ADVERTISEMENT

ഇന്ന് ജൂലൈ 29. ദേശീയ കടുവാദിനം. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശം വിളിച്ചോതുന്ന ഈ ദിനം ഇത്തവണ കടന്നു പോകുന്നത് രാജയെക്കുറിച്ചുള്ള ദുഃഖാർത്ത സ്മരണകളിലാണ്. ഇന്ത്യയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള കടുവകളിൽ ഏറ്റവും പ്രായമേറിയ ജീവികളിലൊന്നായ രാജ രണ്ടാഴ്ച മുൻപാണ് ഓർമയായത്. കടുവയുടെ വിയോഗം ദേശീയപ്രാധാന്യമുള്ള വാർത്തായി മാധ്യമങ്ങളിൽ വന്നു. രാജ്യത്തിന്റെ പല കോണുകളിൽ നിന്നും അനുശോചന സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ ഒഴുകി.

 

ബംഗാളിന്റെ വടക്കൻ മേഖലയിലുള്ള അലിപുർദാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖൈർബാരി സംരക്ഷിത വനത്തിനായിരുന്നു രാജയുടെ താമസം. 25 വയസ്സും പത്തു മാസവും പ്രായമുള്ളപ്പോഴാണ് അവൻ മരിച്ചത്. സുന്ദർബനിൽ ജനിച്ച ബംഗാൾ കടുവയായിരുന്നു രാജ. 2008ൽ ബംഗാളിലെ മാൽട്ട നദി നീന്തിക്കടക്കുന്നതിനിടെ ഒരു മുതലയിൽ നിന്ന് രാജയ്ക്ക് ആക്രമണം സംഭവിച്ചു. ഈ ആക്രമണത്തിൽ ഗുരുതരമായ നിലയിൽ രാജയ്ക്കു പരുക്കേറ്റു. വലതുകാലിന്റെ നല്ലൊരു ഭാഗം മുതല കടിച്ചെടുത്തതിനാൽ അതിവേദനയും നടക്കാൻ പ്രയാസവും രാജയ്ക്കുണ്ടായി.

 

ഇത്തരത്തിൽ കഷ്ടപ്പെടുന്നതിനിടയാണ് അധികൃതർ രാജയെ കണ്ടെത്തി ഖൈർബാരിയിലെത്തിച്ചത്. അവിടെവച്ച് മൃഗഡോക്ടർമാർ രാജയുടെ വലതുകാൽ മുറിച്ചുകളഞ്ഞു. മുറിവും പഴുപ്പും വ്യാപിക്കുന്നത് തടയാൻ അതേ മാർഗമുണ്ടായിരുന്നുള്ളൂ. അതിനു ശേഷം കൃത്രിമക്കാൽ വച്ചുപിടിപ്പിച്ചു. ഇനി അവനെ വനത്തിലേക്കു വിടേണ്ടെന്നും ഖൈർബാരിയിൽ തന്നെ കഴിയാനുള്ള സൗകര്യമൊരുക്കിയാൽ മതിയെന്നും ഡോക്ടർമാർ തീരുമാനിച്ചു. പിന്നീട് 14 വർഷമായി ഖൈർബാരിയിലാണു രാജ കഴിയുന്നത്. ഖൈർബാരിയിലെ അധികൃതരോട് വലിയ അനുസരണയും സ്നേഹവും രാജ പുലർത്തിയിരുന്നു. അവരുടെ വിളികൾക്ക് അവൻ പ്രതികരിച്ചിരുന്നത്രേ.

 

രാജയ്ക്കു മുൻപ് 19 കടുവകളെ ഖൈർബാരിയിലെത്തിച്ചിരുന്നു. സർക്കസ് കേന്ദ്രങ്ങളിൽ നിന്നു രക്ഷിച്ച കടുവകളായിരുന്നു ഇവയിൽ അധികവും. രാജയായിരുന്നു ഖൈർബാരിയിലെത്തിയ അവസാന കടുവ. ബഹുമാനാർഥമുള്ള ചടങ്ങുകളോടെയാണ് ഖൈർബാരിയിലെ അധികൃതർ രാജയ്ക്ക് അന്ത്യയാത്ര ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യയുടെ അഭിമാനം എന്നാണ് അനുശോചനം നേർന്നുള്ള ട്വീറ്റിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവ് രാജയെ വിശേഷിപ്പിച്ചത്.

 

English Summary: Raja, the oldest tiger in captivity at 25 years and 10 months, dies in West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com