മനുഷ്യരെ കൂട്ടിലിട്ട് മൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന മൃഗശാല; വേറിട്ട കാഴ്ച– വിഡിയോ
Mail This Article
സാധാരണഗതിയിൽ മൃഗശാലയിൽ ചെന്നാൽ കൂട്ടിൽ കിടക്കുന്ന മൃഗങ്ങളുടെ കാഴ്ചകളാകും നമ്മെ എതിരേൽക്കുക. എന്നാൽ ചൈനയിൽ ഒരു സവിശേഷമായ മൃഗശാലയുണ്ട്. ചൈനീസ് നഗരമായ ചോങ്ക്വിങ്ങിലുള്ള ലെഹെ ലെഡു മൃഗശാലയിലാണിത്. ഇവിടെ മനുഷ്യരെയാണ് കൂട്ടിലിടുന്നത്. മൃഗങ്ങൾ തങ്ങളുടെ നടത്തത്തിനും യാത്രകൾക്കുമിടെ ഈ കൂടിനടുത്തേക്ക് വരും. കൂട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന മനുഷ്യർക്ക് അപ്പോൾ ഈ മൃഗങ്ങളെ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും. സഫാരി പോകുന്ന ട്രക്കുകളിൽ വഹിക്കുന്ന കൂടുകളും ഇവിടെയുണ്ട്.
കടുവകളും സിംഹങ്ങളും കരടികളുമെല്ലാം ഈ മൃഗശാലയിലുണ്ട്. മനുഷ്യർ താൽക്കാലികമായി കഴിയുന്ന കൂടിനു സമീപം ധാരാളം മാംസം കെട്ടിത്തൂക്കിയിടാറും പതിവുണ്ട്. ഇതു കണ്ട് വന്യജീവികൾ കൂട്ടിനടുത്തേക്കു വരികയും ചിലത് കൂട്ടിനു മുകളിൽ വലിഞ്ഞുകയറുകയുമൊക്കെ ചെയ്യും. ഇത്തരത്തിൽ ഇവരെ കൂടുതൽ വ്യക്തമായും അടുത്തും സന്ദർശകർക്ക് കാണാൻ സാധിക്കുമെന്ന് മൃഗശാല അധികൃതർ പറയുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലാണ് ചോങ്ക്വിങ് സ്ഥിതി ചെയ്യുന്നത്. ബെയ്ജിങ്, ഷാങ്ഹായ്, ടിയാൻജിൻ എന്നീ നഗരങ്ങൾ കഴിഞ്ഞാൽ ചൈനീസ് ദേശീയ സർക്കാർ നേരിട്ടു ഭരണം നിയന്ത്രിക്കുന്ന നഗരവുമാണ് ചോങ്കിങ്.
ഇവിടുത്തെ വിമാനത്താവളമായ ചോങ്കിഖങ് ജിയങ്ബെ രാജ്യാന്തര വിമാനത്താവളം ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള അൻപത് വിമാനത്താവളങ്ങളിൽപെട്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ മോണോറെയിൽ പദ്ധതിയും ഇവിടെയാണുള്ളത്. വലിയ നഗരമേഖല എന്നതിനൊപ്പം തന്നെ പ്രകൃതിരമണീയമായ ഒരു മേഖലയെന്ന സവിശേഷതയും ചോങ്കിങ്ങിനുണ്ട്. വടക്ക് ഡാബ മലനിരകളും കിഴക്കും തെക്കുകിഴക്കുമായി വു, വൂലിങ് മലനിരകളും ഇവിടെയുണ്ട്. വിനോദസഞ്ചാരികളുടെ ഒരു പറുദീസ കൂടിയാണ് ചോങ്കിങ്. 2015ലാണ് ലെഹെ ലഡു മൃഗശാല പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇവിടെയെത്തുന്നവർക്ക് സഫാരി പോകാനുള്ള സൗകര്യങ്ങളും മൃഗശാല നൽകിയിട്ടുണ്ട്.
English Summary: Believe it or not, Humans are caged so that animals can roam freely in Lehe Ledu Wildlife Zoo of China!