ADVERTISEMENT

സിനിമകളിലെ സോംബി വൈറസ് ബാധിച്ച പ്രേതമനുഷ്യരുടെ കാഴ്ചകളാണ് ഏറ്റവുമധികം ഭയപ്പെടുത്തുന്ന ചലച്ചിത്ര കാഴ്ചകളിലൊന്നായി പല പഠനങ്ങളിലും വിലയിരുത്തിട്ടുള്ളത്. ഗെയിം ഓഫ് ത്രോണ്‍സ് സീരിസും അടുത്തകാലത്ത് പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ചിത്രമായ ആര്‍മി ഓഫ് ദി ഡെഡ് എന്നിവയാണ് മനുഷ്യര്‍ക്ക് പുറമെ ചീഞ്ഞളിഞ്ഞ ശരീരവുമായി നടക്കുന്ന സോംബി മൃഗങ്ങളെ കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തിയത്. എത്ര തവണ കൊലപ്പെടുത്തിയാലും തിരികെ വീണ്ടും ആക്രമിക്കാനെത്തുന്നു ഒരു സോംബി സ്രാവിനെ സങ്കല്‍പ്പിച്ച് നോക്കൂ. ഇത്തരമൊരു സ്രാവ് എങ്ങനെയിരിക്കും എന്നതിന്‍റെ മാതൃക കാണണമെങ്കില്‍ അതിനായി ഈ പ്രേത അക്വേറിയത്തിലേക്ക് ചെന്നാല്‍ മതി.

സോംബി സ്രാവിനെ മാത്രമല്ല, പാതി ചീഞ്ഞ ശരീരവുമായി വെള്ളത്തില്‍ ഒഴുകി നടക്കുന്ന പല സമുദ്രജീവികളെയും ഈ അക്വേറിയത്തില്‍ നമുക്ക് കാണാനാകും. സ്പെയിനിലാണ് ഈ ഉപേക്ഷിക്കപ്പെട്ട അക്വേറിയമുള്ളത്. അര്‍ബന്‍ എക്പ്ലോറേഴ്സ് എന്നു വിളിക്കുന്ന ഒരു സംഘമാണ് പൂട്ടിയിട്ടിരുന്ന ഈ അക്വേറിയത്തില്‍ പൂട്ട് തകര്‍ത്ത് കടന്നു ചെന്നത്. ഇവിടെ അവരെ കാത്തിരുന്ന കാഴ്ച ഒരേ സമയം ഭയപ്പെടുത്തുന്നതും കൗതുകമുണര്‍ത്തുന്നതുമായിരുന്നു. ഈ അക്വേറിയത്തിലെ കാഴ്ചയുടെ ഭീകരതയെ പ്രതിനിധീകരിച്ചാണ് പാതി ജീര്‍ണിച്ച് അതേസമയം ഉണങ്ങി, ടാങ്കിനുള്ളില്‍ വായ് പിളര്‍ന്ന് കിടക്കുന്ന ഒരു സ്രാവിന്‍റെ ചിത്രം. ഈ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

സോംബി സ്രാവ്

ജൂജ് അര്‍ബക്സ് എന്ന ഫ്രഞ്ച് യുവതിയാണ് ഈ സ്രാവിന്‍റെ വിഡിയോ തന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഇത് കൂടാതെ ഇത്തരത്തില്‍ മമ്മിഫൈഡ് രൂപത്തിലായ മറ്റ് പല സമുദ്രജീവികളുടെ ദൃശ്യങ്ങള്‍ ജൂജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. യൂട്യൂബ് വിഡിയോയിലുള്ളത് റീഫ് ഷാര്‍ക്ക് ഇനത്തില്‍ പെട്ട ഏതാണ്ട് 4 അടി നീളം വരുന്ന ഒരു സ്രാവിന്‍റെ ദൃശ്യമാണ്. ചില്ലുകള്‍ തകര്‍ന്ന് വെള്ളം ചോര്‍ന്ന് പോയ ഒരു ടാങ്കിലാണ് ഉണങ്ങിയിരിയ്ക്കുന്ന ഈ സ്രാവുള്ളത്. സ്രാവിന്‍റെ ഉണങ്ങിയ ശരീരം മുകളില്‍ പറഞ്ഞത് പോലെ സോംബി സിനിമകളിലെ മരിച്ച ശേഷം വൈറസ് ബാധിച്ച് ഉയര്‍ത്തെഴുന്നേറ്റ് വരുന്ന പ്രേത ജീവികളെ ഓര്‍മിപ്പിക്കുന്നതാണ്.

അതേസമയം ജീര്‍ണിക്കാതെ ഏതാണ്ട് ശരീരഭാഗങ്ങളെല്ലാം ഉണങ്ങിയ രൂപത്തില്‍ കാണപ്പെട്ട ഈ സ്രാവ് അക്വേറിയത്തിലും ജീവനോടെ ആയിരിക്കില്ല പ്രദര്‍ശിക്കപ്പെട്ടതെന്നാണ് കണക്കാക്കുന്നത്. കാരണം ശരീരം ജീർണിക്കാതെ സൂക്ഷിക്കുന്ന രാസലായിനിയിലോ മറ്റോ സൂക്ഷിച്ച ശരീരത്തിന്‍റെ അവസ്ഥയിലാണ് ഈ സ്രാവിനെ കാണപ്പെട്ടത്. എന്നാല്‍ മറ്റ് ജീവികളുടെ അവസ്ഥ ഇങ്ങനെയല്ല. ഇവയെല്ലാം തന്നെ ചത്ത് ജീര്‍ണിച്ച അവസ്ഥയിലാണ്. ഉദാഹരണത്തിന് മറ്റൊരു ടാങ്കില്‍ ജീവനോടെ ഉണ്ടായിരുന്ന ഒരു നീരാളിയുടെ ശരീരം ടാങ്ക് പൊട്ടി പുറത്ത് ചാടി ജീർണിക്കാക്കാന്‍ തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്. 

സാങ്കേതിക തകരാറുകള്‍ മൂലമാണ് ഈ അക്വേറിയം ഉപേക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് ഈ അക്വേറിയത്തിലെ പല ജീവികളെയും പുതിയ മറ്റൊരു അക്വേറിയത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് ജീവനില്ലാത്ത ഈ സ്രാവിനെയും, ഒരു പക്ഷേ മാറ്റാനുള്ള ശ്രമത്തില്‍ ചത്തു പോയ മറ്റ് പല സമുദ്രജീവികളെയും ഇവിടെ തന്നെ ഉപേക്ഷിച്ചതെന്നാണ് ഇവിടേക്ക് അതിക്രമിച്ച് കാഴ്ച കാണാനെത്തിയ അര്‍ബന്‍ എക്സപ്ലോറേഴ്സ് സംഘം കരുതുന്നത്. മരിച്ച നിലയിലാണ് സൂക്ഷിച്ചിരുന്നതെങ്കിലും ഇരുട്ടില്‍ ഒറ്റയ്ക്ക് ജീര്‍ണിച്ച് തുടങ്ങിയ അവസ്ഥയില്‍ കണ്ടെത്തിയ സ്രാവിന്‍റെ ശരീരം തന്നില്‍ ആ ജീവിയോട് സഹതാപം ഉണ്ടാകാന്‍ കാരണമായെന്ന് ജൂജ് പറയുന്നു. 

സ്രാവിനെയും നീരാളിയേയും കൂടാതെ സ്ക്വിഡ് അഥവാ കണവ ഇനത്തില്‍ പെട്ട മറ്റൊരു ജീവിയേയും ഒരു ചില്ല് കുപ്പിക്കുള്ളില്‍ ജീര്‍ണിച്ച അവസ്ഥയില്‍ കണ്ടെത്തിയിരുന്നു. മാറ്റാനുള്ള ശ്രമത്തിനിടിയില്‍ കുപ്പിയിലേക്ക് മാറ്റി വച്ചിരുന്ന കണവ ഈ കുപ്പി താഴെ വീണ് പൊട്ടിയതിനെ തുടര്‍ന്ന് ചത്തതായിരിക്കുമെന്നാണ് അനുമാനം. ചത്തിട്ടും ജീര്‍ണ്ണിക്കാതെ ഉണങ്ങിയ അവസ്ഥയില്‍ കാണപ്പെട്ട ഒരു ജീവവര്‍ഗവും ഈ അക്വേറിയത്തില്‍ ഉണ്ടായിരുന്നു. രണ്ട് സ്റ്റാര്‍ ഫിഷുകളാണ് അവയുടെ ശാരീരിക ഘടന നിമിത്തം ജീര്‍ണിക്കാതെ ഉണങ്ങിയ നിലയില്‍ കാണപ്പെട്ടത്. 

അര്‍ബന്‍ എക്സ്പ്ലോറേഴ്സ് ഈ അക്വേറിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സമാനമായ രീതിയില്‍ മറ്റ് ആളുകളും ഇവിടേക്ക് അതിക്രമിച്ച് കയറാതിരിക്കാന്‍ വേണ്ടിയാണ് ഇവര്‍ ലൊക്കേഷന്‍ വിശദാംശങ്ങള്‍ പുറത്തു വിടാത്തത്. അതേസമയം ഈ അക്വേറിയം 2014 ല്‍ അടച്ചു പൂട്ടിയതാണെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014ല്‍ സ്പെയിനിന്‍റെ വടക്ക് പടിഞ്ഞാറന്‍ തീരത്ത് വലിയ തോതിലുള്ള കടലാക്രമണമുണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് അക്വേറിയം സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകര്‍ന്നതെന്നും ഇവര്‍ പറയുന്നു. 

സോംബി രൂപത്തിലേക്ക് മാറിയ കൂറ്റന്‍ സ്രാവ്

ഇതാദ്യമായല്ല ഇത്തരത്തില്‍ മമ്മിഫൈഡ് ചെയ്യപ്പെട്ട സ്രാവിന്‍റെ ശരീരം കണ്ടെത്തുന്നത്. 2018 ല്‍ ആസ്ട്രേലയിലും ഉപേക്ഷിക്കപ്പെട്ട ഒരുഅക്വേറിയത്തില്‍ നിന്ന് സമാനമായ ഒരു സ്രാവിനെ കണ്ടെത്തിയിരുന്നു. അതേസമയം ഇത് സ്പെയിനിലെ സ്രാവിനെ പോലെ കുഞ്ഞന്‍ ഇനത്തില്‍ പെട്ട റീഫ് ഷാര്‍ക്ക് ആയിരുന്നില്ല മറിച്ച് കൂറ്റന്‍ വൈറ്റ് ഷാര്‍ക്ക് അഥവ് കൊലയാളി സ്രാവ് ആയിരുന്നു. ഏതാണ്ട് 16 അടി നീളമുള്ളതായിരുന്നു ഈ സ്രാവ്. സമാനമായ മറ്റൊരു അര്‍ബന്‍ എക്സോറേഴ്സ് അഥവാ നഗരനിധി വേട്ടക്കാരുടെ സംഘമായിരുന്നു ഈ സ്രാവിനെ കണ്ടെത്തിയത്. 

അര്‍ബന്‍ എക്പ്ലോറേഴ്സ്

നഗരങ്ങളിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലേക്ക് കടന്നുചെന്ന് അതിനുള്ളിലെ കാഴ്ചകള്‍ കാണുകയും, അവിടുത്തെ കാഴ്ചകളെ ലോകത്തിന് പരിചയപപ്പെടുത്തകയും ചെയ്യുന്ന സംഘങ്ങളാണ് അര്‍ബന്‍ എക്സ്പ്ലേറേഴ്സ്. പ്രേതസാന്നിധ്യം കണ്ടെത്തുന്നത്  മുതല്‍ അപൂര്‍വ വസ്തുക്കള്‍ ശേഖരിക്കുന്നത് വരെയുള്ള ലക്ഷ്യങ്ങളാണ് അര്‍ബന്‍ എക്പ്ലോറേഴ്സിന്‍റേത്. പേരില്‍ എക്പ്ലോറേഴ്സ് എന്നുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണ്. അനുമതിയില്ലാതെയാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് ഇവര്‍ അതിക്രമിച്ചു കയറുന്നത്. പലപ്പോഴും ഇത്തരം സംഘങ്ങള്‍ക്കെതിരെ നിയമനടപടികളും അധികൃതര്‍ സ്വീകരിക്കാറുണ്ട്. 

English Summary: Footage From an Abandoned Aquarium Looks Like It's Straight Out of a Horror Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com