെ നീന്താനുള്ള കഴിവുണ്ടാകും. ധ്രുവപ്രദേശത്തെ തദ്ദേശീയ ജനത ഭക്ഷണത്തിനും കൊമ്പിനും എല്ലുകൾക്കുമായി വാൽറസുകളെ വേട്ടയാടാറുണ്ട്.
English Summary: Wandering celebrity walrus spotted in Iceland