വയസ്സ് 90, നീളം 4 അടി, ഭാരം 18 കിലോ;‘മെഥുശലേഹ്’ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വളർത്തുമത്സ്യം
Mail This Article
നോഹയുടെ മുത്തശ്ശനായ മെഥുശലേഹ് 969 വയസ്സുവരെ ജീവിച്ചു എന്നാണ് ബൈബിളിൽ പറയുന്നത്. എന്നാൽ മത്സ്യങ്ങളുടെ ലോകത്തും ഇതേ പേരിൽ ഒരു മുത്തശ്ശിയുണ്ട്. ബൈബിളിലെ മെഥുശലേഹിനോളം പ്രായമില്ലെങ്കിലും അക്വേറിയത്തിൽ വളർത്തുന്ന മീനുകളിൽ ഏറ്റവും പ്രായംചെന്ന മീനാണ് കക്ഷി. മെഥുശലേഹിന് 90 വയസ്സ് പ്രായമുണ്ടെന്നാണ് കലിഫോർണിയ അക്കാദമി ഓഫ് സയൻസസിലെ ജീവശാസ്ത്രജ്ഞരുടെ അനുമാനം.
ഓസ്ട്രേലിയൻ ലങ്ഫിഷ് ഇനത്തിൽപ്പെട്ട മീനാണ് മെഥുശലേഹ്. നാലടി നീളവും 18.1 കിലോഗ്രാം ഭാരവുമാണ് മീനിനുള്ളത്.1938 ൽ ഓസ്ട്രേലിയയിൽ നിന്നുമാണ് മെഥുശലേഹിനെ സാൻഫ്രാൻസിസ്കോ മ്യൂസിയത്തിലേക്കെത്തിച്ചത്. എന്നാൽ ഇത്രയും പ്രായം എത്തുന്നതിന് മുൻപുതന്നെ മെഥുശലേഹ് വാർത്തകളിലെ താരമായിരുന്നു. 1947 ൽ സാൻഫ്രാൻസിസ്കോ ക്രോണിക്കിളിലാണ് ഈ മീൻ മുത്തശ്ശി ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
മെഥുശലേഹ് എന്നാണ് പേരിട്ടതെങ്കിലും കക്ഷി പെൺ വർഗത്തിൽപെട്ടതാണെന്നാണ് മ്യൂസിയത്തിലെ ജോലിക്കാരുടെ നിഗമനം. എന്നാൽ മീനിന്റെ ലിംഗം നിർണയിക്കാനുള്ള പരിശോധനകൾ അൽപം സങ്കീർണമായതിനാൽ ഇന്നോളം നടത്തിയിട്ടില്ല. മെഥുശലേഹിന്റെ ശരീരത്തിൽ നിന്നും സാംപിൾ ശേഖരിച്ച് ലിംഗവും യഥാർഥ പ്രായവും നിർണയിക്കാനൊരുങ്ങുകയാണ് ഗവേഷകർ.
ഏറെ കരുതലോടെയാണ് മ്യൂസിയത്തിലെ ജോലിക്കാർ മെഥുശലേഹിനെ പരിപാലിക്കുന്നത്. പൊതുവേ ശാന്ത സ്വഭാവമാണ് മത്സ്യത്തിന്റേത്. ബ്ലാക്ക്ബെറിയും മുന്തിരിയും ലെറ്റ്യൂസുമൊക്കെയാണ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇടയ്ക്ക് ചെറിയ മീനുകളയും കക്കയെയും വിരയെയുമൊക്കെ നൽകുന്നുണ്ട്. മെഥുശലേഹിന് പുറമേ ഓസ്ട്രേലിയൻ ലങ്ഫിഷ് ഇനത്തിൽപ്പെട്ട മറ്റുരണ്ട് മീനുകൾ കൂടി മ്യൂസിയത്തിലുണ്ട്. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ മീഡിയം, സ്മോൾ എന്നിങ്ങനെ പേരുകൾ നൽകിയിരിക്കുന്ന ഇവയെ ക്വീൻസ്‌ലൻഡിൽ നിന്നും എത്തിച്ചതാണ്. ശ്വാസകോശവും ചെകിളകളുമുള്ള ഓസ്ട്രേലിയൻ ലങ്ഫിഷുകൾ മത്സ്യങ്ങളും ഉഭയജീവികളും തമ്മിലുള്ള പരിണാമത്തിലെ പ്രധാന കണ്ണിയായാണ് കണക്കാക്കപ്പെടുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും അക്വേറിയത്തിൽ ജീവിച്ച ഏറ്റവും പ്രായംചെന്ന മീൻ മെഥുശലേഹല്ല എന്നതാണ് മറ്റൊരു കാര്യം. ചിക്കാഗോയിലെ ഷെഡ് അക്വേറിയത്തിൽ പാർപ്പിച്ചിരുന്ന ഗ്രാൻഡ് ഡാഡ് എന്ന മത്സ്യത്തിനാണ് ആ പദവി. ഓസ്ട്രേലിയൻ ലങ്ഫിഷ് ഇനത്തിൽതന്നെ ഉൾപ്പെട്ടിരുന്ന ഗ്രാൻഡ് ഡാഡ് 2017 ൽ തൊണ്ണൂറ്റിയഞ്ചാം വയസിലാണ് ചത്തത്. ഇതോടെ ജീവനോടെയിരിക്കുന്ന ഏറ്റവും പ്രായംചെന്ന വളർത്തുമീൻ എന്ന പദവി മെഥുശലേഹിന് ലഭിക്കുകയായിരുന്നു
English Summary: This 90-year-old fish from San Francisco is the oldest living fish in an aquarium