ADVERTISEMENT

സീബ്ര എന്ന പേരു കേൾക്കുമ്പോൾ തന്നെ മനസ്സിൽ തെളിയുന്നത് വെള്ളയും കറുപ്പും വരകളുള്ള കുതിരപോലെയുള്ള ജീവിയെയാണ്. ആഫ്രിക്കൻ സ്വദേശിയാണെങ്കിലും ലോകം മുഴുവൻ സീബ്രയ്ക്കു പ്രശസ്തി നേടിക്കൊടുക്കാൻ ഈ വരകൾ സഹായകമായെന്നുള്ളത് വസ്തുത മാത്രം.

എന്നാൽ ഇപ്പോൾ ആഫ്രിക്കയിലെ പുൽമേട്ടിൽ നിന്നു കണ്ടെത്തിയിരിക്കുന്ന ഒരു അദ്ഭുത സീബ്രയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഈ സീബ്രയുടെ ദേഹത്തേക്ക് കാര്യമായി വരകളൊന്നുമില്ല. കണ്ടാൽ ഒരു ചെറിയ വെള്ളക്കുതിരയെപ്പോലിരിക്കും. ടാൻസാനിയയിലെ സെറൻഗറ്റി നാഷനൽ പാർക്കിൽ നിന്നു കണ്ടെത്തിയ ഈ സീബ്രയുടെ പേര് എൻഡാസിയറ്റ എന്നാണ്.മറ്റൊരു സീബ്രയ്‌ക്കൊപ്പം ഈ വരയില്ലാ സീബ്ര നടക്കുന്നതിന്‌റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

 

ആൽബിനിസം എന്ന അവസ്ഥ മൂലമാണ് ഈ സീബ്രയ്ക്കു വരകൾ ഇല്ലാതെയായതെന്ന് പാർക്ക് അധികൃതർ പറയുന്നു. എട്ടുമാസം മാത്രമാണ് ഇതിനു പ്രായമെന്നും കരുതുന്നു. ശരീരത്തിൽ മെലാനിൻ വേണ്ടത്ര അളവിൽ ഉത്പാദിപ്പിക്കപ്പെടാത്തതാണ് ആൽബിനിസത്തിനു കാരണമാകുന്നത്. സീബ്രയിൽ മാത്രമല്ല മറ്റ് മൃഗങ്ങളിലും പക്ഷികളിലുമൊക്കെ ഈ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്.

 

സീബ്രകളുടെ ദേഹത്തെ കറുപ്പും വെളുപ്പും വരകൾ എന്നും ജന്തുശാസ്ത്രജ്ഞർക്കിടയിൽ ചർച്ചാവിഷയമാണ്. എന്താണ് ഇവയുടെ ഉപയോഗമെന്നതിനെക്കുറിച്ച് ഇന്നും വിഭിന്ന വാദങ്ങളുണ്ട്. വരകൾ കാരണം സീബ്രയെ വേട്ടയാടുന്ന ജീവികൾക്ക് ദൃഷ്ടിഭ്രമം സംഭവിക്കുമെന്നും അതിനാൽ സീബ്രകൾക്ക് വേട്ടക്കാരിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള സമയം ലഭിക്കുമെന്നുമാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ വേട്ടക്കാരായ ജീവികളിൽ നിന്നല്ല മറിച്ച് രക്തം കുടിക്കുകയും രോഗം പരത്തുകയും ചെയ്യുന്ന ഈച്ചകളിൽ നിന്നാണു വരകൾ സംരക്ഷണം നൽകുന്നതെന്നാണു മറ്റൊരു വാദം. സീബ്രകളുടെ ശരീര ഊഷ്മാവ് നിയന്ത്രിച്ചുനിർത്താൻ വരകൾ സഹായകമാകുമെന്നു മറ്റൊരുകൂട്ടർ പറയുന്നു. ഇതൊന്നുമല്ല, മനുഷ്യരുടെ വിരലടയാളങ്ങൾ പോലെ ഒരു പ്രത്യേകതയാണു സീബ്രകളുടെ വരകളെന്നാണ് ചില ശാസ്ത്രജ്ഞരുടെ വാദം. പല സീബ്രകൾക്കും പല തരത്തിലുള്ള ഘടനകളുള്ള വരകളാണത്രേ. വരകളില്ലാത്തതിനാൽ എൻഡാസിയറ്റയുടെ ഭാവി ജീവിതം പ്രയാസകരമാകുമെന്നാണു വിദഗ്ധർ പറയുന്നത്.

 

കുതിരകളും കഴുതകളും ഉൾപ്പെടുന്ന ഇക്വസ് എന്ന ജനുസ്സിലാണ് സീബ്രകളുടെ ജന്തുകുടുംബമായ ഇക്വിഡെ ഉൾപ്പെടുന്നത്. പ്രധാനമായും മൂന്നു തരം സീബ്രകളുണ്ട്. ഗ്രേവീസ് സീബ്ര, പ്ലെയിൻസ് സീബ്ര, മൗണ്ടൻ സീബ്ര എന്നിവയാണിവ. ആഫ്രിക്കൻ പുൽമേടുകളിൽ ഇര പാർത്തിരിക്കുന്ന സിംഹങ്ങളാണ് സീബ്രകളുടെ പ്രധാന വേട്ടക്കാർ. കുതിരകളെയും കഴുതകളെയും പോലെ മനുഷ്യസമൂഹത്തിൽ ഇണങ്ങി ജീവിക്കുന്ന ജീവികളല്ല സീബ്രകളെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മൂന്നു സീബ്ര വിഭാഗങ്ങളും വംശനാശഭീഷണി നേരിടുന്നുണ്ട്. 19ാം നൂറ്റാണ്ടിൽ ക്വാഗ എന്ന തരം സീബ്രകൾ വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായിരുന്നു.

 

നേരത്തെ തന്നെ റോമക്കാരും മറ്റും സീബ്രകളെ ബന്ധനത്തിൽ പിടിച്ചിരുന്നു. രാജാക്കൻമാർ സീബ്രകളെ സമ്മാനങ്ങളായി കൊടുത്തതായും ചരിത്രമുണ്ട്. 1762ൽ ബ്രിട്ടിഷ് രാജ്ഞിയായ ഷാർലറ്റിന് വിവാഹസമ്മാനമായി ഒരു സീബ്രയെ ലഭിച്ചതോടെയാണ് പാശ്ചാത്യ ലോകത്ത് ഇതെപ്പറ്റി വലിയ താൽപര്യം ഉടലെടുത്തത്. ഒട്ടേറെ ആളുകൾ ഈ സീബ്രയെ കാണാനായി ബക്കിങ്ഹാം കൊട്ടാരവളപ്പിൽ എത്തിയിരുന്നു. അൽപം ചൂടനായിരുന്നു ഈ സീബ്ര. കൂടുതൽ അടുത്തെത്തുന്ന ആരാധകർക്കിട്ടു നല്ല തൊഴി കൊടുക്കാനൊന്നും ഇതിനു മടിയുണ്ടായിരുന്നില്ല.

 

English Summary: Watch: Rare Albino Zebra Spotted In Tanzanian National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com