ADVERTISEMENT

മെക്സിക്കോ തീരത്തടിഞ്ഞത് ജീവനുള്ള ഓർ മത്സ്യം. മാസങ്ങളുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് മെക്സിക്കോ തീരത്ത് ഓർ മത്സ്യങ്ങളെത്തുന്നത്.  മെക്സിക്കോയിലെ സിനലോവ തീരത്തു നിന്നാണ് മത്സ്യത്തൊഴിലാളികൾ ഓർ മത്സ്യത്തെ കണ്ടെത്തിയത്. ഇതിനെ ജീവനോടെ ട്രെക്കിനു പിന്നിൽ കിടത്തിയിരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മത്സ്യം വാലിട്ടടിക്കുന്നത് ശ്വാസമെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ് . സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നു മാറിയാൽ ഇവയ്ക്ക് അധികസമയം ജീവൻ നിലനിർത്താനാവില്ല. ഈ മത്സ്ത്തിന്റെ വരവ് ദുരന്ത സൂചനയാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. 

വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയായിട്ടാണ് ഇവിടുത്തുകാർ ഓർ മത്സ്യത്തിന്റെ വരവിനെ കാണുന്നത്. കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്. എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇവ തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം.

 

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്.ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവ് ഈ മത്സ്യങ്ങൾക്കുണ്ട്. സാധാരണയായി ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങൾക്കു മുന്നോടിയായി ഓർമത്സ്യങ്ങൾ തീരത്തടിയുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

 

പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്.  സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്. വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്. ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഓർ മത്സ്യങ്ങളിൽ തന്നെ മൂന്നു വിഭാഗമുണ്ട്. അതിൽ ഏറ്റവും വലുതാണ് ജപ്പാൻകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഴക്കടലിൽ വസിക്കുന്ന ഇവ തീരത്തെത്തുന്നതും അപൂർവമാണ്. ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓർ മത്സ്യങ്ങൾ തീരത്തടിയാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.

 

 

English Summary: Oarfish Considered A 'Bad Omen' By Locals Found A Second Time Off The Coast Of Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com