ADVERTISEMENT

നെൽക്കൃഷിയെ ബാധിക്കുന്ന പാന്റോയിയ അനനേറ്റിസ് ബാക്ടീരിയയെ സംസ്ഥാനത്താദ്യമായി കുട്ടനാട്ടിൽ കണ്ടെത്തി. രാജ്യത്തെ തന്നെ രണ്ടാമത്തെ മാത്രം റിപ്പോർട്ടാണിത്. എസ്ഡി കോളജ് ബോട്ടണി വിഭാഗം ഗവേഷക ടി.എസ്.രേഷ്മയാണു പുതിയ കണ്ടെത്തലിനു പിന്നിൽ. സസ്യരോഗ ശാസ്ത്രത്തിലെ രാജ്യാന്തര പ്രസിദ്ധീകരണമായ കനേഡിയൻ ജേണൽ ഓഫ് പ്ലാന്റ് പതോളജിയുടെ ജൂലൈ ലക്കത്തിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.

വടക്കേ ഇന്ത്യയിൽ ബസ്മതി അരിയുടെ നെല്ലിൽ മാത്രമാണ് ഇതിനു മുൻപ് ഇന്ത്യയിൽ ഈ ബാക്ടീരിയയെ കണ്ടെത്തിയതായി റിപ്പോർട്ടുള്ളത്. അതും നെൽച്ചെടിയുടെ ഇലകളിൽ മാത്രം. കതിരിൽ‍ അനനേറ്റിസ് ബാക്ടീരിയയെ കണ്ടെത്തുന്ന രാജ്യത്തെ തന്നെ ആദ്യ സംഭവമാണ് ആലപ്പുഴയിലേത്.പാന്റോയിയ അനനേറ്റിസ് ജനുസ്സിൽപെടുന്ന ബാക്ടീരിയയെയാണ് കണ്ടെത്തിയത്. ഫംഗസ് മൂലമെന്നു കരുതിയിരുന്ന നെന്മണിയിലെ കരിച്ചിലിന് ഈ ബാക്ടീരിയ കൂടി കാരണമാകുമെന്നാണു കണ്ടെത്തൽ.എസ്ഡി കോളജ് ബോട്ടണി വിഭാഗം മേധാവി ഡോ.സി.ദിലീപിന്റെ കീഴിലാണ് ഗവേഷണം നടത്തുന്നത്. മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സ്മിത ബാലൻ കൂടി ഉൾപ്പെടുന്നതാണ് പഠന സംഘം . രാജ്യത്ത് ആദ്യമാണ് നെൽച്ചെടിയുടെ കതിരിൽ പാന്റോയിയ അനനേറ്റിസ് ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഇവർ പറഞ്ഞു.

∙ തുടക്കം 2021 ജൂലൈയിൽ

കൃഷി വകുപ്പിന്റെ കീടനിരീക്ഷണ കേന്ദ്രം ജീവനക്കാർ പാടങ്ങളിലെ പരിശോധനയ്ക്കിടെയാണ് പുതിയൊരു രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ഇലകരിച്ചിലും ഒപ്പം നെന്മണിയിലുണ്ടാകുന്ന കരിച്ചിലും പലയിടത്തും കുട്ടനാട്ടിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടക്കത്തിൽ കർഷകർ ഇതൊക്കെ മണ്ണിന്റെയും മൂലകങ്ങളുടെയും പ്രശ്നങ്ങളായിട്ടാണ് കണക്കാക്കിയിരുന്നത്. ഫംഗസ് രോഗമെന്നു കരുതി കുമിൾനാശിനികൾ പ്രയോഗിച്ചിട്ടും പരിഹാരമില്ലാതെ വന്നു. രോഗകാരി എന്താണെന്നു കൃത്യമായി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണു വിശദമായ പഠനം നടത്താൻ എസ്‌ഡി കോളജ് ബോട്ടണി വിഭാഗത്തെ സമീപിച്ചതെന്നും മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം അസി. ഡയറക്ടർ സ്മിത പറഞ്ഞു. നെന്മണിക്കു കരിച്ചിലുണ്ടായ സ്ഥലങ്ങളിൽ നിന്നുള്ള സാംപിൾ ശേഖരണം മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം നടത്തി. തുടർന്ന്, ബാക്ടീരിയയെ വേർതിരിക്കൽ, ജനിതക ശ്രേണീപഠനം, ജെൻ ബാങ്കിൽ നിക്ഷേപിക്കൽ തുടങ്ങിയവയ്ക്ക് എസ്ഡി കോളജ് ബോട്ടണി വിഭാഗം മേധാവി ഡോ.സി.ദിലീപും ടി.എസ്.രേഷ്മയും നേതൃത്വം നൽകി. സസ്യരോഗ ശാസ്ത്രത്തിലെ രാജ്യാന്തര പ്രസിദ്ധീകരണമായ കനേഡിയൻ ജേണൽ ഓഫ് പ്ലാന്റ് പതോളജിയുടെ ജൂലൈ ലക്കത്തിൽ രേഷ്മയുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.

pantoea-ananatis-identified-in-rice-in-kuttanad-for-first-tim21
പാന്റോയിയ അനനേറ്റിസ് ബാക്ടീരിയ ബാധിച്ച നെൽക്കതിർ

∙ തുടക്കം കഴിഞ്ഞ വർഷം ജൂലൈയിൽ

ആലപ്പുഴ മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫാണ് കുട്ടനാട്ടിൽ വിവിധയിടങ്ങളിൽ നെല്ലിനെ ബാധിക്കുന്ന രോഗത്തെക്കുറിച്ച് ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇല കരിച്ചിലിന് കറവൽ ഫംഗസ് എന്നാണു പ്രാദേശികമായി പറയുന്നത്. സാധാരണ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ അതിന്റെ പ്രതിവിധികൾ പരീക്ഷിച്ചു. എന്നാൽ ഫലമുണ്ടായില്ല. കൂടുതൽ സ്ഥലങ്ങളിൽ നെൽച്ചെടിയുടെ ഇലയിലും നെൽക്കതിരിലും നിറത്തിൽ വ്യത്യാസവും രോഗ വ്യാപനവും ഇവരുടെ ശ്രദ്ധയിൽ പെട്ടു. പ്രശ്നത്തിനു പരിഹാരം കണ്ടെത്താനും  തുടർന്നു കൂടുതൽ പഠനം നടത്താനായുമാണു സാംപിളുകൾ ശേഖരിച്ചത്. ആലപ്പുഴയിലെ തന്നെ എസ്ഡി കോളജിലെ ബോട്ടണി വിഭാഗം പ്രഫ. ദിലീപിനെയും ഗവേഷക വിദ്യാർഥി രേഷ്മയുടെയും മുന്നിൽ ഈ വിഷയമെത്തി.

pantoea-ananatis-identified-in-rice-in-kuttanad-for-first-time1
പാന്റോയിയ അനനേറ്റിസ് ബാക്ടീരിയ ബാധിച്ച നെൽക്കതിർ

∙ ലക്ഷ്യം കർഷകർക്കു പരിഹാരം

എത്രയും വേഗം കർഷകർക്കു പ്രശ്ന പരിഹാരം കാണണം. അതായിരുന്നു ലക്ഷ്യം. വിവിധ മേഖലകളിൽ നിന്നു സാംപിളുകൾ ശേഖരിച്ചു തുടങ്ങി. പല പാടങ്ങളിൽ നിന്നു സമാന രോഗ ലക്ഷണങ്ങളുള്ള ഒട്ടേറെ സാംപിളുകൾ ശേഖരിച്ചു. മഴക്കാലമായതിനാൽ ഇലകളിൽ ഒട്ടേറെ തരം ഫംഗസുകളും ബാക്ടീരിയകളും വളരാൻ അനുകൂല സാഹചര്യമാണ്. രോഗബാധ സംശയിക്കുന്ന സാമ്പിളുകൾ  ലാബുകളിൽ എത്തിച്ച് പ്രത്യേക മാധ്യമങ്ങളിൽ ബാക്ടീരികളെ വളർത്തി വേർതിരിച്ചെടുക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു.  സാമ്പിളുകളിൽ നിന്ന് ഒരേ സമയം ഫംഗസുകളും ബാക്ടീരിയകളും കണ്ടെത്തി. തുടർച്ചയായി കൾച്ചർ ചെയ്ത് നിരീക്ഷണങ്ങൾ‍ നടത്തിയപ്പോൾ ഒരു പ്രത്യേകയിനം ബാക്ടീരിയ കൂടുതലായി വളരുന്നത് ശ്രദ്ധയിൽപെടുന്നത്. ബയോ കെമിക്കൽ പരിശോധനകൾക്കു ശേഷം ജനിതക പരിശോധന നടത്തണം. ഇതുറപ്പാക്കാൻ തിരുവനന്തപുരത്ത് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ നൽകി. ഈ ബാക്ടീരിയയെ മാത്രം വളർത്തിയെടുക്കാൻ 3 മാസത്തോളം സമയമെടുത്തു. തിരഞ്ഞെടുത്ത ബാക്ടീരിയയെ സാംപിൾ നെൽച്ചെടികളിൽ വളർത്തിയും പരീക്ഷിച്ചു. രേഗബാധയുണ്ടെന്ന് ഉറപ്പാക്കി. ഇതിനെ വീണ്ടും ലാബ സാഹചര്യത്തിൽ വളർത്തി പുതിയ ബാക്ടീരിയ ആണെന്ന് ഉറപ്പാക്കി.

pantoea-ananatis-identified-in-rice-in-kuttanad-for-first-tim4
പാന്റോയിയ അനനേറ്റിസ് ബാക്ടീരിയ ബാധിച്ച നെൽക്കതിർ

∙ പുതിയ കണ്ടെത്തലിലേക്ക്

കുട്ടനാട്ടിൽ ഇതിനു മുൻപ് നെല്ലിനെ ബാധിക്കുന്ന ഒരു ബാക്ടീരിയ മാത്രമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാന്തമൊണാസ് മാത്രം. ഇത് ഇലയെ ആണു ബാധിക്കുന്നത്. കതിരിനെ നേരിട്ടു ബാധിക്കുന്നില്ലെങ്കിലും ഉൽപാദനക്കുറവിനു കാരണമാകും. ഇപ്പോൾ കുട്ടനാട്ടിൽ പല സ്ഥലങ്ങളിലും ഇതു വ്യാപകമാകുന്നുണ്ട്. ഇല മഞ്ഞനിറമാകും. പ്രകാശ സംശ്ലേഷണം നടത്താൻ പ്രയാസമാകും. പുതിയ ബാക്ടീരിയ നെൽമണിയെ നേരിട്ടു ബാധിക്കുമെന്നതാണു പ്രധാന വ്യത്യാസം. ബസ്മതി അരിയിൽ വടക്കേ ഇന്ത്യയിൽ  2011 ൽ ഇതു റിപ്പോർട്ട് ചെയ്തെങ്കിലും അതു നെല്ലോലയിൽ മാത്രമാണ് കരിച്ചിലുണ്ടാക്കുന്നത്. നെന്മണിയെ ബാധിക്കുന്ന പാന്റോയിയ അനനേറ്റിസ് രാജ്യത്തെ ആദ്യ റിപ്പോർട്ടാണിത്.

pantoea-ananatis-identified-in-rice-in-kuttanad-for-first-tim3
പാന്റോയിയ അനനേറ്റിസ്

∙ എങ്ങനെയെത്തി

മുൻപ് കുട്ടനാട്ടിലെ പാടങ്ങളിൽ തദ്ദേശീയമായ നെൽ വിത്തുകളാണ് ഉപയോഗിച്ചിരുന്നത്. നെൽവിത്തുകൾ ഇറക്കുമതി ചെയ്തിരുന്നില്ല. ഇപ്പോൾ അതല്ല സ്ഥിതി. പുറത്തു നിന്നെത്തിയ വിത്തുകളിൽ നിന്നാകാം പാന്റോയിയ അനനേറ്റിസ് ബാക്ടീരിയ കുട്ടനാട്ടിൽ എത്തിയതെന്നാണു നിഗമനം. മുൻപ് തദ്ദേശീയമായ വിത്തുകൾ ഉപയോഗിച്ചിരുന്നതിൽ നിന്ന്  ഇപ്പോൾ വലിയ വ്യത്യാസങ്ങളുണ്ട്. ഈ വിഭാഗത്തിൽ പെട്ട രോഗകാരിയായ ബാക്ടീരിയ 3 ഇനങ്ങളുണ്ട്. പല രാജ്യങ്ങളിലും ഇതു റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നെല്ലിനെ നേരിട്ടു ബാധിച്ച റിപ്പോർട്ടുകൾ കുറവാണ്. ജനിതകമായി സവിശേഷതകളുണ്ട്. ലാബിൽ കണ്ടെത്തിയ 3 ഇനങ്ങളിൽ ഒന്നു മാത്രമാണ് രോഗമുണ്ടാക്കാൻ ശേഷിയുള്ളത്. ഒരേ സമയം നെല്ലിനെ പല രോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. തുടക്കത്തിൽ ബാക്ടീരിയ ബാധിച്ചാലും ചിലപ്പോൾ ഒരു ഘട്ടം കഴിഞ്ഞ് ഫംഗസും ബാധിക്കാം. നമ്മൾ നിരീക്ഷിക്കുമ്പോൾ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങളാകും പ്രകടമാവുന്നത്. നെന്മണിയെ ബാധിച്ചാൽ പിന്നീടു വിത്തുണ്ടാകില്ല. ഏതു ഘട്ടത്തിലാണ് പാന്റോയിയ അനനേറ്റിസ് ബാധിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇനിയും ഗവേഷണം നടക്കേണ്ടതുണ്ട്. അതിനാൽ രോഗത്തിൽ നിന്നു പ്രതിരോധ മാർഗങ്ങൾ‍ സ്വീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

English Summary: Pantoea ananatis identified in rice in Kuttanad for first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com