ADVERTISEMENT

ഒട്ടേറെ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിറഞ്ഞു നില്‍ക്കുന്നതാണ് പല മനുഷ്യ സമൂഹങ്ങളും. ഇന്ത്യയിലായാലും ആഫ്രിക്കയിലായാലും ചൈനയിലേ, ബ്രസീലിലോ, ബ്രിട്ടനിലോ ആയാലും വായ്മൊഴിയായി കൈമാറി വന്ന പല കഥകളും ഇന്നും നമുക്കിടയില്‍ സജീവമാണ്. ഇതുവരെ കാണാത്ത സ്ഥലത്തെക്കുറിച്ചോ, ജീവികളെക്കുറിച്ചോ, മനുഷ്യരെക്കുറിച്ചോ ഒക്കെ നമ്മള്‍ അറിയുന്നതും അവയെ വിശ്വസിക്കുന്നതും ഈ കെട്ടുകഥകളിലൂടെ മാത്രമാണ്. അറ്റ്ലാന്‍റിസ് എന്ന പുരാതന നഗരവും യതി എന്ന ഹിമമനുഷ്യനും നമ്മുടെ നാട്ടിലേക്ക് വന്നാല്‍ യക്ഷികളും കുട്ടിച്ചാത്തനുമെല്ലാം ഇത്തരത്തില്‍ കെട്ടുകഥകളായി മാത്രം അവശേഷിക്കുന്നവയാണ്.

കാണാതായ ദ്വീപുകളിലേക്ക് വിരല്‍ ചൂണ്ടി ഭൂപടം

ബ്രിട്ടനിലെ ഏറ്റവും വലിയ കെട്ടുകഥകളില്‍ ഒന്നായിരുന്നു കടലിനടിയില്‍ മറഞ്ഞു പോയ രണ്ട്  ദ്വീപുകളില്‍ നിലനിന്നിരുന്ന കാൻഡ്റെർ ഗ്വാലഡ് എന്ന പുരാതന സാമ്ര്യാജ്യത്തിന്‍റെ ആസ്ഥാനം. ആധുനിക കാലത്ത് ഈ ദ്വീപുകള്‍ പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല ആധുനിക മാപ്പുകള്‍ ഉണ്ടായ കാലത്ത് ഈ ദ്വീപുകളെക്കുറിച്ച് രേഖപ്പെടുത്തുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ ഇതുവരെ കെട്ടുകഥയായി മാത്രം കരുതി വന്ന ഒരു സാമ്രാജ്യ തലസ്ഥാനമായിരുന്നു കാൻഡ്റെർ ഗ്വാലഡ്. എന്നാല്‍ എല്ലാകെട്ടുകഥകളും യാഥാർഥ്യമാകുന്നത് അത് ശാസ്ത്രീയമായി തെളിയിക്കപ്പെടുമ്പോഴാണ്.കാൻഡ്റെർ ഗ്വാലഡ് എന്ന ദ്വീപുണ്ടായിരുന്നുവെന്നും അത് ഒരു സാമ്രാജ്യ തലസ്ഥാനമായിരുന്നുവെന്നും ശാസ്ത്രീയമായി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്തരം ഒരു തലസ്ഥാനം നിലനിന്നിരിക്കാം എന്നതിന്‍റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു തെളിവാണ് ഗവേഷകർക്ക് ഇപ്പോള്‍ ലഭിച്ചത്.

മധ്യകാലഘട്ടത്തില്‍ നിന്നുള്ളതെന്ന് കരുതുന്ന ഭൂപടമാണ് ഇപ്പോള്‍ ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ബ്രിട്ടന്‍റെ രൂപം ഏറെക്കുറെ ശരിയായി തന്നെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഭൂപടമാണിത്. ഈ ഭൂപടത്തില്‍ തന്നെയാണ് കടലിനടയില്‍ ആണ്ടുപോയി എന്ന് വിശ്വസിക്കുന്ന രണ്ട് ദ്വീപുകളും രേഖപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലണ്ടിന്‍റെയും അയര്‍ലൻഡിന്‍റെയും രൂപത്തിലുള്ള കൃത്യത കൊണ്ട് തന്നെ ഈ ദ്വീപുകളും ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കേട്ടുകേള്‍വി കൊണ്ട് മാത്രമല്ല എന്ന വിശ്വാസത്തിലാണ് ഗവേഷകര്‍.

ഗോ മാപ്പ്

മധ്യകാലഘട്ടത്തില്‍ നിന്നുള്ള ബ്രിട്ടന്റെ ഏറ്റവും പ്രശസ്തമായ മാപ്പാണ് ഇപ്പോള്‍ ഗവേഷകര്‍ പഠനവിധേയമാക്കുന്നത്. ഗോ മാപ്പ് എന്ന് പേരുള്ള ഈ മാപ്പിന്‍റെ അടിസ്ഥാനത്തില്‍ പഠനങ്ങളുമായി മുന്നോട്ട് പോകുന്നത് ഓക്സഫര്‍ഡ്, സാന്‍സിയ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരാണ്. ആരാണ് ഈ മാപ്പ് നിര്‍മിച്ചതെന്നോ, ഏത് രീതിയിലാണ് മാപ്പിന് ആവശ്യമായ വിവരശേഖരണം നടന്നതെന്നോയുള്ള കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തമല്ല. ഏകദേശം 13-14 നൂറ്റാണ്ടുകള്‍ക്ക് ഇടയിലായാണ് ഈ മാപ്പിന് രൂപം നല്‍കിയതെന്നാണ് കണക്കാക്കുന്നത്. അന്നത്തെ ലഭ്യമായ സൗകര്യങ്ങളും ഉപകരണങ്ങളും വച്ചു നോക്കിയാല്‍ ഗോ ഭൂപടത്തിന്‍റെ കൃത്യത അദ്ഭുതപ്പെടുത്തുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.

റോമന്‍ ഭൂപട വിദഗ്ധനായിരുന്ന ടോളമി തയാറാക്കിയ രേഖകളും ബ്രിട്ടന് സമീപമുള്ള ഈ ദ്വീപുകളുടെ സാന്നിധ്യം തെളിയിക്കുന്നുണ്ട്. ടോളമിയുടെ കണക്കുകള്‍ അനുസരിച്ച് ബ്രിട്ടിഷ് കരമേഖലയില്‍ നിന്ന് ഏതാണ്ട് 12 കിലോമീറ്റര്‍ മാറിയാണ് കാൻഡ്റെർ ഗ്വാലഡിന്റെ ആസ്ഥാനമായിരുന്നു എന്നു കരുതുന്ന ദ്വീപുകളെ രേഖപ്പെടുത്തിയിട്ടുള്ളത്. പുരാതന കാലത്ത് വെല്‍ഷ് ഭാഷ സംസാരിച്ചിരുന്ന ആളുകളുടെ സാമ്രാജ്യമാണ് കാൻഡ്റെർ ഗ്വാലഡ്. ഇതൊരു സാമ്രാജ്യമായിരുന്നോ അതോ ഒരു സമൂഹം മാത്രമായിരുന്നോ എന്നതിലാണ് ശാസ്ത്രലോകത്തിന്‍റെ വ്യാഖ്യാനവും കെട്ടുകഥകളും തമ്മില്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നത്.

ബുക്ക് ഓഫ് കര്‍മാർത്തന്‍

ബ്രിട്ടിഷ് മേഖലയിലെ പുരാതന ഭാഷയായ വേല്‍ഷ് ഭാഷയില്‍ എഴുതിയിട്ടുള്ളതും ഇന്ന് അവശേഷിക്കുന്നതുമായ ഒരേ ഒരു പുസ്തകമാണ് ബ്ലാക്ക് ബുക്ക് ഓഫ് കര്‍മാർത്തന്‍. ബുക്ക് ഓഫ് കര്‍മാറത്തനിലും വെല്‍ഷ് സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന രണ്ട് ദ്വീപുകളെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ ബുക്കിലെ പരാമര്‍ശങ്ങളും, ടോളമിയുടെ കണക്കുകളും തമ്മിലും ഒട്ടേറെ സാമ്യങ്ങളുണ്ടെന്നും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. മധ്യകാലഘട്ടം വരെ മഹത്തായ പാരമ്പര്യമുള്ള സാമ്രാജ്യം എന്ന രീതിയില്‍ പാട്ടുകളിലും കഥകളിലുമെല്ലാം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ് വേല്‍ഷ് സാമ്രാജ്യം. പക്ഷേ അന്നു പോലും ഈ സാമ്രാജ്യം നിലനിന്നിരുന്നു എന്നതിനുള്ള വ്യക്തമാ തെളിവുകള്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

പല പതിറ്റാണ്ടുകളോളം ഈ സാമ്രാജ്യം നിലനിന്നിരുന്നതായി കഥകളും പാട്ടുകളും പറയുന്നു. 16 നഗരങ്ങളോളം ഉള്‍പ്പെട്ട സാമ്രാജ്യമായിരുന്നുകാൻഡ്റെർ ഗ്വാലഡ് എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാനാകുന്നത്. ഈ സാമ്രാജ്യത്തിലെ ഏറ്റവും മഹാനായ ഭരണാധികാരിയായി പറയപ്പെടുന്ന ഗൗഡനോ ഗരണ്‍ഹീര്‍ എന്ന രാജാവിനെയാണ്. അതേ സമയം ഈ സാമ്രാജ്യത്തിന്റെ ആസ്ഥാനത്തെക്കുറിച്ചോ, ഭരണത്തെക്കുറിച്ചോ തെളിവുകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ഈ സാമ്രാജ്യം നിലനിന്നിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെയാണ് ഈ സാമ്രാജ്യം ഇന്നും ഒരു കെട്ടുകഥയായി മാത്രം തുടരുന്നതും. 

ഏതായാലും മധ്യകാലഘട്ടത്തിലെ മാപ്പില്‍ നിന്ന് ലഭിച്ച പുതിയ കണ്ടെത്തല്‍ മറ്റ് തുടര്‍പഠനങ്ങളിലേക്ക് നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇത്തരം ഒരു സാമ്രാജ്യത്തെക്കുറിച്ചും അത് നിലനിന്നിരുന്ന ദ്വീപിനെക്കുറിച്ചും അറിയാന്‍ കടലിന്‍റെ അടിത്തട്ടിലേക്ക് പഠനങ്ങള്‍ വ്യാപിപ്പിക്കേണ്ടി വരും. കേട്ടുകേള്‍വിയുടെയും മധ്യകാലഘട്ടത്തിന് മുന്‍പുള്ള ഏതാനും രേഖകളുടെയും അടിസ്ഥാനത്തില്‍ ഈ പഠനത്തിന് പണം മുടക്കാന്‍ ആരെങ്കിലും തയാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. 

English Summary: Hints Of "Welsh Atlantis" Sunken Kingdom Seen On Medieval Map

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com