കൂട്ടുകാരുടെ മൂത്രം കുടിക്കുന്ന ഡോൾഫിനുകൾ; കാരണം കൗതുകകരം, അമ്പരന്ന് ഗവേഷകർ
Mail This Article
ഡോൾഫിനുകൾ കൂട്ടത്തിലുള്ള മറ്റു ഡോൾഫിനുകളുടെ മൂത്രം കുടിക്കുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം വെളിവാക്കി. തങ്ങളുടെ സുഹൃത്തുക്കളെ തിരിച്ചറിയാനാണത്രേ ഇവ ഇങ്ങനെ ചെയ്യുന്നത്. ടെക്സസിലെ സ്റ്റീഫൻ എഫ്. ഓസ്റ്റിൻ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകനായ ജേസൻ ബ്രൂക്കും സംഘവുമാണ് കൗതുകകരമായ ഗവേഷണവുമായി രംഗത്തു വന്നത്. സയൻസ് അഡ്വാൻസസ് എന്ന ഗവേഷണ ജേണലിൽ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചു.
ഡോൾഫിനുകളിലെ ഒരു വിഭാഗമായ ബോട്ടിൽനോസ് ഡോൾഫിനുകളിലാണു ശാസ്ത്രജ്ഞർ പഠനം നടത്തിയത്. ബോട്ടിൽനോസ് ഡോൾഫിനുകൾ കൂട്ടുകാരുമായി ആശയവിനിമയം നടത്തുന്നത് ചൂളമടിച്ചുകൊണ്ടാണെന്നത് ശാസ്ത്രജ്ഞർക്ക് നേരത്തെ അറിയാവുന്ന കാര്യമാണ്. ഓരോ ഡോൾഫിന്റെയും ചൂളത്തിന് തനതായ ശബ്ദമാണ്. എന്നാൽ ഇതിനപ്പുറം മൂത്രം രുചിച്ചും ഇവ സുഹൃത്തുക്കളെ തിരിച്ചറിയുമെന്ന വസ്തുത ശാസ്ത്രജ്ഞർക്ക് പുതിയ പഠനത്തിലൂടെ വെളിവായി.
ഹവായ്, ബെർമുഡ എന്നിവിടങ്ങളിലെ ഡോൾഫിൻ ക്വസ്റ്റ് റിസോർട്ട്സിലാണു പഠനം നടന്നത്. ശാസ്ത്രജ്ഞർക്ക് ഡോൾഫിനുകൾക്കൊപ്പം നീന്തി ഗവേഷണം നടത്താനുള്ള അവസരമുണ്ട്. ഡോൾഫിനുകൾ കൂട്ടുകാരുടെ മൂത്രം രുചിച്ച് അവയെ തിരിച്ചറിയുന്നുണ്ടെന്ന് ഇവിടെ നടത്തിയ പഠനത്തിൽ ശാസ്ത്രജ്ഞർക്കു മനസ്സിലായി. വിസിലുകൾ ഉപയോഗിച്ചുള്ള തിരിച്ചറിയലിനു പുറമെ കൂട്ടുകാർ തന്നെയാണെന്ന് ഉറപ്പിക്കാനുള്ള രണ്ടാം മാർഗമായാണ് ഈ മൂത്രം രുചിക്കൽ നടത്തുന്നത്. ഡോൾഫിനുകൾക്ക് മണം പിടിക്കാനുള്ള കഴിവില്ല. അതിനാലാണ് അവർ ഈ പ്രക്രിയയിലേക്കു കടന്നിരിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഡോൾഫിനുകളുടെ ബുദ്ധികൂർമതയുടെ ഒരു ലക്ഷണമാണ് ഇതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ഡോൾഫിൻ കുടുംബത്തിലെ ഏറ്റവും പ്രശസ്തരായ അംഗങ്ങളാണ് ബോട്ടിൽനോസ് ഡോൾഫിനുകൾ. കോമൺ ബോട്ടിൽനോസ് ഡോൾഫിനുകൾ, ഇൻഡോ പസിഫിക് ബോട്ടിൽനോസ് ഡോൾഫിനുകൾ എന്നീ രണ്ടു വിഭാഗങ്ങൾ ഈ ജനുസ്സിലുണ്ട്. ആർട്ടിക്, അന്റാർട്ടിക് മേഖലകൾ ഒഴിച്ചുള്ള എല്ലാ ഉഷ്ണ സമുദ്രമേഖലകളിലും ഇവയുണ്ട്. മിമിക്ട്രി മുതൽ വസ്തുക്കളെ തരംതിരിച്ച് തിരിച്ചറിയുന്നതിനു വരെയുള്ള ശേഷികൾ ഈ ഡോൾഫിനുകൾക്കുള്ളതായി ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്. ആഴക്കടലിലെ സ്പഞ്ചുകൾ പോലെയുള്ളവയെ തങ്ങൾക്ക് ഇരപിടിക്കാനുള്ള ഉപകരണങ്ങളായി ഉപയോഗിക്കാനും ഇവയ്ക്കറിയാം. ബുദ്ധികൂർമത മൂലം സൈനിക, പ്രതിരോധ ദൗത്യങ്ങളിലും ഇത്തരം ഡോൾഫിനുകളെ നിയോഗിച്ചതിന്റെ ചരിത്രമുണ്ട്. കടലിലെ മൈൻ ബോംബുകൾ കണ്ടെത്താനും ശത്രു ഡൈവർമാരെ തിരിച്ചറിയാനുമൊക്കെ ഇവ സൈന്യങ്ങൾക്ക് സഹായമേകിയിട്ടുണ്ട്.
English Summary: Bottlenose dolphins can identify friends by tasting their urine