മൈനസ് 60 ഡിഗ്രിയിൽ തണുത്തുറഞ്ഞ് ഒയ്മ്യാകോൺ; ഭീതിവിതച്ച് മഞ്ഞിനടിയിലെ ‘സോംബി’ കാട്ടുതീ!
Mail This Article
റഷ്യയുടെ വടക്കേയറ്റത്തുള്ള ഗ്രാമമേഖലയാണ് ഒയ്മ്യാകോൺ. ലോകത്തെ ഏറ്റവും തണുപ്പേറിയ ഗ്രാമമെന്നാണ് ഒയ്മ്യാകോൺ അറിയപ്പെടുന്നത്. മൈനസ് 60 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. പുരികത്തിലും കണ്‍പീലികളില്‍ പോലും മഞ്ഞുറഞ്ഞ് കൂടുന്ന ഈ ഗ്രാമത്തെ പക്ഷേ ഇപ്പോള്‍ വലയ്ക്കുന്നത് ഒരു കാട്ടുതീയാണ്. ശൈത്യകാലമായിരുന്നിട്ടും, ധ്രുവമേഖലയോട് ചേര്‍ന്ന പ്രദേശമായിട്ടും മൈസ് 60 ഡിഗ്രി സെല്‍ഷ്യസിലും വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന ഈ കാട്ടുതീയെ ഇപ്പോള്‍ ‘സോംബി’ കാട്ടുതീയെന്നാണ് വിളിക്കുന്നത്.
ഓവര്‍വിന്‍ററിങ് ഫയര്‍ അഥവാ മഞ്ഞുപാളിക്കടയിലെ തീ
സാധാരണ കാട്ടുതീയെന്നാൽ മീറ്ററുകളോളം ഉയരത്തില്‍ അഗ്നിനാളങ്ങള്‍ എരിയുന്ന ദൃശ്യമാണ് മനസ്സിലേക്കെത്തുക. എന്നാല്‍ സോംബി കാട്ടുതീ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഈ സ്വഭാവമാണ് സോംബി കാട്ടുതീ എന്ന പേര് ലഭിക്കാന്‍ കാരണമായതും. മരിച്ച മനുഷ്യര്‍ രക്താഹികളായായി പുനര്‍ജനിക്കുന്ന സാങ്കല്‍പിക പ്രതിഭാസമാണ് സോംബി എന്നത്. മനുഷ്യശരീരത്തെ നിയന്ത്രിക്കുന്ന പാരസൈറ്റാണ് സോംബികള്‍ക്ക് പിന്നിലെ ശാസ്ത്രീയ വിശദീകരണം. ശരീരം അഴുകിത്തുടങ്ങിയാലും തുടങ്ങിയാലും ഈ പാരസൈറ്റ് അതിനെ നിയന്ത്രിച്ചു കൊണ്ടേയിരിക്കും.
സാമാനമായ അവസ്ഥയാണ് സോംബി കാട്ടുതീയിലും സംഭവിക്കുന്നത്. മഞ്ഞുറഞ്ഞ് മരവിച്ച് കിടക്കുന്ന പ്രദേശത്ത് തീ പടരുന്നതിന്‍റെ നേരിയ സൂചന പോലും പലപ്പോഴും ഉണ്ടാവില്ല. എന്നാല്‍ കട്ടിയേറിയ മഞ്ഞുപാളിക്കടിയിലും വരണ്ട് കിടക്കുന്ന ചെടികളിലൂടെയും മറ്റ് വസ്തുക്കളിലൂടെയും തീ എരിഞ്ഞു പടര്‍ന്നു പിടിക്കുന്നുണ്ടാകും. തീ ശക്തമാകുന്നതോടെ പുക മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തു വരും. ഇതോടെയാണ് ഈ തീ പടരുന്ന വിവരം പുറത്തറിയുക.
ഒയ്മ്യാകോൺ, താറാ കുമല്‍ എന്നീ വടക്കന്‍ഗ്രാമങ്ങളിലാണ് ഇപ്പോള്‍ ഈ പ്രതിഭാസം സംഭവിക്കുന്നത്. പുറത്തേക്ക് വരുന്ന തീ നാളങ്ങള്‍ അധികം വൈകാതെ അണയ്ക്കുന്നുണ്ടെങ്കിലും മഞ്ഞുപാളിക്കടിയിലെ കാട്ടുതീ നിയന്ത്രിക്കുക അസാധ്യമാണ്. മഞ്ഞുപാളിക്കടിയിലുള്ള വസ്തുക്കളിലൂടെ തീ പടര്‍ന്നു പിടിക്കുന്നതോടെ ഇവിടെ നിന്ന് വലിയ തോതില്‍ മീഥൈന്‍ പുറത്തേക്ക് വരും. ഇതാകട്ടെ തീ ആളിപ്പടരാന്‍ കാരണമാകുന്നതിനൊപ്പം വലിയ തോതില്‍ വിഷപ്പുക പുറത്തേക്ക് വമിക്കുന്നതിനും ഇടയാക്കും.
ഈ പ്രതിഭാസം സൈബീരിയയില്‍ മാത്രം കണ്ടുവരുന്ന ഒന്നല്ല. ശൈത്യകാലത്ത് മഞ്ഞുപാളികള്‍ വലിയ അളവില്‍ രൂപപ്പെടുന്ന വടക്കന്‍ മേഖലകളിലെല്ലാം ഈ പ്രതിഭാസം കാണാനാകും. വടക്കന്‍ കാനഡ, അലാസ്ക, റഷ്യയുടെ മറ്റ് വടക്കന്‍ പ്രദേശങ്ങളില്‍ ഇവിടങ്ങളിലെല്ലാം സോംബി ഫയറുകള്‍ ശൈത്യകാലത്ത് സംഭവിക്കാറുണ്ട്.
സോംബി ഫയര്‍ ഉണ്ടാകുന്നതെങ്ങനെ?
ശൈത്യകാലത്ത് മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ പെര്‍മാ ഫ്രോസ്റ്റ് മേഖലകള്‍ വസന്താകാലത്ത് മഞ്ഞുരുകുന്നതോടെ പുല്‍മേടുകളായി മാറും. വേനല്‍ക്കാലത്തിന്‍റെ അവസാനത്തോടെ ഈ പുല്‍മേടുകള്‍ ഉണങ്ങുകയും പല കാരണങ്ങളാല്‍ ഈ മേഖലയില്‍ ഒറ്റപ്പെട്ട തീ പിടുത്തങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ മഞ്ഞ് പെയ്യുമ്പോഴും ഈ കാട്ടുതീകള്‍ പലപ്പോഴും അണയാറില്ല. മറിച്ച് മഞ്ഞുതീര്‍ക്കുന്ന പാളിക്കടിയിലൂടെ ഇവ ഉണങ്ങിയ പുല്ലുകളിലൂടെ പടരും. മുകളില്‍ സൂചിപ്പിച്ചത് പോലെ തീ മൂലവും മണ്ണിനടിയില്‍ നിന്നും പുറത്ത് വരുന്ന മീഥൈന്‍ വാതകം ഈ തീ അണയാതെ തുടര്‍ന്നു കത്തുന്നതിനും കാരണമാകും.
ഇത്തവണ ഒയ്മ്യാകോണിലും സംഭവിച്ചത് സമാനമായ സ്ഥിതിയാണ്. ഈ മേഖലയിലെ പുല്‍മേടുകളില്‍ വേനല്‍ക്കാലത്ത് കാട്ടുതീയുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. മഞ്ഞു വീഴുന്നതിന് തൊട്ട് മുന്‍പ് വരെ പലപ്പോഴും ആളിക്കത്തുന്ന രീതിയില്‍ കാട്ടു തീ പടര്‍ന്നിട്ടുണ്ട്. പലയിടത്തും പ്രദേശവാസികളും അധികൃതരും ഇത് അണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ആളിക്കത്താതെ നിശബ്ദമായി പടര്‍ന്ന മേഖലകളിലെ കാട്ടുതീയാണ് ഇപ്പോള്‍ മഞ്ഞുപാളിക്കടിയില്‍ സോംബി കാട്ടുതീയായി മാറിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പങ്ക്
വേനല്‍ക്കാലത്ത് പടരുന്ന കാട്ടു തീ മിക്കപ്പോഴും പിന്നീട് മഴക്കാലത്ത് കെട്ടുപോകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൈബീരിയന്‍ മേഖലകളില്‍ മഴ കാര്യമായി ലഭിക്കാറില്ല. ഇക്കുറിയും നീണ്ടുനിന്ന വരണ്ട കാലാവസ്ഥയായിരിന്നു വേനല്‍ക്കാലത്തുണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് വേനല്‍ക്കാലത്തിന് ശേഷം ശൈത്യകാലം വരെ കാട്ടു തീ നീണ്ടുനില്‍ക്കാന്‍ കാരണമായതും. ഒയ്മ്യാകോൺ മേഖലയില്‍ ഏപ്രില്‍ മുതല്‍ ഇത്തരത്തില്‍ കാട്ടുതീ പടരുന്നത് സാറ്റലെറ്റ് ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു.
വടക്കന്‍ ധ്രുവത്തോട് ചേര്‍ന്നുള്ള മേഖലയില്‍ ഇത്തരത്തില്‍ നേര്‍വിപരീതമായ കാലാവസ്ഥാ സാഹചര്യം സൃഷ്ടിയ്ക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പങ്കുണ്ട്. മേഖലയിലെ വായുമലിനീകരണത്തില്‍ ഇത്തരത്തിലുള്ള സോംബി കാട്ടുതീകള്‍ ആശങ്കാജനകമായ പങ്കാണ് വഹിക്കുന്നത്. ഇത് കൂടാതെ ഈ കാട്ടുതീയിലൂടെ പുറന്തള്ളപ്പെടുന്ന വലിയ അളവിലുള്ള കാര്‍ബണും ആഗോളതാപനത്തിന് ആക്കം കൂട്ടും.
English Summary: Zombie Fires Burn In World's Coldest Village Despite -60C Temperatures