‘ബോംബ് സൈക്ലോണിൽ’ തണുത്തു വിറച്ച് യുഎസ്; കാലാവസ്ഥാ മുന്നറിയിപ്പ്
Mail This Article
മൂന്നുപതിറ്റാണ്ടിനിടയിലെ അതിശൈത്യത്തിന്‍റെ പിടിയിലമര്‍ന്ന് യുഎസ്. ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും മൂലം 5300ല്‍അധികം വിമാനങ്ങള്‍ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യുഎസിലെ പല നഗരങ്ങളും താപനില മൈനസ് 9ലും താഴെയാണ്. ഫ്ലോറിഡയിലും ടെക്സസിലുമാണ് സ്ഥിതി അങ്ങേയറ്റം രൂക്ഷം. കാഴ്ചാപരിമതി പൂജ്യമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ദുരിതം നേരിടുന്ന 135 മില്യണ്‍ ജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെന്‍റക്കിയിലും ന്യൂയോര്‍ക്കിലും സൗത്ത് കരലൈനയിലും കാലാവസ്ഥ അടിയന്തരാവസ്ഥയും വിസ്കോസിനില്‍ ഊര്‍ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. നിലവില്‍ കോവിഡ് കുതിച്ചുയരുന്ന യുഎസില്‍ കൊടുതണുപ്പ് കൂടിയായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റി. കാനഡയിലും ഇംഗ്ലണ്ടിലും ഏറെക്കുറെ സമാനമാണ് സ്ഥിതി. കാലാവസ്ഥാ വ്യതിയാനായമുണ്ടാക്കിയ മാറ്റങ്ങള്‍ കാരണം വടക്കേ അമേരിക്കയും യൂറോപ്പും കിഴക്കന്‍ ഏഷ്യയും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കഠിനവും ദീര്‍ഘവുമായ ശൈത്യകാലത്തിലൂടെയാണ് കടന്നു പോകുന്നത്.
യുഎസിന്റെ കിഴക്കൻ മേഖലയിലാണ് കനത്ത ശീതക്കാറ്റ് ആഞ്ഞടിക്കുന്നത്. മേഖലയിൽ വലിയ മഞ്ഞുവീഴ്ചയ്ക്കും പ്രതിഭാസം വഴിയൊരുക്കി. ശീതതരംഗം മൂലം ഉടലെടുത്ത കുറഞ്ഞ താപനില മൈനസ് 9 ഡിഗ്രിയിലും താഴെയാണ്. കൊടുങ്കാറ്റിനെ ബോംബ് സൈക്ലോൺ എന്ന വിഭാഗത്തിലാണു ശാസ്ത്രജ്ഞർ പെടുത്തിയിരിക്കുന്നത്. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നു ശരത്കാലത്ത് ഉദ്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റിനെയും പേമാരിയെയുമാണ് ബോംബ് സൈക്ലോൺ എന്നുവിളിക്കുന്നത്.1979 മുതൽ 2019 വരെയുള്ള 40 വർഷ കാലയളവിൽ യുഎസിൽ സംഭവിച്ച കൊടുങ്കാറ്റുകളിൽ ഏകദേശം 7 ശതമാനവും ബോംബ് സൈക്ലോണുകളാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.
ടെംപറേറ്റ് മേഖലകളിലാണ് ബോംബ് സൈക്ലോൺ ഉദ്ഭവിക്കുന്നത്.മറ്റുള്ള കൊടുങ്കാറ്റുകളെപ്പോലെയല്ല, അതീവ വേഗത്തിലാണ് ഇവ ശക്തി പ്രാപിക്കുന്നത്. ഈ ഒരു സവിശേഷത തന്നെയാണ് ഇവയെ അത്യന്തം അപകടകാരികളാക്കുന്നതും. ഇവയുടെ കേന്ദ്രഭാഗത്തെ വായുസമ്മർദം ത്വരിതഗതിയിൽ കുറയുകയും ചെയ്യും. ‘ബോംബോജനസിസ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് ഇവയുടെ തീവ്രതയുടെ മൂലകാരണം. കേന്ദ്രഭാഗത്തെ വായുസമ്മർദം വീഴുന്നതിനനുസരിച്ച് ചുറ്റുമുള്ള കാറ്റ് വിസ്ഫോടനാത്മകമായ വേഗം കൈവരിക്കും.കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോൺ ഗ്യാക്കുമാണ് 1980ൽ ഇവയുടെ സവിശേഷതകളെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയതും ഇവയ്ക്കു ബോംബ് സൈക്ലോണുകൾ എന്ന പേരു നൽകിയതും.
English Summary: Winter storms hit US; effects of ‘bomb cyclone’ in 10 points